ഏഴാം തലമുറ ബിഎംഡബ്ല്യു 3 സീരീസ് ഇന്ത്യയില്‍

ഏഴാം തലമുറ ബിഎംഡബ്ല്യു 3 സീരീസ് ഇന്ത്യയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 41.40 ലക്ഷം മുതല്‍ 47.90 ലക്ഷം രൂപ വരെ

2019 മോഡല്‍ ബിഎംഡബ്ല്യു 3 സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് ഡീസല്‍ വേരിയന്റുകളും ഒരു പെട്രോള്‍ വേരിയന്റും ഉള്‍പ്പെടെ ആകെ മൂന്ന് വേരിയന്റുകളില്‍ ജനപ്രിയ ആഡംബര സെഡാന്‍ ലഭിക്കും. 320ഡി സ്‌പോര്‍ട്ട് വേരിയന്റിന് 41.40 ലക്ഷം രൂപയും 320ഡി ലക്ഷ്വറി ലൈന്‍ വേരിയന്റിന് 46.90 ലക്ഷം രൂപയും 330ഐ എം സ്‌പോര്‍ട്ട് വേരിയന്റിന് 47.90 ലക്ഷം രൂപയുമാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. ഗുരുഗ്രാമില്‍ നടന്ന ചടങ്ങില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് & സിഇഒ രുദ്രതേജ് സിംഗാണ് പുതിയ 3 സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. മെഴ്‌സേഡസ് ബെന്‍സ് സി-ക്ലാസ്, ഔഡി എ4, ജാഗ്വാര്‍ എക്‌സ്ഇ എന്നിവയാണ് പ്രധാന എതിരാളികള്‍.

ജി20 എന്ന കോഡ് നാമത്തിലാണ് ഏഴാം തലമുറ ബിഎംഡബ്ല്യു 3 സീരീസ് നിര്‍മ്മിച്ചത്. 5 സീരീസ്, 7 സീരീസ് മോഡലുകള്‍ നിര്‍മ്മിച്ച അതേ ക്ലസ്റ്റര്‍ ആര്‍ക്കിടെക്ച്ചര്‍ (ക്ലാര്‍) പ്ലാറ്റ്‌ഫോമാണ് പുതു തലമുറ 3 സീരീസ് അടിസ്ഥാനമാക്കിയിരിക്കുന്നത്. എഫ്30 എന്ന ആറാം തലമുറ 3 സീരീസിനേക്കാള്‍ വലുപ്പം കൂടിയവനാണ് ഏഴാം തലമുറക്കാരന്‍. അതേസമയം ഭാരം ഏതാണ്ട് 55 കിലോഗ്രാം കുറഞ്ഞിരിക്കുന്നു.

സ്‌റ്റൈലിംഗ് പരിശോധിക്കുമ്പോള്‍, എഫ്30 മോഡലിന്റെ ഏകദേശ രൂപം നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ജി20 മോഡലില്‍ ധാരാളം മെച്ചപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു. മുമ്പുണ്ടായിരുന്ന വൃത്താകൃതിയുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് പകരം ഇപ്പോള്‍ ‘യു’ ആകൃതിയുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ നല്‍കി. കിഡ്‌നി ഗ്രില്‍ ഇപ്പോള്‍ കൂടുതല്‍ വലുപ്പമുള്ളതാണ്. പിറകില്‍ ‘എല്‍’ ആകൃതിയുള്ള ടെയ്ല്‍ലാംപുകള്‍ കാണാം.

പുതിയ ബിഎംഡബ്ല്യു എക്‌സ്5, എക്‌സ്7 എസ്‌യുവികളില്‍ കണ്ടതിനു സമാനമായ പുതിയ ലേഔട്ടിലുള്ളതാണ് ഇന്റീരിയര്‍. എന്നാല്‍ കാറിനകത്തെ സ്ഥലസൗകര്യം പരിഗണിക്കുമ്പോള്‍, വിപണി വിടുന്ന മോഡലും പുതിയ മോഡലും സമാനമാണ്. അതേസമയം കാബിന്‍ ഇപ്പോള്‍ കൂടുതല്‍ പ്രായോഗികത ഉള്ളതാണെന്ന് പറയാം. 40:20:40 അനുപാതത്തിലുള്ള പിന്‍ സീറ്റുകള്‍ ഇപ്പോള്‍ സ്റ്റാന്‍ഡേഡായി സ്പ്ലിറ്റ് ചെയ്യാന്‍ കഴിയും. അതുകൊണ്ടുതന്നെ വാഹനത്തിനകത്ത് കൂടുതല്‍ സ്‌റ്റോറേജ് സ്ഥലം ലഭിക്കും.

320ഡി സ്‌പോര്‍ട്ട് വേരിയന്റില്‍ 8.8 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനാണ് നല്‍കിയതെങ്കില്‍ 320ഡി ലക്ഷ്വറി ലൈന്‍, 330ഐ എം സ്‌പോര്‍ട്ട് വേരിയന്റുകള്‍ക്ക് ലഭിച്ചത് 10.25 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ്. റോട്ടറി ഡയല്‍, ടച്ച്പാഡ്, ടച്ച്‌സ്‌ക്രീന്‍, വോയ്‌സ് കമാന്‍ഡുകള്‍, ആംഗ്യങ്ങള്‍ എന്നിവയിലൂടെ ബിഎംഡബ്ല്യു ഐഡ്രൈവ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ നിയന്ത്രിക്കാം. എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ & ടെയ്ല്‍ലൈറ്റുകള്‍, 3 സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് സണ്‍റൂഫ്, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍, പാര്‍ക്കിംഗ് കാമറ എന്നിവയും പുതിയ ബിഎംഡബ്ല്യു 3 സീരീസിന്റെ സവിശേഷതകളാണ്.

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് പുതിയ ബിഎംഡബ്ല്യു 3 സീരീസിന്റെ എന്‍ജിന്‍ ഓപ്ഷനുകള്‍. 330ഐ പെട്രോള്‍ എന്‍ജിന്‍ 258 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അതേസമയം 320ഡി ഡീസല്‍ എന്‍ജിന്‍ പുറത്തെടുക്കുന്നത് 190 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമാണ്. രണ്ട് എന്‍ജിനുകളുമായും 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു.

Categories: Auto
Tags: BMW 3 series