ഒരു വര്‍ഷത്തിനിടെ അടച്ചത് 5500 എടിഎമ്മുകളും 600 ബ്രാഞ്ചുകളും

ഒരു വര്‍ഷത്തിനിടെ അടച്ചത് 5500 എടിഎമ്മുകളും 600 ബ്രാഞ്ചുകളും

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഒരുവര്‍ഷത്തിനിടെ 5500ഓളം എടിഎമ്മുകളും 600ല്‍ അധികം ബ്രാഞ്ചുകളും അടച്ചുപൂട്ടിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചെലവിടല്‍ കുറയ്ക്കുന്നതിനും മൂലധന പര്യാപ്തത ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ബാങ്കുകള്‍ ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. വായ്പാ വളര്‍ച്ച പരിമിതപ്പെട്ടതും നിഷ്‌ക്രിയാസ്തികളിലുണ്ടായ വര്‍ധനയും ബാങ്കുകളെ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ പരമാവധി വെട്ടിക്കുറച്ച് ഡിജിറ്റല്‍വത്കരണത്തിലേക്ക് നീങ്ങാന്‍ പ്രേരണയാകുന്നുണ്ട്.

2018 ജൂണിനും 2019 ജൂണിനും ഇടയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 768 എടിഎമ്മുകളും 420 ബ്രാഞ്ചുകളും അടച്ചു. ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ ലയന ശേഷമുള്ള സംരംഭം 40 ബ്രാഞ്ചുകളുടെയും 274 എടിഎമ്മുകളുടെയും പ്രവര്‍ത്തനമാണ് അവസാനിപ്പിച്ചിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക്, അലഹബാദ് ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയും ഇക്കാലയളവില്‍ എടിഎമ്മുകളോ ബ്രാഞ്ചുകളോ അടച്ചുപൂട്ടിയിട്ടുണ്ട്.

ഇന്ത്യന്‍ ബാങ്ക് മാത്രമാണ് ഇക്കാലയളവില്‍ എടിഎമ്മുകളുടെയും ബ്രാഞ്ചുകളുടെയും എണ്ണം വര്‍ധിപ്പിച്ചിട്ടുള്ള പ്രമുഖ ബാങ്ക്. നഗരങ്ങളിലെ എടിഎമ്മുകളും ബ്രാഞ്ചുകളുമാണ് അടച്ചുപൂട്ടിയിട്ടുള്ളതെന്നാണ് ബാങ്കുകള്‍ വ്യക്തമാക്കുന്നത്. ലയനങ്ങള്‍ മൂലവും കൂടുതല്‍ പേര്‍ക്ക് ഡിജിറ്റല്‍ പണമിടപാട് സുഗമമാകുന്നതിനാലുമാണ് നഗരങ്ങളില്‍ ഈ വെട്ടിച്ചുരുക്കല്‍ നടക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പ്രധാന സ്വകാര്യ ബാങ്കുകളെല്ലാം എടിഎമ്മുകളും ബ്രാഞ്ചുകളും ഇക്കാലയളവില്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.

Comments

comments

Categories: FK News
Tags: ATM, Banks