‘ചന്ദ്ര’ ടച്ചില്‍ വളര്‍ച്ചയുടെ പുതുട്രാക്കിലേക്ക് ടാറ്റ…

‘ചന്ദ്ര’ ടച്ചില്‍ വളര്‍ച്ചയുടെ പുതുട്രാക്കിലേക്ക് ടാറ്റ…

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള വിവിധ ബിസിനസുകള്‍ ഗ്രൂപ്പിന്റെ വളര്‍ച്ചയിലേക്ക് നല്‍കുന്ന സംഭാവന കൂട്ടുന്ന പദ്ധതികളാണ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ആസൂത്രണം ചെയ്യുന്നത്. ടിസിഎസിന് മേലുള്ള അമിതാശ്രയം കുറയ്ക്കുകയെന്ന തന്ത്രപരമായ പദ്ധതിയാണ് ചന്ദ്രയുടെ മനസില്‍

  • എന്‍ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സ് ചെയര്‍മാനായി ചുമതലയേറ്റത് 2017 ഫെബ്രുവരി 21ന്
  • പാര്‍സി കുടുംബത്തിന് പുറത്തുനിന്ന് ടാറ്റയുടെ അമരത്തെത്തുന്ന ആദ്യ വ്യക്തിയാണ് ചന്ദ്ര
  • തന്ത്രപരമായ ഇടപെടലുകളിലൂടെ ടാറ്റ സണ്‍സിന്റെ മൂല്യമുയര്‍ത്താന്‍ ശ്രമം
  • ഗ്രൂപ്പിലെ പ്രധാന കമ്പനിയായ ടിസിഎസിന്റെ മുന്‍ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായിരുന്നു ചന്ദ്രശേഖരന്‍

110 ബില്യണ്‍ ഡോളര്‍ ഗ്രൂപ്പാണ് ടാറ്റ. ഇന്ത്യയുടെ ബിസിനസ് പരിണാമത്തിന്റെ തന്നെ ഭാഗമായ ടാറ്റയെന്ന വലിയ ബ്രാന്‍ഡിന് കീഴിലുള്ളതാകട്ടെ ഉപ്പ് തൊട്ട് സോഫ്റ്റ്‌വെയര്‍ വരെയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍. എന്നാല്‍ എല്ലാ മേഖലകളിലെയും കമ്പനികള്‍ ടാറ്റ സണ്‍സിന്റെ വരുമാനത്തിലേക്ക് സംഭാവന ചെയ്യുന്നത് ഒരുപോലെയല്ല. ഈ രീതിക്ക് മാറ്റം വരുത്താനുള്ള പദ്ധിതകള്‍ ആവിഷ്‌കരിക്കുകയാണ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനെന്ന ചന്ദ്ര.

ഗ്രൂപ്പ് സജീവമായ 10 മേഖലകളിലെ അഞ്ച് എണ്ണമെങ്കിലും ടാറ്റ ഗ്രൂപ്പിന്റെ ലാഭത്തിലേക്ക് 10-15 ശതമാനം സംഭാവന ചെയ്യണമെന്ന ലക്ഷ്യവുമായാണ് പദ്ധതികള്‍. നിലവില്‍ സോഫ്റ്റ്‌വെയര്‍ ഭീമനായ ടിസിഎസാണ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) ടാറ്റ ഗ്രൂപ്പിന്റെ ലാഭത്തിലേക്ക് മുഖ്യപങ്കും സംഭാവന ചെയ്യുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പോലുള്ള കമ്പനികള്‍ കടം കുറയ്ക്കാനുള്ള ശ്രമത്തിലാണ്. ആസ്തികളോ ഓഹരികളോ വില്‍ക്കുന്ന പ്രക്രിയകളും കോര്‍പ്പറേറ്റ് രംഗത്ത് സജീവമാണ്. ടെലികോം പോലുള്ള വ്യവസായങ്ങള്‍ അതിദുര്‍ഘടമായ പാതയിലൂടെ കടന്നുപോകുമ്പോള്‍ ബുദ്ധിപരമായ നീക്കങ്ങളാണ് വന്‍ഗ്രൂപ്പുകള്‍ നടത്തുന്നത്. ഇത് പിന്‍പറ്റിയാണ് റീറ്റെയ്ല്‍ ടെലികോം ബിസിനസില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം നേരത്തെ ടാറ്റ എടുത്തത്.

ടാറ്റ ഗ്രൂപ്പിന്റെ മൊത്തം കടം 1.7 ലക്ഷം കോടി രൂപയാണ്. കട ബാധ്യത കൂട്ടിയതില്‍ പ്രധാന പങ്കുള്ളത് ടാറ്റ സ്റ്റീല്‍, ടാറ്റ പവര്‍, ടാറ്റ മോട്ടോഴ്‌സ് എന്നീ മൂന്ന് കമ്പനികള്‍ക്കാണ്. ടെലികോം ഒഴിച്ചുനിര്‍ത്തിയുള്ള ബിസിനസുകള്‍ക്കായി ഏകദേശം 22,000 കോടി രൂപയുടെ പുനര്‍മൂലധനമാണ് ടാറ്റ സണ്‍സില്‍ നിന്നെത്തിയിരിക്കുന്നത്. ബിസിനസ് വളര്‍ച്ചയുടെ ലക്ഷ്ണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ടാറ്റ മോട്ടോഴ്‌സ് ഉള്‍പ്പടെയുള്ള മൂന്ന് കമ്പനികള്‍ക്കും അവരുടെ കടബാധ്യത സ്വയം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിശ്വാസം. 10 ബിസിനസ് മേഖലകളില്‍ അഞ്ചെണ്ണമെങ്കിലും ഗ്രൂപ്പിന്റെ ലാഭത്തിലേക്ക് 10-15 ശതമാനം സംഭാവന നല്‍കാന്‍ കഴിയുന്ന രീതിയിലുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ധനകാര്യ സേവനങ്ങള്‍, റീട്ടെയ്ല്‍ തുടങ്ങിയവയിലാണ് ചന്ദ്ര പ്രതീക്ഷയര്‍പ്പിക്കുന്നത്. സോഫ്റ്റ് വെയര്‍ രംഗത്ത് ഗംഭീര പ്രകടനം കാഴ്ച്ചവെക്കുന്ന ടിസിഎസിന്റെ 72 ശതമാനം ഓഹരിവിഹിതവും ടാറ്റ സണ്‍സിനാണ്. ഗ്രൂപ്പിന്റെ മൊത്തം ലാഭത്തിലേക്ക് 75 ശതമാനം സംഭാവന ചെയ്യുന്നതും ടിസിഎസ് തന്നെ. 2019 സാമ്പത്തിക വര്‍ഷത്തില്‍ 30,065 കോടി രൂപയുടെ അറ്റാദായമാണ് ടിസിഎസ് രേഖപ്പെടുത്തിയത്.

ഡിജിറ്റല്‍ രംഗത്തും ഒരു കൈ നോക്കും

ടാറ്റ ഡിജിറ്റല്‍ എന്ന പേരില്‍ പുതിയൊരു സംരംഭത്തിനും ടാറ്റ സണ്‍സ് തുടക്കമിട്ടുകഴിഞ്ഞു. ഇതിലേക്ക് 1,000 കോടി രൂപയാണ് ടാറ്റ സണ്‍സ് നിക്ഷേപിച്ചിരിക്കുന്നത്. ബിസിനസ് റ്റു ബിസിനസ്, ബിസിനസ് റ്റു കസ്റ്റമേഴ്‌സ്, ബിസിനസ് റ്റു ബിസിനസ് റ്റു കസ്റ്റമേഴ്‌സ് തുടങ്ങിയ മാതൃകകളില്‍ നിരവധി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങാനാണ് ഈ സംരംഭം ഉദ്ദേശിക്കുന്നത്.

ടാറ്റാ ഗ്രൂപ്പിന്റെ 150 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി പാര്‍സി വിഭാഗത്തിനു പുറത്തു നിന്നൊരാള്‍ ചെയര്‍മാനാകുന്നത് ചന്ദ്രയിലൂടെയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഴിവിലും ദീര്‍ഘദര്‍ശിത്വത്തിലും വലിയ പ്രതീക്ഷയാണ് രത്തന്‍ ടാറ്റയക്കുള്ളത്. വളരെ നിര്‍ണായകമായ ബിസിനസ് സാഹചര്യത്തിലായിരുന്നു അദ്ദേഹം ഇന്ത്യയുടെ വികസന ചരിത്രത്തിന്റെ കൂടി ഭാഗമായ ടാറ്റ സണ്‍സിന്റെ സാരഥ്യം ഏറ്റെടുത്തത്. 2017 ഫെബ്രുവരി 21നായിരുന്നു ഇന്ത്യയുടെ സംരംഭക നേതാക്കളില്‍ പ്രമുഖനായ രത്തന്‍ ടാറ്റയുടെ സാമ്രാജ്യത്തിന്റെ കടിഞ്ഞാണ്‍ ചന്ദ്ര ഏറ്റെടുത്തത്.

2016 ഒക്‌റ്റോബര്‍ 24ന്, ചെയര്‍മാന്‍ സ്ഥാനത്തുണ്ടായിരുന്ന സൈറസ് മിസ്ട്രിയെ പുറത്താക്കിയതിനു ശേഷമുള്ള സുപ്രധാനതീരുമാനത്തിലൂടെയാണ് ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ പദവിയിലേക്കെത്തിയത്. ഇന്ത്യ കണ്ട വലിയ കോര്‍പ്പറേറ്റ് യുദ്ധത്തിലേക്കാണ് മിസ്ട്രിയുടെ പുറത്താക്കല്‍ എത്തിയത്. ഗ്രൂപ്പിനെ നയിക്കാന്‍ ടാറ്റാ കുടുംബത്തിനു പുറത്തു നിന്ന് അവസരം ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയെന്ന നിലയിലാണ് ചന്ദ്ര പുതു ഇന്നിംഗ്‌സ് തുടങ്ങിയത്.

ടാറ്റ ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ, ഇന്ത്യന്‍ ഐടി രംഗത്തെ കരുത്തുറ്റ സാന്നിധ്യമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്)സിന്റെ മാനേജിംഗ് ഡയറക്റ്റര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവികളില്‍ അതിഗംഭീര പ്രകടനം കാഴ്ച്ചവെച്ച ശേഷമാണ് ചന്ദ്ര ടാറ്റ സണ്‍സിന്റെ അധിപനായത്. ഏകദേശ് ആറ് ട്രില്ല്യണ്‍ രൂപയ്ക്കടുത്ത് വിപണിമൂല്യമുള്ള കമ്പനിയായി ടിസിഎസിനെ എത്തിച്ചതില്‍ ചന്ദ്രയ്ക്ക് വലിയ പങ്കുണ്ട്. 2018ല്‍ ടാറ്റയുടെ മൊത്തം വിപണി മൂല്യം 10 ട്രില്യണ്‍ ഡോളര്‍ കടന്നതും ശ്രദ്ധേയമായി.

100 ബില്ല്യണ്‍ ഡോളര്‍ ക്ലബ്ബിലെത്തുന്ന ആദ്യ ഐടി കമ്പനിയെന്ന നേട്ടം കരസ്ഥമാക്കാനും ടിസിഎസിന് സാധിച്ചിരുന്നു.

ഗ്രൂപ്പിന്റെ ഭാഗമായ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അടിത്തറ വിപുലപ്പെടുത്തുന്നതിനുമായി 70,000 കോടി രൂപ ചെലവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗ്രൂപ്പ് കമ്പനികളിലുള്ള ടാറ്റ സണ്‍സിന്റെ നിക്ഷേപം 10 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ഗ്രൂപ്പ് കമ്പനികളിലെ മൂലധന പുനസംഘടന ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നാണ് വിവരം. വളര്‍ച്ചയുടെ ട്രാക്കിലേക്ക് കമ്പനികളെ ചന്ദ്ര എത്തിക്കുന്നതായാണ് വിഷയവുമായി ബന്ധപ്പെട്ടവര്‍ പ്രതികരിക്കുന്നത്. ഇതുവരെയുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് മികവുറ്റ മല്‍സരക്ഷമതയോടെ വിപണിയില്‍ പോരാടാന്‍ കമ്പനികളെ പ്രാപ്തരാക്കുകയെന്നതാണ് നയം.

വാള്‍മാര്‍ട്ടുമായും സഖ്യം?

ലോകത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനി വാള്‍മാര്‍ട്ടുമായി പങ്കാളിത്ത ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ടാറ്റയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാഷ് ആന്‍ഡ് കാരി സ്‌റ്റോറുകള്‍ക്കായാണ് പങ്കാളിത്തശ്രമം. ഇന്ത്യയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന വാള്‍മാര്‍ട്ടിനും ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് സംരംഭമായ ഫഌപ്കാര്‍ട്ടില്‍ 16 ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കി 77 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു വാള്‍മാര്‍ട്ട്. അതിന് ശേഷമുള്ള പ്രധാന മുന്നേറ്റമായിരിക്കും ടാറ്റയുമായുള്ള പങ്കാളിത്തം യാഥാര്‍ത്ഥ്യമായാല്‍ സംഭവിക്കുക. ബെസ്റ്റ് പ്രൈസ് ബ്രാന്‍ഡില്‍ 26 കാഷ് ആന്‍ഡ് കാരി സ്റ്റോറുകള്‍ നിലവില്‍ വാള്‍മാര്‍ട്ടിന് ഇന്ത്യയിലുണ്ട്. സമൂഹം ബഹുമാനിക്കുന്ന, കേന്ദ്ര സര്‍ക്കാരിന്റെ നയപരിപാടികളില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ഒരു പങ്കാളിയെയാണ് വാള്‍മാര്‍ട്ട് ഇന്ത്യയില്‍ നോക്കുന്നത്. ടാറ്റയില്‍ അവര്‍ക്കത് കണ്ടെത്താനായേക്കുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: FK News
Tags: Tata

Related Articles