ടേബിള്‍സിലൂടെ ഇന്ത്യക്കാരുടെ അഭിമാനമായി യൂസഫലിയുടെ മകള്‍

ടേബിള്‍സിലൂടെ ഇന്ത്യക്കാരുടെ അഭിമാനമായി യൂസഫലിയുടെ മകള്‍

പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് പിന്നിലെ വനിത വ്യവസായികളുടെ പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യം

അബുദാബി: പശ്ചിമേഷ്യയിലെ മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നിലുള്ള വനിത വ്യവസായികളുടെ പട്ടികയില്‍ ടേബിള്‍സ് സിഇഒയും ചെയര്‍പേഴ്‌സണും എം എ യൂസഫലിയുടെ മകളുമായ ഷഫീന യൂസഫലി ഇടം നേടി. പട്ടികയില്‍ ഇടം നേടുന്ന ഏക ഇന്ത്യക്കാരിയെന്ന നേട്ടവും ഷഫീനയ്ക്കാണ്.

പശ്ചിമേഷ്യന്‍ വ്യവസായ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച 60 വനിതകളാണ് ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഫാഷന്‍ സംരംഭമായ ‘ദ മോഡസ്റ്റ്’ സ്ഥാപക ഗിസ്ലാന്‍ ഗുവനസ്, ഡിസൈനറായ റീം അക്ര, ഹുദ കട്ടന്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ പ്രമുഖര്‍. കടുത്ത മത്സരം നിലനില്‍ക്കുന്ന വ്യവസായലോകത്ത് വിജയകരമായി കമ്പനികള്‍ നടത്തിക്കൊണ്ട് പോകുകയും ബ്രാന്‍ഡുകളെ വളര്‍ച്ചയിലേക്ക് കൈ പിടിച്ചുയര്‍ത്തുകയും ചെയ്തവരാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നതെന്ന് ഫോബ്‌സ് അറിയിച്ചു.

2010ല്‍ ഷഫീന ആരംഭിച്ച ടേബിള്‍സ് ഇന്ന് പശ്ചിമേഷ്യയിലെ അറിയപ്പെടുന്ന കമ്പനിയാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ മറ്റ് രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്തിയ ടേബിള്‍സിന് യുഎഇയില്‍ മാത്രം 30ഓളം ശാഖകളുണ്ട്. ഇന്ത്യയില്‍ 23 എഫ് ആന്‍ഡ് ബി സ്റ്റോറുകളാണ് ടേബിള്‍സിനുള്ളത്. പെപ്പര്‍ മില്‍, ബ്ലൂംസ്‌ബെറി, മിങ്‌സ് ചേംബര്‍, പാന്‍കേക്ക് ഹൗസ്, കോള്‍ഡ്‌സ്‌റ്റോണ്‍ ക്രീമറി, ഷുഗര്‍ ഫാക്ടറി തുടങ്ങിയ രാജ്യാന്തര ബ്രാന്‍ഡുകള്‍ ടേബിള്‍സിന്റെ ഭാഗമാണ്.

നേരത്തെ ഫോബ്‌സിന്റെ പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലും ഷഫീന ഇടം നേടിയിരുന്നു.

Comments

comments

Categories: Arabia