ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാറുകള്‍

ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാറുകള്‍

ഇന്ത്യയില്‍ ഏറ്റവുമധികം ഇന്ധനക്ഷമത ലഭിക്കുന്ന പെട്രോള്‍ കാറുകള്‍ ഇതാ. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമതാ കണക്കുകളാണ് ഇവിടെ നല്‍കുന്നത്.

റെനോ ക്വിഡ് — 25.17 കിമീ/ലിറ്റര്‍

54 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പി ക്കുന്ന 0.8 ലിറ്റര്‍ എന്‍ജിന്‍ 25.17 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുമെന്ന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയില്‍ ഒരു പെട്രോള്‍ കാര്‍ നല്‍കുന്ന മികച്ച ഇന്ധനക്ഷമതയാണിത്. സെഗ്‌മെന്റ് ലീഡിംഗ് ഫീച്ചറുകളാണ് ക്വിഡ് എന്ന ബജറ്റ് ഹാച്ച്ബാക്കില്‍ റെനോ നല്‍കിയിരിക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വണ്‍ ടച്ച് ലെയ്ന്‍ ചേഞ്ച് ഇന്‍ഡിക്കേറ്ററുകള്‍, കാറിന്റെ വേഗത അനുസരിച്ചുള്ള ശബ്ദ നിയന്ത്രണം എന്നിവയാണ് സെഗ്‌മെന്റ് ലീഡിംഗ് ഫീച്ചറുകള്‍. 1.0 ലിറ്റര്‍ എന്‍ജിന്‍ വേര്‍ഷന്‍, എഎംടി വേരിയന്റ്, ക്ലൈംബര്‍ വേര്‍ഷന്‍ എന്നിവയും ലഭ്യമാണ്.

മാരുതി സുസുകി ഓള്‍ട്ടോ കെ10 —- 23.95 കിമീ/ലിറ്റര്‍

സ്റ്റാന്‍ഡേഡ് മാരുതി സുസുകി ഓള്‍ട്ടോയുടെ കൂടുതല്‍ മികച്ച പതിപ്പാണ് ഓള്‍ട്ടോ കെ10. 68 എച്ച്പി പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ എന്‍ജിനാണ് ഓള്‍ട്ടോ കെ10 ഹാച്ച്ബാക്കിന് കരുത്തേകുന്നത്. 3.65 ലക്ഷം രൂപ മുതലാണ് ചെറു കാറിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്റിലും മാരുതി സുസുകി ഓള്‍ട്ടോ കെ10 ലഭിക്കും. മാന്വല്‍ ട്രാന്‍സ്മിഷന്റെ അതേ ഇന്ധനക്ഷമത ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ നല്‍കി മാരുതി സുസുകി ഓള്‍ട്ടോ കെ10 ഈയിടെ പരിഷ്‌കരിച്ചിരുന്നു.

മാരുതി സുസുകി ബലേനോ — 23.87 കിമീ/ലിറ്റര്‍

മാരുതി സുസുകിയുടെ പ്രീമിയം ഹാച്ച്ബാക്കാണ് ബലേനോ. വിശാലവും സുസജ്ജവുമായ കാബിന്‍ ഹാച്ച്ബാക്കിന്റെ പ്രത്യേകതയാണ്. ബിഎസ് 6 പാലിക്കുന്ന എന്‍ജിന്‍ നല്‍കി മാരുതി സുസുകി ബലേനോ ഈയിടെ പുറത്തിറക്കിയിരുന്നു. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ സഹിതം 1.2 ലിറ്റര്‍ കെ12സി ഡുവല്‍ജെറ്റ് എന്‍ജിനാണ് നല്‍കിയത്. 90 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഈ എന്‍ജിന്‍ 23.87 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നല്‍കുന്നത്. ബിഎസ് 6 പാലിക്കുന്ന പഴയ കെ12ബി എന്‍ജിന്‍ ഉപയോഗിച്ച മാരുതി ബലേനോയേക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമത. കെ12ബി എന്‍ജിന്‍ 21.01 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നല്‍കിയിരുന്നത്.

ടൊയോട്ട ഗ്ലാന്‍സ — 23.87 കിമീ/ലിറ്റര്‍

മാരുതി സുസുകി ബലേനോയുടെ ടൊയോട്ട പതിപ്പാണ് ഗ്ലാന്‍സ. മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാരുതി ബലേനോയുമായി സാമ്യം പുലര്‍ത്തുന്നു. 90 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന അതേ 1.2 ലിറ്റര്‍ കെ12സി ഡുവല്‍ജെറ്റ് എന്‍ജിനാണ് ഉപയോഗിക്കുന്നത്. സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കിയിരിക്കുന്ന എന്‍ജിനുമായി 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. ബലേനോയുടെ അതേ ഇന്ധനക്ഷമത നല്‍കുന്നു. 23.87 കിലോമീറ്റര്‍. ബലേനോ ഹൈബ്രിഡിനേക്കാള്‍ 65,000 രൂപയോളം വില കുറവാണ് ടൊയോട്ട ഗ്ലാന്‍സ ഹൈബ്രിഡിന്. അതായത്, നിലവില്‍ ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മൈല്‍ഡ് ഹൈബ്രിഡ് കാറാണ് ടൊയോട്ട ഗ്ലാന്‍സ.

ടാറ്റ ടിയാഗോ — 23.84 കിമീ/ലിറ്റര്‍

ഗുഡ് ലുക്കിംഗ് ഹാച്ച്ബാക്കാണ് ടാറ്റ ടിയാഗോ. 4.40 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. കൂടുതല്‍ പ്രായോഗികമായ ഇന്റീരിയര്‍, വേണ്ടത്ര ഫീച്ചറുകള്‍ എന്നിവ പ്രത്യേകതകളാണ്. 85 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. എഎംടി വേര്‍ഷനും ലഭിക്കും.

മാരുതി സുസുകി സെലെറിയോ — 23.1 കിമീ./ലിറ്റര്‍

ഓള്‍ട്ടോ കെ10 ഹാച്ച്ബാക്കില്‍ സേവനമനുഷ്ഠിക്കുന്ന 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ മോട്ടോറാണ് എഎംടി സഹിതം മാരുതി സുസുകി സെലെറിയോ ഉപയോഗിക്കുന്നത്. 68 എച്ച്പി കരുത്താണ് ഈ മോട്ടോര്‍ പുറത്തെടുക്കുന്നത്. 23.1 കിലോമീറ്ററാണ് മാരുതി സുസുകി സെലെറിയോ നല്‍കുന്ന ഇന്ധനക്ഷമത. ടാറ്റ ടിയാഗോ, ഹ്യുണ്ടായ് സാന്‍ട്രോ എന്നീ ഹാച്ച്ബാക്കുകളാണ് പ്രധാന എതിരാളികള്‍. 4.31 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സെലെറിയോ എക്‌സ് എന്ന വേര്‍ഷനും ലഭ്യമാണ്.

ഡാറ്റ്‌സണ്‍ റെഡിഗോ 1.0 എഎംടി — 23 കിമീ/ലിറ്റര്‍

68 എച്ച്പി കരുത്ത് പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ എന്‍ജിനുമായി 5 സ്പീഡ് എഎംടി ചേര്‍ത്തുവെയ്ക്കുമ്പോള്‍ ഡാറ്റ്‌സണ്‍ റെഡിഗോ സമ്മാനിക്കുന്നത് 23 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ്. എന്നാല്‍ 54 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 0.8 ലിറ്റര്‍ എന്‍ജിന്‍ 22.7 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നല്‍കുന്നതെന്ന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തുന്നു. വിശാലമായ സ്ഥലസൗകര്യവും ഫീച്ചറുകളുമുള്ള കാറല്ല എങ്കിലും ഇന്ധനക്ഷമതയാണ് ഡാറ്റ്‌സണ്‍ റെഡിഗോ മോഡലിനെ ആകര്‍ഷകമാക്കുന്നത്. 4.25 ലക്ഷം രൂപ മുതലാണ് റെഡിഗോ എഎംടിയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.

മാരുതി സുസുകി വാഗണ്‍ആര്‍ 1.0 എന്‍ജിന്‍ —– 22.5 കിമീ/ലിറ്റര്‍

ഈ വര്‍ഷം ജനുവരിയിലാണ് പുതിയ മാരുതി സുസുകി വാഗണ്‍ആര്‍ വിപണിയില്‍ അവതരിപ്പിച്ചത്. 4.19 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. 68 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ എന്‍ജിന്‍, 83 എച്ച്പി കരുത്ത് പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ എന്‍ജിന്‍ (ബിഎസ് 6) ഓപ്ഷനുകളില്‍ ഹാച്ച്ബാക്ക് ലഭിക്കും. യഥാക്രമം 22.5 കിലോമീറ്ററും 20.53 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കുമെന്ന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തുന്നു. കൂടുതല്‍ ഫീച്ചറുകള്‍, കൂടുതല്‍ വിശാലമായ കാബിന്‍ എന്നിവയോടെയാണ് പുതിയ വാഗണ്‍ആര്‍ വിപണിയിലെത്തിയത്.

മാരുതി സുസുകി ഓള്‍ട്ടോ — 22.05 കിമീ/ലിറ്റര്‍

പുതിയ സ്റ്റൈലിംഗ്, ബിഎസ് 6 പാലിക്കുന്ന എന്‍ജിന്‍ എന്നിവ നല്‍കി മാരുതി സുസുകി ഓള്‍ട്ടോ ഈയിടെ പരിഷ്‌കരിച്ചിരുന്നു. 48 എച്ച്പി കരുത്ത് പുറപ്പെടുവിക്കുന്ന 796 സിസി എന്‍ജിനാണ് ഹാച്ച്ബാക്ക് ഉപയോഗിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഇന്ത്യയില്‍ ഏറ്റവും ജനപ്രീതി നേടിയ ചെറു കാറുകളിലൊന്നാണ് മാരുതി സുസുകി ഓള്‍ട്ടോ. 2.94 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മികച്ച ഇന്ധനക്ഷമത നല്‍കുന്നതും മാരുതിയുടെ വിപുലമായ സര്‍വീസ് ശൃംഖലയും ഓള്‍ട്ടോയുടെ വില്‍പ്പനയില്‍ നിര്‍ണ്ണായകമാകുന്നു.

മാരുതി സുസുകി ഡിസയര്‍ — 21.21 കിമീ/ലിറ്റര്‍

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത ലഭിക്കുന്ന പെട്രോള്‍ സെഡാനാണ് മാരുതി സുസുകി ഡിസയര്‍. ഈ പട്ടികയിലെ ഒരേയൊരു സെഡാനാണ് ഡിസയര്‍. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന കോംപാക്റ്റ് സെഡാന്‍ കൂടിയാണ് മാരുതി സുസുകി ഡിസയര്‍. 83 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഡിസയറിന് കരുത്തേകുന്നത്. പെര്‍ഫോമന്‍സ്, ഇന്ധനക്ഷമത, കാബിന്‍ സ്ഥലസൗകര്യം എന്നിവ മാരുതി സുസുകി ഡിസയറിന്റെ ആകര്‍ഷക ഘടകങ്ങളാണ്. 5.70 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto
Tags: Petrol Cars