സൗദി ആസ്ഥാനമായുള്ള മേനബൈറ്റ്‌സിനെ ഈജിപ്തിലെ റൈസ്അപ് ഏറ്റെടുത്തു

സൗദി ആസ്ഥാനമായുള്ള മേനബൈറ്റ്‌സിനെ ഈജിപ്തിലെ റൈസ്അപ് ഏറ്റെടുത്തു

മേനബൈറ്റ്‌സിന്റെ പുതിയ ഡാറ്റാ പ്ലാറ്റ്‌ഫോമായ ട്രാക്ക്‌മേനയും റൈസ്അപിന്റെ ഭാഗമാകും

കെയ്‌റോ: ഈജിപ്ത് ആസ്ഥാനമായുള്ള സംരംഭകത്വ സമ്മേളന സംഘാടകരായ റൈസ്അപ് സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചുള്ള പ്രസിദ്ധീകരണമായ മേനബൈറ്റ്‌സിനെ ഏറ്റെടുത്തു. മേനബൈറ്റ്‌സിന്റെ പുതിയ ഡാറ്റാ പ്ലാറ്റ്‌ഫോമായ ട്രാക്ക്‌മേന അടക്കമാണ് റൈസ്അപ് ഏറ്റെടുത്തിരിക്കുന്നത്. ഇടപാട് മൂല്യം വെളിപ്പെടുത്തിയിട്ടില്ല.

പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെയും വെന്‍ച്വര്‍ കാപ്പിറ്റല്‍ കമ്പനികളെയും കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുകയും അവിടെ നടക്കുന്ന നിക്ഷേപങ്ങളുടെയും ഏറ്റെടുക്കലുകളുടെയും വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്ന മേനബൈറ്റ്‌സിന്റെ പുതിയ സംരംഭമാണ് ട്രാക്ക്‌മേന.

2017ല്‍ സുബൈര്‍ നയീം പറച സ്ഥാപിക്കുകയും ഒറ്റയ്ക്ക് നടത്തുകയും ചെയ്യുന്ന മേനബൈറ്റ്‌സിന് പ്രതിമാസം 100,000 പേജ് സന്ദര്‍ശകരുണ്ടെന്നാണ് പറയപ്പെടുന്നത്. അടുത്തിടെ പാക്കിസ്ഥാനിലേക്ക് പ്രവര്‍ത്തനം വിപുലീകരിച്ച കമ്പനി സമീപഭാവിയില്‍ തുര്‍ക്കിയിലേക്കും മറ്റ് ഉയര്‍ന്ന് വരുന്ന വിപണികളിലേക്കും രംഗപ്രവേശം ചെയ്യാനുള്ള തയാറെടുപ്പിലാണ്.

ഏറ്റെടുക്കലോടെ സുബൈര്‍ റൈസ്അപിന്റെ ഭാഗമാകുമെങ്കിലും മേനബൈറ്റ്‌സ്, ട്രാക്ക്‌മേന എന്നിവയുടെ സ്വതന്ത്ര ചുമതല ഇദ്ദേഹത്തിന് തന്നെയായിരിക്കും.റൈസ്അപുമായുള്ള പങ്കാളിത്തം മേനബൈറ്റ്‌സിനും ട്രാക്ക്‌മേനയ്ക്കും അവസരങ്ങളുടെ പുതിയ വാതില്‍ തുറന്നുതരുമെന്നും സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച ഏറ്റവും വലിയ വാര്‍ത്താ മാധ്യമം ആകാനും ഉയര്‍ന്നുവരുന്ന വിപണികള്‍ക്ക് വേണ്ടിയുള്ള മികച്ച ഡാറ്റാ പ്ലാറ്റ്‌ഫോം ആകാനും ഈ ഏറ്റെടുക്കലിലൂടെ സാധിക്കുമെന്നും സുബൈര്‍ പറഞ്ഞു.

വിപുലീകരണവും ഏറ്റെടുക്കലും അടക്കം 2020ന്റെ നാലാംപാദത്തില്‍ കൂടുതല്‍ പ്രാദേശിക വികസന പദ്ധതികള്‍ റൈസ്അപ് ആസൂത്രണം ചെയ്യുന്നുണ്ട്. പശ്ചിമേഷ്യന്‍ മേഖലയില്‍ വളര്‍ച്ച ആഗ്രഹിക്കുന്ന സംരംഭകരുടെയും റിസോഴ്‌സുകളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും വണ്‍ സ്റ്റോപ്പ് ഷോപ്പ് ആയി മാറുകയെന്ന ലക്ഷ്യത്തിലേക്കുള്ള ഏറ്റവും വലിയ ചുവടുവെപ്പാണ് മേനബൈറ്റ്‌സും സുബൈറുമായുള്ള സഹകരണമെന്ന് റൈസ്അപ് സിഇഒ അബ്ദേല്‍ഹമീദ് ഷരാര പറഞ്ഞു.

Comments

comments

Categories: Arabia