ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ വിപണി മൂല്യം 21,500 കോടി രൂപ ഇടിഞ്ഞു

ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ വിപണി മൂല്യം 21,500 കോടി രൂപ ഇടിഞ്ഞു

ഏറ്റവും തിരിച്ചടിയുണ്ടായത് അള്‍ട്രാടെക് സിമെന്റിന്, രണ്ടാമത് ഗ്രാസിം ഇന്‍ഡസ്ട്രീസ്

മുംബൈ: ലയനത്തിന് ഒരു വര്‍ഷത്തിനു ശേഷവും നഷ്ടം മാത്രമുണ്ടാക്കുന്ന വോഡഫോണ്‍-ഐഡിയ ലിമിറ്റഡ്, ഐഡിയ ഉടമസ്ഥരായ ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളുടെ വിപണി മൂല്യത്തെയും പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ജൂണ്‍ പാദത്തില്‍ വോഡഫോണ്‍-ഐഡിയയുടെ അറ്റനഷ്ടം 4,873.9 കോടി രൂപയാണ്. കഴിഞ്ഞ 11 പാദങ്ങളില്‍ പത്തിലും കമ്പനി നഷ്ടത്തിലാണ്. ജൂലൈ 29 ന് വോഡഫോണ്‍-ഐഡിയയുടെ പാദഫലങ്ങള്‍ പുറത്തിറക്കിയശേഷം ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ സംയുക്ത വിപണി മൂല്യത്തില്‍ 21,431 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ജൂലൈ 29 ല്‍ 2.69 ലക്ഷം കോടിയായിരുന്ന ആദിത്യ ബിര്‍ല ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യം ഓഗസ്റ്റ് 20 ആയപ്പോഴേക്കും 2.31 ലക്ഷം കോടിയിലേക്ക് ഇടിഞ്ഞു. വോഡ-ഐഡിയ സംരംഭത്തില്‍ ആദിത്യ ബിര്‍ല ഗ്രൂപ്പിന് 27.18% ഓഹരിയാണുള്ളത്.

കമ്പനിക്ക് 41 ലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെട്ടതായി ഈ മാസം 19 ന് വോഡഫോണ്‍-ഐഡിയ അറിയിച്ചിരുന്നു. പിന്നാലെ കമ്പനി സിഇഒ സ്ഥാനത്തു നിന്ന് ബലേഷ് ശര്‍മയെ മാറ്റി രവീന്ദര്‍ താക്കറെ നിയമിച്ചു. ശര്‍മയുടെ രാജിയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വോഡ-ഐഡിയ ഓഹരികള്‍ ബോംബെ ഓഹരി വിപണിയില്‍ 6% ഇടിഞ്ഞു. ഇന്നലെ ഓഹരി മൂല്യം 4.45% ഇടിഞ്ഞ് 5.58 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജൂണ്‍ മാസത്തിലെ 40,000 കോടി രൂപ വിപണി മൂല്യം ഇപ്പോള്‍ 16,781 കോടി രൂപയായി കുറഞ്ഞിരിക്കുന്നു.

2016 സെപ്റ്റംബറിലെ റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ വിപണി വിഹിതം വന്‍തോതില്‍ ഇടിയുകയും ബിസിനസ് നഷ്ടത്തിലായതിനെ തുടര്‍ന്നുമാണ് പരസ്പരം മല്‍സരിച്ചിരുന്ന വോഡഫോണും ഐഡിയയും ലയിച്ച് വോഡഫോണ്‍-ഐഡിയ ലിമിറ്റഡ് നിലവില്‍ വന്നത്. എന്നാല്‍ തുടര്‍ന്നും ഉപഭോക്താക്കള്‍ വിട്ടുപോകുകയും വരുമാനം കുറയുകയും ചെയ്തു. ഉപഭോക്താക്കളുടെ എണ്ണത്തില്‍ എയര്‍ടെലിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയ ജിയോ, 4-5 മാസത്തിനുള്ളില്‍ വോഡ-ഐഡിയയെയും മറികടക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനിക്ക് ഇനിയും ഉപഭോക്താക്കളെ നഷ്ടപ്പെടുമെന്നാണ് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

Categories: FK News, Slider
Tags: Aditya Birla