വാപ്പിംഗ് മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

വാപ്പിംഗ് മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: വാപ്പിംഗ് (vaping) മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ പരിക്കുകളോ ഉള്ള 120 ലധികം കേസുകള്‍ യുഎസിലെ 15 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇലക്ട്രോണിക് സിഗരറ്റ് (ഇ-സിഗരറ്റ്) വഴി പുകയെടുക്കുന്നതിനെയാണു വാപ്പിംഗ് എന്നു പറയുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പുകളുമായി സഹകരിച്ചു സിഎന്‍എന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ള സംസ്ഥാനമായി സര്‍വേയില്‍ കണ്ടെത്തിയത് വിസ്‌കോണ്‍സിനാണ്. അവിടെ 15 കേസുകള്‍ സ്ഥിരീകരിച്ചു. 15-ാളം കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നുമുണ്ട്. ഇല്ലിനോയ്‌സില്‍ 10 കേസുകള്‍ സ്ഥിരീകരിച്ചു. 12 കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ത്യാന, ന്യൂജെഴ്‌സി, കണക്റ്റിക്കട്ട്, ഫ്‌ളോറിഡ, ഐയോവ, മിച്ചിഗണ്‍, മിനേസോട്ട, നോര്‍ത്ത് കരോലിന, പെന്‍സല്‍വാനിയ, ടെക്‌സസ് തുടങ്ങിയ സംസ്ഥാനങ്ങളിലും വാപ്പിംഗ് മൂലം അസുഖമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യത്തിനു വാപ്പിംഗ് സൃഷ്ടിക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചു കൂടുതല്‍ പഠനം ആവശ്യമായി വന്നിരിക്കുകയാണെന്ന് ഈ റിപ്പോര്‍ട്ട് തെളിയിക്കുകയാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ഏതെങ്കിലും പ്രത്യേക ഉല്‍പ്പന്നവുമായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രോഗങ്ങളെ സിഡിസി ബന്ധിപ്പിച്ചിട്ടില്ല. പരമ്പരാഗത സിഗരറ്റിനേക്കാള്‍ സുരക്ഷിതമാണ് ഇ-സിഗരറ്റുകള്‍ എന്നാണു പൊതുവേ കരുതിയിരുന്നത്. എന്നാല്‍ ഇ-സിഗരറ്റ് വലിക്കുന്നത് അഥവാ വാപ്പിംഗ് ദീര്‍ഘകാലതലത്തില്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Comments

comments

Categories: Health
Tags: Vaping