2020ല്‍ 10 ശതമാനം വരെ വളര്‍ച്ചാ പ്രതീക്ഷയുമായി യുഎഇയിലെ നിര്‍മാണ മേഖല

2020ല്‍ 10 ശതമാനം വരെ വളര്‍ച്ചാ പ്രതീക്ഷയുമായി യുഎഇയിലെ നിര്‍മാണ മേഖല

അധികച്ചിലവും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതും നിര്‍മാണ മേഖലയ്ക്ക് വെല്ലുവിളി

ദുബായ്: യുഎഇയിലെ നിര്‍മാണ മേഖലയില്‍ അടുത്ത വര്‍ഷം 6 മുതല്‍ 10 ശതമാനം വരെ വളര്‍ച്ച പ്രതീക്ഷിക്കുന്നതായി മേഖലയിലെ ഭൂരിഭാഗം കെട്ടിട നിര്‍മാതാക്കളും. കെപിഎംജിയുടെ ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്‍ സര്‍വേയിലാണ് ഭൂരിഭാഗം ബില്‍ഡേഴ്‌സും ഈ പ്രതീക്ഷ പങ്കുവെച്ചത്. അതേസമയം ഫണ്ട് ലഭിക്കുന്നതിലുള്ള വിഷമതകള്‍ക്കൊപ്പം സമയം, പ്രതീക്ഷിച്ചതിലും അധികം ചിലവ് തുടങ്ങിയ ഘടകങ്ങള്‍ കെട്ടിട നിര്‍മാണ പദ്ധതികളുടെ വെല്ലുവിളികളായി തുടരും. അടുത്ത അഞ്ച് വര്‍ഷത്തില്‍ സാങ്കേതിക വിദ്യയും നടത്തിപ്പും ആയിരിക്കും നിര്‍മാണ മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുകയെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

2020ല്‍ രാജ്യത്തെ നിര്‍മാണ മേഖലയില്‍ 6-10 ശതമാനം വരെ വളര്‍ച്ച പ്രതീക്ഷിക്കുന്നതായി മേഖലയിലെ 53 ശതമാനം ഉദ്യോഗസ്ഥരും പറഞ്ഞു. 20 ശതമാനം പേര്‍ പത്ത് ശതമാനത്തിലധികം വളര്‍ച്ച പ്രതീക്ഷിക്കുന്നു. അതേസമയം കെട്ടിട നിര്‍മാണ വിപണിയില്‍ തത്സ്ഥിതി തുടരുമെന്നോ അല്ലെങ്കില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ വളര്‍ച്ച ഉണ്ടാകുകയുള്ളുവെന്നോ പ്രതീക്ഷിക്കുന്നത് 27 ശതമാനം ആളുകളാണ്.

നിര്‍മാണ മേഖലയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഏതൊക്കെ രംഗങ്ങളിലാണ് പുരോഗതി ഉണ്ടാകേണ്ടതെന്ന ചോദ്യത്തിന് 42 ശതമാനം പേര്‍ മനുഷ്യ വിഭവമെന്നും 33 ശതമാനം പേര്‍ സാങ്കേതിക വിദ്യയെന്നും 25 ശതമാനം പേര്‍ നടത്തിപ്പും നടപടിക്രമങ്ങളും എന്നും ഉത്തരം പറഞ്ഞു.

ത്രീഡി പ്രിന്റിംഗിലൂടെയും ഓട്ടോമേഷനിലൂടെയും യുഎയിലെ നിര്‍മാണ മേഖല സാങ്കേതിക അനിശ്ചിതത്വങ്ങള്‍ നേരിടുന്ന ഘട്ടത്തിലാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തിറങ്ങിയിരിക്കുന്നത്. സങ്കീര്‍ണമല്ലാത്ത, റിസ്‌ക് കൂടിയ ഉദ്യമങ്ങള്‍ക്ക് ഉപയോഗിക്കുന്ന റോബോട്ടുകള്‍, ആളില്ലാത്ത പറക്കുന്ന യന്ത്രങ്ങള്‍, മറ്റ് നൂതന ഉപകരണങ്ങള്‍ തുടങ്ങിയവ നിര്‍മാണ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളും ഇന്റെലിജന്റ് നിര്‍മാണ ഉപകരണങ്ങളും റോബോട്ടുകളും നിര്‍മാണ മേഖലയില്‍ വ്യാപകമായി ഉപയോഗിക്കുമെന്നാണ് നിര്‍മാണ രംഗത്തെ വിദഗ്ധര്‍ കരുതുന്നത്.

Comments

comments

Categories: Arabia