ലോകത്തിന് 585 ബില്യണ്‍ ഡോളര്‍ നഷ്ടമായേക്കും

ലോകത്തിന് 585 ബില്യണ്‍ ഡോളര്‍ നഷ്ടമായേക്കും

ട്രംപിന്റെ ഇടയ്ക്കിടെയുള്ള നിലപാട് മാറ്റം പ്രശ്‌നപരിഹാര ചര്‍ച്ചകളെയും അനിശ്ചിതത്വത്തിലാക്കി

വാഷിംഗ്ടണ്‍: യുഎസ്-ചൈന വ്യാപാര യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതത്വം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. 2021 ല്‍ ആഗോള ജിഡിപി 0.6% വരെ ഇടിയുന്നതിന് ഈ സാഹചര്യം ഇടയാക്കാമെന്ന് ഡാന്‍ ഹാന്‍സണും ജാമി റുഷും ടോം ഓര്‍ലിക്കും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നു. ആഗോള ജിഡിപിയില്‍ 585 ബില്യണ്‍ ഡോളര്‍ നഷ്ടം ഇതുമൂലം ഉണ്ടാവാം. 2021 ല്‍ ആഗോള ജിഡിപി 97 ട്രില്യണ്‍ ഡോളര്‍ ആയിരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയനിധി കണക്കാക്കിയിരിക്കുന്നത്. വ്യാപാര യുദ്ധത്തിന്റെ പ്രഭാവം ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.

ധനകാര്യ നയങ്ങളിലെ പരിഷ്‌കാരങ്ങളിലൂടെ ഈ അനിശ്ചിതാവസ്ഥകളെ നേരിടാമെങ്കിലും ഒരു പരിധിയിലധികം ഗുണമുണ്ടാക്കാനാവില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉപഭോക്തൃ ആവശ്യകതാ മാന്ദ്യത്തിനോട് ലോകത്തെ എല്ലാ കേന്ദ്ര ബാങ്കുകളും ക്രിയാത്മകമായി പ്രതികരിച്ചാല്‍ ജിഡിപിയുടെ ഇടിവ് 0.3% വരെയായി കുറയ്ക്കാം. ഇന്ത്യയും വിവിധ യൂറോപ്യന്‍, ഏഷ്യന്‍ കേന്ദ്ര ബാങ്കുകളും അടുത്തിടെ പലിശ നിരക്കുകള്‍ താഴ്ത്തിയിരുന്നു.

അതേസമയം വ്യാപാരവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് നല്‍കുന്ന സന്ദേശങ്ങള്‍ സാഹചര്യത്തിന് ഒട്ടും ഗുണകരമാവുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും ചൈനയെ പ്രതിപാദിക്കുന്ന ട്രംപിന്റെ ഇടയ്ക്കിടെയുള്ള നിലപാട് മാറ്റം പ്രശ്‌നപരിഹാര ചര്‍ച്ചകളെയും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച ചൈനീസ് നിര്‍മിച ലാപ്‌ടോപ്പുകള്‍ക്കും സെല്‍ ഫോണുകള്‍ക്കും മറ്റും മേല്‍ 10 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം ഡിസംബര്‍ 15 ലേക്ക് മാറ്റിവെച്ചുകൊണ്ട് ട്രംപ് ശുഭസൂചന നല്‍കി. എന്നാല്‍ നാലു ദിവസം കഴിഞ്ഞപ്പോള്‍ ഹോങ്കോംഗിലെ പ്രശ്‌നങ്ങള്‍ ചൈന മനുഷ്യത്വപരമായി പരിഹരിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. നികുതികളെക്കാള്‍ അപായകരമാണ് ഇത്തരം ട്വീറ്റുകളെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.

Categories: FK News