ലോകത്തിന്റെ ഏറ്റവും പുതിയ മാലിന്യനിക്ഷേപ കേന്ദ്രം ശ്രീലങ്കയോ?

ലോകത്തിന്റെ ഏറ്റവും പുതിയ മാലിന്യനിക്ഷേപ കേന്ദ്രം ശ്രീലങ്കയോ?

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി അമേരിക്കയും യുകെയും കാനഡയും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്ന വികസിത രാജ്യങ്ങള്‍ അവരുടെ മാലിന്യം നിക്ഷേപിക്കാന്‍ തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. വികസിത രാജ്യങ്ങളെ അപേക്ഷിച്ചു പാരിസ്ഥിതി നിയമങ്ങള്‍ ദരിദ്ര ഏഷ്യന്‍ രാജ്യങ്ങളില്‍ ദുര്‍ബലമായതാണ് ഇത്തരത്തില്‍ മാലിന്യം നിക്ഷേപിക്കാന്‍ കാരണമായത്. എന്നാല്‍ ഇനി മുതല്‍ മാലിന്യ നിക്ഷേപം അനുവദിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍. എന്നാല്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ കര്‍ശന നിലപാട് സ്വീകരിച്ചപ്പോള്‍ തെക്ക് ഏഷ്യന്‍ രാജ്യങ്ങളായ ശ്രീലങ്ക, പാകിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളായിരിക്കുന്നു മാലിന്യം നിക്ഷേപിക്കാനുള്ള പുതിയ കേന്ദ്രങ്ങള്‍.

ആഗോളമാലിന്യ വ്യാപാരത്തിന്റെ ഏറ്റവും പുതിയ ഇരയാണ് ശ്രീലങ്ക. ഉപയോഗിച്ച മെത്ത, പരവതാനികള്‍, ചെടികളുടെ ഭാഗങ്ങള്‍, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവ ഉള്‍പ്പെട്ട മാലിന്യം നിറച്ച 111 കണ്ടെയ്‌നറുകളാണു കൊളംബോ തുറമുഖത്ത് 2019 മെയ് മാസത്തില്‍ ശ്രീലങ്കയുടെ കസ്റ്റംസ് വകുപ്പ് കണ്ടെത്തിയത്. ഇവ 2017 മധ്യത്തിലാണു കൊളംബോയില്‍ ഇറക്കുമതി ചെയ്തത്. ഇതു സംബന്ധിച്ച അന്വേഷണം നടത്തവേ, മലിനീകരണ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ ഏജന്‍സിയായ സെന്‍ട്രല്‍ എന്‍വയോണ്‍മെന്റല്‍ അതോറിറ്റി കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം കാത്തുനായകേ ഫ്രീ ട്രേഡ് സോണില്‍ മാലിന്യം നിറച്ച 130 കണ്ടെയ്‌നറുകള്‍ കൂടി കണ്ടെത്തുകയുണ്ടായി.

ലണ്ടനിലെ സിവാര്‍ഡ്‌സ്റ്റോണ്‍ ഗാര്‍ഡനിലുള്ള വെന്‍ഗാഡ്‌സ് ലിമിറ്റഡാണ് ഈ മാലിന്യങ്ങള്‍ ശ്രീലങ്കയിലേക്കു കയറ്റുമതി ചെയ്തത്. ശ്രീലങ്കയിലെ റിസീവര്‍ അഥവാ സ്വീകര്‍ത്താവ് വട്ടാല ശ്രീലങ്കയില്‍ സ്ഥിതിചെയ്യുന്ന സിലോണ്‍ മെറ്റല്‍ പ്രോസസിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ്. ഈ രണ്ട് കമ്പനികളുടെയും ഉടമകള്‍ സഹോദരങ്ങളായ രണ്ട് വ്യക്തികളാണ്. ശ്രീലങ്കയില്‍ ചരക്ക് ഏറ്റുവാങ്ങുന്നത് ഹേലീസ് ഫ്രീ സോണ്‍ ലിമിറ്റഡും, ഇടിഎല്‍ കൊളംബോ പ്രൈവറ്റ് ലിമിറ്റഡുമാണ്. യുകെയിലെ ഉത്ഭവസ്ഥാനത്തേക്ക് വീണ്ടും കയറ്റുമതി ചെയ്യുകയല്ലാതെ, മറ്റ് ആഭ്യന്തര സ്ഥലങ്ങളിലേക്ക് ഈ മാലിന്യം നിറഞ്ഞ കണ്ടെയ്‌നറുകള്‍ കൊണ്ടുപോകില്ലെന്ന് ഉറപ്പാക്കണമെന്നും ഇനി അഥവാ കൊണ്ടു പോവുകയാണെങ്കില്‍ അത് തടയണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കയിലെ പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ജസ്റ്റിസ്, കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തു. ഇതു സംബന്ധിച്ച വാദം കേട്ടപ്പോള്‍, കൊളംബോ തുറമുഖത്ത് ഉടമസ്ഥാവകാശമില്ലാത്ത ആയിരത്തിലധികം കണ്ടെയ്‌നറുകള്‍ കെട്ടികിടക്കുന്നുണ്ടെന്നാണു കോടതിയില്‍ ബോധിപ്പിച്ചത്. ഈ കണ്ടെയ്‌നറുകള്‍ നിറയെ മാലിന്യങ്ങളായിരിക്കാമെന്നു സംശയിക്കുന്നതായി കസ്റ്റംസ് വകുപ്പ് അറിയിക്കുകയും ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള മാലിന്യങ്ങള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ചിരിക്കുകയാണെന്നു ചൈന പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍, പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മാലിന്യങ്ങള്‍ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, കംബോഡിയ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലേക്കാണു മാലിന്യം കഴിഞ്ഞ കുറച്ചു മാസങ്ങളായി അയയ്ച്ചിരുന്നത്. എന്നാല്‍ ഈ രാജ്യങ്ങളും മാലിന്യം സ്വീകരിക്കുന്നത് അവസാനിപ്പിച്ചതോടെ ശ്രീലങ്ക, ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മാലിന്യം നിക്ഷേപിക്കാനുള്ള കേന്ദ്രങ്ങളായി ഈ രാജ്യങ്ങള്‍ മാറിയിരിക്കുന്നു. മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍, ശ്രീലങ്ക ഒരു പ്രാകൃത തലത്തിലാണ് ഇന്നും നില്‍ക്കുന്നത് അല്ലെങ്കില്‍ നമ്മള്‍ അങ്ങനെ കരുതേണ്ടിയിരിക്കുന്നു. മാലിന്യങ്ങള്‍ ചിലരെ സംബന്ധിച്ച് വെറും മലിനവസ്തുക്കള്‍ മാത്രമല്ല, അത് പണമാണ്. അതു കൊണ്ടാണു മാലിന്യങ്ങള്‍ ആഗോള വ്യാപാരമായി മാറിയത്. അതുവഴി വികസിത രാജ്യങ്ങള്‍ക്ക് അവരുടെ മാലിന്യങ്ങള്‍ വികസ്വര രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാന്‍ സാധിക്കുന്നു. വികസ്വര രാജ്യങ്ങളിലാണു മാലിന്യങ്ങള്‍ കൂടുതല്‍ സംസ്‌കരിക്കുന്നതും റീ സൈക്കിള്‍ പ്രക്രിയയ്ക്കു വിധേയമാകുന്നതും. ഇതിലൂടെ, പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളുടെ വിഷാംശം പ്രധാനമായും ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ വികസ്വര രാജ്യങ്ങളിലേക്കാണ് ഒഴുകുന്നത്. ഈ അപകടകരമായ സ്ഥിതി വിശേഷത്തില്‍നിന്നും ചൈന പിന്മാറിയതോടെ, ഇപ്പോള്‍ കെണിയിലേക്കു വീണിരിക്കുന്നത് സൗത്ത് ഏഷ്യന്‍ രാജ്യങ്ങളാണ്. കസ്റ്റംസ് വകുപ്പിന്റെ കണക്ക് അനുസരിച്ച് ശ്രീലങ്കയില്‍ 2017 മുതല്‍ ഇതുവരെയായി ഏകദേശം 240 കണ്ടെയ്‌നറുകളില്‍ മാലിന്യങ്ങളെത്തിയിട്ടുണ്ടെന്നാണ്. യുകെയില്‍നിന്നുമാണു മാലിന്യങ്ങള്‍ ശ്രീലങ്കയിലേക്ക് ഇറക്കുമതി ചെയ്തത്. ഇവയില്‍ 111 കണ്ടെയ്‌നറുകള്‍ കൊളംബോ ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ കിടപ്പുണ്ട്. 130 കണ്ടെയ്‌നറുകള്‍ കാത്തുനായകേ ഫ്രീ ട്രേഡ് സോണിലും കിടപ്പുണ്ട്. 57 എണ്ണം റീ എക്‌സ്‌പോര്‍ട്ട് ചെയ്തു. നശിച്ചുകൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ നിലവിലുള്ള മഴയോടൊപ്പം, അടുത്തുള്ള കനാലുകളിലേക്ക് ഒഴുകിയെത്തുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. അതേസമയം ഈ ദ്രാവക മാലിന്യങ്ങള്‍ മുത്തുരാജവേലയില്‍ എത്തുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. സമുദ്രവും നദിയും ചേരുന്നയിടമാണു മുത്തുരാജവേല. ഇവിടെ മാലിന്യം ഒഴുകിയെത്തിയാല്‍ അതു സ്വാഭാവികമായും സമുദ്രത്തെ മലിനപ്പെടുത്തും. അതിലൂടെ സമുദ്രജീവികള്‍ക്കു ഭീഷണിയുമാകും. മുത്തുരാജവേല ഇതിനകം തന്നെ മാലിന്യ പ്രശ്‌നം നേരിടുന്നുണ്ടെങ്കിലും, ഈ പ്രശ്‌നം അതിന്റെ ഭാരം വര്‍ദ്ധിപ്പിക്കുമെന്നത് ഉറപ്പാണ്.

ബാസല്‍ കണ്‍വെന്‍ഷന്‍

ബാസല്‍ കണ്‍വെന്‍ഷന്‍ ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ്. അപകടകരമായ മാലിന്യങ്ങളുടെ കൈമാറ്റം കുറയ്ക്കുന്നതിന്, പ്രത്യേകിച്ചു വികസിത രാജ്യങ്ങളില്‍ നിന്നും അവികസിത രാജ്യങ്ങളിലേക്ക് അപകടകരമായ മാലിന്യങ്ങള്‍ കൈമാറുന്നത് തടയുന്നതിനുമായി രൂപകല്‍പ്പന ചെയ്തതാണ് ഈ ഉടമ്പടി. 1989 മാര്‍ച്ച് 22ന് ഒപ്പ് ശേഖരണത്തിനുള്ള ശ്രമം ആരംഭിച്ചു. പിന്നീട് 1992 മേയ് അഞ്ചിന് ഉടമ്പടി പ്രാബല്യത്തില്‍ വന്നു. 2018 ഒക്ടോബര്‍ വരെയുള്ള കണക്ക്പ്രകാരം, 186 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ട്. ബാസല്‍ ഉടമ്പടിയില്‍ ശ്രീലങ്ക ഒപ്പുവച്ചിട്ടുണ്ടെങ്കിലും ഇത് അവരുടെ ദേശീയ നിയമനിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈയൊരു കാരണം കൊണ്ടു തന്നെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന മാലിന്യ വിഷയത്തില്‍ കസ്റ്റംസിനു നടപടിയെടുക്കാന്‍ സാധിക്കുകയുമില്ല. ബാസല്‍ ഉടമ്പടി അനുസരിച്ചു മാലിന്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യം അവ സ്വീകരിക്കുന്ന രാജ്യത്തെ അറിയിക്കണമെന്നാണ്. എന്നാല്‍ ഇപ്പോള്‍ ശ്രീലങ്കയിലേക്ക് മാലിന്യം കയറ്റി അയച്ച സംഭവത്തില്‍ അത്തരം ആശയവിനിമയങ്ങളൊന്നും നടന്നിട്ടില്ലെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ശ്രീലങ്കയില്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ള മാലിന്യം നിക്ഷേപിച്ച സംഭവം വലിയ വിവാദമായി മാറിയതിനെ തുടര്‍ന്ന് രാജ്യത്തു മാലിന്യങ്ങള്‍ നിക്ഷേപിക്കാതിരിക്കാന്‍ ദേശീയ പരിസ്ഥിതി നിയമത്തില്‍ ഭേദഗതി വരുത്താന്‍ നടപടിയെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അധികൃതര്‍.

മാലിന്യ നിക്ഷേപത്തിനെതിരേ തെക്ക് കിഴക്കേനഷ്യന്‍ രാജ്യങ്ങള്‍

തെക്ക് കഴിക്കനേഷ്യന്‍ രാജ്യങ്ങളിലേക്കാണ് ഇന്നു വിദേശരാജ്യങ്ങള്‍ പ്രത്യേകിച്ചു പാശ്ചാത്യരാജ്യങ്ങള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഇത് പലതും അനധികൃതവുമാണ്. ഇതിനെരേ പ്രതിഷേധം ഉയര്‍ന്നതോടെ തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍നിന്നാണു മാലിന്യം ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എത്തിയിരുന്നത്. എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഇവ തിരിച്ചയക്കാന്‍ തീരുമാനിക്കുകയും ചെയ്തു. വികസ്വര രാജ്യങ്ങളില്‍ പാരിസ്ഥിതിക നിയന്ത്രണങ്ങളും നിയമങ്ങളും ദുര്‍ബലമാണ്. ഇതാണു പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഇത്തരം രാജ്യങ്ങളില്‍ മാലിന്യം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നത്.

Comments

comments

Categories: Top Stories