പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടം വിജയിക്കണമെങ്കില്‍

പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടം വിജയിക്കണമെങ്കില്‍

ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കില്‍ നിന്നും ഇന്ത്യയെ മുക്തമാക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതിന് വേണ്ടത് കൂട്ടായുള്ള മുന്നേറ്റമാണ്, കൃത്യമായ നിര്‍വചനങ്ങളും

പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിന് ഊര്‍ജം പകരുന്നതായിരുന്നു ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗം. ഈ ഒക്‌റ്റോബര്‍ രണ്ടിനു നമുക്ക് ഇന്ത്യയെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്‍നിന്നു മുക്തമാക്കിയാലോ? നമുക്കു സംഘം ചേര്‍ന്ന് വീട്ടില്‍നിന്നും സ്‌കൂളില്‍നിന്നും കോളെജില്‍നിന്നും പുറത്തിറങ്ങാം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വീടുകളില്‍നിന്നും തെരുവുകളില്‍നിന്നും ചന്തകളില്‍നിന്നും അഴുക്കുചാലുകളില്‍നിന്നും ശേഖരിക്കാം-പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ.

തീര്‍ച്ചയായും, സ്വാഗതാര്‍ഹമാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍, പ്രചോദനമേകുന്നതും. പ്ലാസ്റ്റിക്ക് വലിയ ഉപകാരപ്രദമായ വസ്തുവാണെങ്കില്‍ തന്നെയും അതിന് പകരം വെക്കാവുന്ന സങ്കേതങ്ങളെ പ്രോല്‍സാഹിപ്പിക്കേണ്ടതും പരമാവധി പ്ലാസ്റ്റിക്കിനെ മാറ്റിനിര്‍ത്തേണ്ടതും അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും മനുഷ്യരാശിക്കുമേല്‍ ഡെമോക്ലസിന്റെ വാള്‍ പോലെ തൂങ്ങിനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ക്രിയാത്മകമായ മുന്നേറ്റത്തിനുള്ള സമയമാണ്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ശേഖരിക്കാന്‍ മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ഗ്രാമപഞ്ചായത്തുകളും സംവിധാനം ഒരുക്കണം.

സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളോടും സാങ്കേതിക വിദഗ്ധരോടും സംരംഭകരോടും പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം സാധ്യമാക്കാനായി എന്തു ചെയ്യാന്‍ സാധിക്കുമെന്നതിനെക്കുറിച്ചാലോചിക്കാനും പ്രധാനമന്ത്രി പറയുകയുണ്ടായി. നൂതനാത്മകമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നവര്‍ക്ക് വലിയ പിന്തുണ നല്‍കാന്‍ സര്‍ക്കാരുകളും തയാറാകണം. ഹൈവേകള്‍ ഉണ്ടാക്കാന്‍ പ്ലാസ്റ്റിക് ഉപയോഗിച്ചുവരുന്നുണ്ട്. അത്തരം പല പരിഹാരങ്ങളും ഉണ്ട്. എന്നാല്‍, അത്തരം പ്രശ്‌നങ്ങളില്‍നിന്നു രക്ഷ നേടാന്‍ കൂട്ടായ മുന്നേറ്റം ആവശ്യമാണ്. ഇതോടൊപ്പം പകരം സംവിധാനത്തെക്കുറിച്ചു ചിന്തിക്കുകയും വേണം.

മറ്റു പല ബോര്‍ഡുകളും വെക്കുന്നതിനൊപ്പം പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കരുതെന്നും സാധനങ്ങള്‍ കൊണ്ടുപോകുന്നതിനായി തുണിസഞ്ചി കൊണ്ടുവരികയോ വാങ്ങുകയോ വേണമെന്നും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ വെക്കണമെന്നു കടക്കാരോടെല്ലാം നിരവധി തവണ പരിസ്ഥിതി സ്‌നേഹികള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. നമുക്ക് അത്തരമൊരു പരിസ്ഥിതി സൃഷ്ടിച്ചെടുക്കാമെന്ന മോദിയുടെ നിര്‍ദേശം സമൂഹം എത്രമാത്രം ഉള്‍ക്കൊള്ളുമെന്ന് കണ്ടറിയണം. കടലിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് അത് റോഡ് നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന കേരള സര്‍ക്കാരിന്റെ പദ്ധതിയെല്ലാം ആഗോളതലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇത് വ്യാപകമാക്കാവുന്നതാണ്.

എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞ ലക്ഷ്യം എത്തിപ്പിടിക്കണമെങ്കില്‍ ആദ്യം ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് എന്തെല്ലാമാണെന്ന കൃത്യമായ നിര്‍വചനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കേണ്ടതുണ്ട്. ഒരു തവണ ഉപയോഗിച്ച ശേഷം പുനചംക്രമണത്തിന് വിധേയമാക്കാന്‍ സാധിക്കാത്ത പ്ലാസ്റ്റിക്ക് വസ്തുവിനെയാണ് സാധാരണ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് (സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക്) ഗണത്തില്‍ പെടുത്തുന്നത്. പല സംസ്ഥാനങ്ങളും പോളിത്തീന്‍ കാരി ബാഗുകളെ മാത്രമാണ് സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കായി തെറ്റിദ്ധരിക്കുന്നതെന്ന് പ്ലാസ്റ്റിക് വിരുദ്ധ പോരാട്ടം നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമഗ്രമായ ഒരു നിര്‍വചനം ഇതിന് ആദ്യം കൊണ്ടുവരികയാണ് വേണ്ടത്. എങ്കില്‍ മാത്രമേ നിരോധനം പോലും പ്രാവര്‍ത്തികമാകൂ.

Categories: Editorial, Slider