മാരുതിയുടെ ഡീസല്‍ കാറുകള്‍ക്ക് അഞ്ച് വര്‍ഷം, ഒരു ലക്ഷം കിമീ വാറന്റി ലഭിക്കും

മാരുതിയുടെ ഡീസല്‍ കാറുകള്‍ക്ക് അഞ്ച് വര്‍ഷം, ഒരു ലക്ഷം കിമീ വാറന്റി ലഭിക്കും

ഡിസയര്‍, എസ്-ക്രോസ്, സ്വിഫ്റ്റ്, വിറ്റാര ബ്രെസ്സ മോഡലുകളുടെ ഡീസല്‍ വേരിയന്റുകള്‍ക്ക് വാറന്റി ലഭിക്കും. നിരവധി പാര്‍ട്ടുകള്‍ക്കും വാറന്റി ലഭ്യമാണ്

ന്യൂഡെല്‍ഹി : മാരുതി സുസുകി ഡിസയര്‍, എസ്-ക്രോസ്, സ്വിഫ്റ്റ്, വിറ്റാര ബ്രെസ്സ മോഡലുകളുടെ ഡീസല്‍ വേരിയന്റുകള്‍ക്ക് പുതിയ വാറന്റി സ്‌കീം പ്രഖ്യാപിച്ചു. നാല് മോഡലുകളുടെയും ഡീസല്‍ വേരിയന്റുകള്‍ക്ക് അഞ്ച് വര്‍ഷം, ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റിയാണ് ലഭിക്കുക. അധിക തുക ഈടാക്കാതെയാണ് പുതിയ വാറന്റി സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ കാറുകള്‍ വാങ്ങുന്നവര്‍ക്ക് മാത്രമായിരിക്കും വാറന്റി. നിലവിലെ ഉടമകള്‍ക്ക് ലഭിക്കില്ല.

നിരവധി പാര്‍ട്ടുകള്‍ക്കും വാറന്റി ലഭിക്കും. ഹൈ പ്രഷര്‍ പമ്പ്, കംപ്രസര്‍, ഇലക്ട്രോണിക് കണ്‍ട്രോള്‍ മൊഡ്യൂള്‍ (ഇസിഎം), ടര്‍ബോചാര്‍ജര്‍ അസംബ്ലി, എന്‍ജിന്‍-ട്രാന്‍സ്മിഷന്‍ സംബന്ധിച്ച പ്രധാന പാര്‍ട്ടുകള്‍ തുടങ്ങിയ പാര്‍ട്ടുകള്‍ക്കാണ് വാറന്റി നല്‍കുന്നത്. പാര്‍ട്ടുകള്‍ കേടുവന്നാല്‍ മാറ്റിസ്ഥാപിക്കും. സ്റ്റിയറിംഗ് അസംബ്ലി, സസ്‌പെന്‍ഷന്‍ സ്ട്രട്ടുകള്‍ എന്നിവയ്ക്കും വാറന്റി ലഭിക്കും.

ബിഎസ് 6 പ്രാബല്യത്തിലാകുന്നതിന് മുമ്പ് മാരുതി സുസുകി തങ്ങളുടെ ഡീസല്‍ എന്‍ജിന്‍ കാറുകള്‍ നിര്‍ത്തുകയാണ്. എര്‍ട്ടിഗയുടെ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വേരിയന്റുകള്‍ ഈയിടെ നിര്‍ത്തിയിരുന്നു. ഫിയറ്റില്‍നിന്ന് വാങ്ങിയ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റില്ലെന്ന് മാരുതി സുസുകി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ മോട്ടോര്‍ മാരുതി സുസുകി വൈകാതെ ഉപേക്ഷിക്കും. ഡിസയര്‍, എസ്-ക്രോസ്, സ്വിഫ്റ്റ്, വിറ്റാര ബ്രെസ്സ മോഡലുകളുടെ ഡീസല്‍ വേരിയന്റുകള്‍ 1.3 ലിറ്റര്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 75 എച്ച്പി/190 എന്‍എം, 90 എച്ച്പി/200 എന്‍എം എന്നീ രണ്ട് വ്യത്യസ്ത ട്യൂണുകളിലാണ് വിവിധ മാരുതി മോഡലുകള്‍ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്നത്.

Categories: Auto