ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് വിപണിയില്‍

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് വിപണിയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 4.99 ലക്ഷം മുതല്‍ 7.99 ലക്ഷം രൂപ വരെ

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4.99 ലക്ഷം മുതല്‍ 7.99 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഗ്രാന്‍ഡ് ഐ10 (ആഗോളതലത്തില്‍ ഐ10) ഹാച്ച്ബാക്കിന്റെ മൂന്നാം തലമുറ മോഡലാണ് ഗ്രാന്‍ഡ് ഐ10 നിയോസ്. പ്രധാനമായും ഇന്ത്യന്‍ വിപണി മനസ്സില്‍ക്കണ്ടാണ് ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് വികസിപ്പിച്ചിരിക്കുന്നത്. നിലവിലെ ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്കിനൊപ്പം ഗ്രാന്‍ഡ് ഐ10 നിയോസ് വില്‍ക്കും. പുതിയ മോഡലിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് ഹ്യുണ്ടായ് നേരത്തെ ആരംഭിച്ചിരുന്നു.

പുതിയ മുഖത്തോടെയാണ് ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് വരുന്നത്. പ്രൊജക്റ്റര്‍ ലാംപുകള്‍ സഹിതം പുതിയ ഹെഡ്‌ലാംപ് ക്ലസ്റ്ററുകള്‍ നല്‍കിയിരിക്കുന്നു. പുതിയ ആകൃതിയിലുള്ളതാണ് ഗ്രില്‍. ഗ്രില്ലിന്റെ ഇരു വശങ്ങളിലുമായി ബൂമറാംഗ് ആകൃതിയുള്ള രണ്ട് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ നല്‍കി. ത്രികോണാകൃതിയുള്ള ഹൗസിംഗിലാണ് ഫോഗ് ലാംപുകള്‍ ഇരിക്കുന്നത്. പുതുതായി രൂപകല്‍പ്പന ചെയ്തതാണ് അലോയ് വീലുകള്‍. ഡോര്‍ ഹാന്‍ഡിലുകളില്‍ ക്രോം നല്‍കിയതോടെ ഹാച്ച്ബാക്കിന് പ്രീമിയം ലുക്ക് ലഭിച്ചു.

കാറിനകം പ്രീമിയം നിലവാരമുള്ളതാണ്. ബ്ലൂടൂത്ത്, വോയ്‌സ് റെക്കഗ്നിഷന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം പുതിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഡാഷ്‌ബോര്‍ഡില്‍ കാണാം. ടോപ് വേരിയന്റുകളില്‍ അര്‍ക്കമീസ് സൗണ്ട് സിസ്റ്റം നല്‍കിയിരിക്കുന്നു. സ്റ്റിയറിംഗ്, എസി വെന്റുകള്‍ എന്നിവ ഹ്യുണ്ടായ് വെന്യൂ സബ്‌കോംപാക്റ്റ് എസ്‌യുവിയില്‍നിന്ന് കടമെടുത്തു. ഐവറി-ഗ്രേ നിറത്തിലുള്ള പുതിയ ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി കാബിന്റെ പ്രീമിയം നിലവാരം വര്‍ധിപ്പിക്കുന്നു.

ആകെ പത്ത് വേരിയന്റുകളിലാണ് ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് വിപണിയിലെത്തുന്നത്. നാല് പെട്രോള്‍-മാന്വല്‍ വേരിയന്റുകള്‍, രണ്ട് പെട്രോള്‍-എഎംടി വേരിയന്റുകള്‍, രണ്ട് ഡീസല്‍-മാന്വല്‍ വേരിയന്റുകള്‍, ഒരു ഡീസല്‍-എഎംടി വേരിയന്റ് എന്നിവയാണ് ലഭ്യമാക്കുന്നത്. എറ, മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്റ്റ എന്നിവയാണ് നാല് വകഭേദങ്ങള്‍. പോളാര്‍ വൈറ്റ്, ടൈഫൂണ്‍ സില്‍വര്‍, ടൈറ്റന്‍ ഗ്രേ, ഫിയറി റെഡ്, ആല്‍ഫ ബ്ലൂ, അക്വാ ടീല്‍ എന്നീ ആറ് നിറങ്ങളില്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ലഭിക്കും. പോളാര്‍ വൈറ്റ്, അക്വാ ടീല്‍ കളര്‍ ഓപ്ഷനുകളില്‍ കറുത്ത റൂഫ് നല്‍കി ഡുവല്‍ ടോണ്‍ ഓപ്ഷനുകളിലും ഗ്രാന്‍ഡ് ഐ10 നിയോസ് ലഭിക്കും.

1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഹാച്ച്ബാക്കിന് കരുത്തേകും. 82 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ 5 സ്പീഡ് മാന്വല്‍, 5 സ്റ്റെപ്പ് എഎംടി എന്നിവയാണ്. 1.2 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. പെട്രോള്‍ എന്‍ജിനുമായി മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കുമ്പോള്‍ 20.7 കിലോമീറ്ററും എഎംടി ഉപയോഗിക്കുമ്പോള്‍ 20.2 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കും. അതേസമയം, ഡീസല്‍ എന്‍ജിനുമായി മാന്വല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കുമ്പോള്‍ 26.2 കിലോമീറ്റര്‍ എന്ന ഒരേ ഇന്ധനക്ഷമതയാണ് ലഭിക്കുന്നത്.

ഇബിഡി സഹിതം എബിഎസ്, ഇരട്ട എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡ്രൈവര്‍ & പാസഞ്ചര്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, പ്രീടെന്‍ഷനറുകള്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്. റിയര്‍ വ്യൂ കാമറ, ഹെഡ്‌ലാംപ് എസ്‌കോര്‍ട്ട് സിസ്റ്റം, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, ഇംപാക്റ്റ് സെന്‍സിംഗ് ഡോര്‍ അണ്‍ലോക്ക് എന്നിവ ഉയര്‍ന്ന വേരിയന്റുകളിലെ അധിക സുരക്ഷാ ഫീച്ചറുകളാണ്. മാരുതി സുസുകി സ്വിഫ്റ്റ്, ഫോഡ് ഫിഗോ, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയാണ് പ്രധാന എതിരാളികള്‍.

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഇന്ത്യ എക്‌സ് ഷോറൂം വില

വേരിയന്റ് പെട്രോള്‍ ഡീസല്‍

എറ 4.99 ലക്ഷം —

മാഗ്ന 5.84 ലക്ഷം 6.70 ലക്ഷം

മാഗ്ന എഎംടി 6.37 ലക്ഷം —

സ്‌പോര്‍ട്‌സ് 6.38 ലക്ഷം (ഡുവല്‍ ടോണ്‍ 6.68 ലക്ഷം) —–

സ്‌പോര്‍ട്‌സ് എഎംടി 6.98 ലക്ഷം 7.85 ലക്ഷം

ആസ്റ്റ 7.14 ലക്ഷം 7.99 ലക്ഷം

Categories: Auto