ഇന്ത്യയില്‍ എക്കാലത്തെയും ഉയര്‍ന്ന വിപണി വിഹിതം കരസ്ഥമാക്കി ഹ്യുണ്ടായ്

ഇന്ത്യയില്‍ എക്കാലത്തെയും ഉയര്‍ന്ന വിപണി വിഹിതം കരസ്ഥമാക്കി ഹ്യുണ്ടായ്

ഇന്ത്യന്‍ കാര്‍ വിപണിയില്‍ ജൂലൈ മാസത്തില്‍ നേടിയത് 19.4 ശതമാനം വിപണി വിഹിതം

ന്യൂഡെല്‍ഹി : ഓട്ടോമൊബീല്‍ മേഖലയില്‍ മാന്ദ്യം നിലനില്‍ക്കുന്നതിനിടെ ആഘോഷിക്കാന്‍ വക കണ്ടെത്തിയിരിക്കുകയാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ നേടിയിരിക്കുന്നത് 19.4 ശതമാനം വിപണി വിഹിതമാണ്. ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഹ്യുണ്ടായ് നേടുന്ന എക്കാലത്തെയും മികച്ച വിപണി വിഹിതമാണിത്. ഇന്ത്യന്‍ വാഹന വിപണി തളര്‍ച്ച നേരിടുന്ന സമയത്താണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളുടെ ഈ നേട്ടം.

2018 ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍, 2019 ജൂലൈയില്‍ വില്‍പ്പനയില്‍ 3.8 ശതമാനം ഇടിവ് മാത്രമാണ് ഹ്യുണ്ടായ് നേരിട്ടത്. അതേസമയം, വിപണിയില്‍ ലീഡറായ മാരുതി സുസുകിയുടെ വില്‍പ്പന 35.1 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യന്‍ കാര്‍ വിപണിയില്‍ 17 നും 18 ശതമാനത്തിനുമിടയില്‍ വിഹിതം നേടാന്‍ ദക്ഷിണ കൊറിയന്‍ കമ്പനിക്ക് കഴിയാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് വിപണി വിഹിതം 19 ശതമാനത്തിന് മുകളില്‍ പോകുന്നത്.

വെന്യൂ മോഡലിന് മികച്ച പ്രതികരണം ലഭിച്ചതിനാല്‍ 2019 ജൂലൈയില്‍ ഏകദേശം 39,000 യൂണിറ്റ് കാറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ എസ്എസ് കിം പറഞ്ഞു. ഇതില്‍ 9,585 കാറുകള്‍ ഹ്യുണ്ടായ് വെന്യൂ സബ്‌കോംപാക്റ്റ് എസ്‌യുവി ആയിരുന്നു. വിപണിയിലെ വെല്ലുവിളികള്‍ അതിജീവിച്ച് വിപണി വിഹിതം മൂന്ന് ശതമാനം വര്‍ധിപ്പിച്ചാണ് ഇക്കഴിഞ്ഞ ജൂലൈയില്‍ 19.4 ശതമാനം കൈവരിച്ചതെന്നും അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Auto
Tags: Hyundai