ഉലകം ചുറ്റിയ മഗെല്ലന്‍

ഉലകം ചുറ്റിയ മഗെല്ലന്‍

ആഗോള സമുദ്ര വ്യാപാരവും സൈനിക തന്ത്രവും ഇന്ന് ഏറ്റവും പ്രാധാന്യമുള്ള വിഷയങ്ങളാണ്. സാങ്കേതിക വിദ്യ ഒട്ടും വികസിക്കാതിരുന്ന കാലത്ത് കപ്പലിലേറി ലോകം ചുറ്റി, കടലിലൂടെ വഴി തെളിച്ചെടുത്ത ഫെര്‍ഡിനാന്റ് മഗെല്ലനെന്ന അതിസാഹസികനോട് ലോകം കടപ്പെട്ടിരിക്കുന്നു. മഗെല്ലന്റെ ഉലകം ചുറ്റലിന് അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്

ലോക ചരിത്രം മാറ്റിയെഴുതിയ മഗെല്ലന്റെ യാത്രയ്ക്ക് 500 വയസ് തികഞ്ഞിരിക്കുന്നു. കപ്പലില്‍ ലോകം ചുറ്റുക എന്ന ഉദ്ദേശ്യത്തോടെ മഗെല്ലനും കൂട്ടരും യാത്ര പുറപ്പെട്ടത് 1519 ആഗസ്റ്റ് 9 നായിരുന്നു. പോര്‍ച്ചുഗലില്‍ 1480 ല്‍ ജനിച്ച ഫെര്‍ഡിനാന്റ് മഗെല്ലന്‍ ചെറുപ്രായത്തില്‍ തന്നെ സമുദ്രാനന്തര യാത്രകളില്‍ അതീവ തല്‍പരനായിരുന്നു. എന്നാല്‍ കപ്പലില്‍ ലോകം ചുറ്റാനുള്ള മഗെല്ലന്റെ ഉദ്യമത്തിന് ജന്മനാടായ പോര്‍ച്ചുഗലിലെ മാനുവല്‍ ഒന്നാമന്‍ രാജാവ് ചുവപ്പുകൊടിയാണ് കാണിച്ചത്. യാത്രയ്ക്കുള്ള ധനസഹായം നിഷേധിക്കപ്പെട്ടു. പോര്‍ച്ചുഗലിന്റെ അന്നത്തെ ഏറ്റവും വലിയ ശത്രു രാജ്യമായിരുന്ന സ്‌പെയ്‌നിന്റെ സഹായം ഇതോടെ ഉത്സാഹശാലിയായ മഗെല്ലന്‍ തേടി. സ്‌പെയിനിലെ ചാള്‍സ് ഒന്നാമന്‍ രാജാവിന്റെ സഹായം സ്വീകരിച്ചു കൊണ്ടാണ് അദ്ദേഹം ഈ സാഹസികമായ ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെട്ടത്.

1519 മുതല്‍ 1522 വരെ പദ്ധതിയിട്ടിരുന്ന കപ്പല്‍ യാത്രയ്ക്ക് പൂര്‍ണത കുറിക്കാന്‍ മഗെല്ലനായില്ല. മഗെല്ലന്റെ കൂട്ടാളിയും വലം കൈയ്യുമായിരുന്ന ജുവാന്‍ സെബാസ്റ്റ്യന്‍ എല്‍ക്കാനോയാണ് കപ്പലില്‍ വിജയകരമായി ഭൂമിയെ ചുറ്റിയ ആളെന്ന ബഹുമതിക്കര്‍ഹനായത്. എങ്കിലും വെല്ലുവിളികളെ തരണം ചെയ്ത് ഈ ഉദ്യമത്തിന് മുന്‍കൈ എടുത്ത മഗെല്ലന്റെ പേരില്‍ തന്നെയാണ് എല്ലാ ബഹുമതികളും നല്‍കപ്പെടുന്നത്.

സമുദ്രാനന്തര യാത്രയ്ക്കിടെ ഫിലിപ്പൈന്‍സ് തീരത്തെത്തിയ മഗെല്ലന്‍ ധാരാളം ആദിമനിവാസികളെ മതം മാറ്റുന്നതിനാണ് ആദ്യശ്രമം നടത്തിയത്. ഇതില്‍ രോക്ഷാകുലരായ മക്ടാല്‍ പ്രദേശത്തെ ഗോത്രവര്‍ഗ്ഗക്കാര്‍ 1521 ഏപ്രില്‍ 27 ന് മഗെല്ലനെ ആക്രമിച്ച് കൊല്ലുകയായിരുന്നു. 41 ാം വയസ്സില്‍ അന്തരിക്കുമ്പോള്‍ തന്റെ ചിരകാലാഭിലാഷമായ കപ്പലില്‍ ലോകം ചുറ്റല്‍ എന്ന ലക്ഷ്യം, വലം കൈയ്യായ ജുവാന്‍ സെബാസ്റ്റിയന്‍ എല്‍ക്കാനോയെ ഏല്‍പ്പിച്ചാണ് അദ്ദേഹം പോയത്.

അഞ്ച് കപ്പലുകളിലായി 237 നാവികരുമൊത്താണ് മഗെല്ലന്‍ തന്റെ യാത്ര തുടങ്ങിയത്. തെക്കന്‍ സ്‌പെയിനിലെ സെവില്ലി തുറമുഖത്ത് മൂന്ന് വര്‍ഷത്തിന് ശേഷം തിരിച്ചെത്തുമ്പോള്‍ 20 നാവികരും ഒരു കപ്പലും മാത്രമേ അവശേഷിച്ചിരുന്നുള്ളു. വിക്ടോറിയ എന്ന കപ്പല്‍ തീരത്ത് തിരിച്ചെത്തിയപ്പോള്‍ അതിന്റെ വലിയ കപ്പിത്താനായ മഗെല്ലനെയും അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു.

ശാന്തസമുദ്രത്തിലെ പുതിയ തുരുത്തുകള്‍ കണ്ടെത്താനും പുതിയ സമുദ്രപാദകള്‍ കണ്ടെത്താനും സ്പാനിഷ് രാജാവ് നിയോഗിച്ച മഗെല്ലന്റെ സഘം അന്വേഷണ ത്വരയുടെ കാലത്ത് (Age of discovery) വലിയ സംഭാവനകളാണ് നല്‍കിയത്. ശാന്തസമുദ്രത്തിലെ ഒരു നിര്‍ണായക പ്രദേശത്തിന് മഗെല്ലന്റെ നാമം (Strait of Magellan) നല്‍കിയാണ് ലോകം അദ്ദേഹത്തെ സ്മരിച്ചുവരുന്നത്. ശാന്തസമുദ്രത്തിന് (Pacific ocean) ആ പേര് ആദ്യം ചാര്‍ത്തിക്കൊടുത്തത് മഗെല്ലനാണെന്നാണ് പറയപ്പെടുന്നത്.

1519 ഓഗസ്റ്റ് 20 ന് സ്‌പെയിനിന്റെ സമുദ്രാതിര്‍ത്തി കടന്ന മഗെല്ലന്റെ സംഘം അന്വേഷണ ത്വരയുടെ യുഗത്തിന് പുതിയൊരു മാനം നല്‍കി. രാത്രിയുടെ അന്ത്യയാമങ്ങളില്‍ കടല്‍ സഞ്ചാരികള്‍ക്ക് വഴികാട്ടിയായി നില്‍ക്കുന്ന രണ്ട് ഗാലക്‌സികള്‍ക്ക് ‘മഗെല്ലാനിക് ക്ലൗഡ്‌സ്’ എന്ന് പേരിട്ട് കാലാവസ്ഥാ ശാസ്ത്രജ്ഞരും സമുദ്രാന്തരീയ പഠനശാസ്ത്രവും അദ്ദേഹത്തെ ആദരിച്ചു വരുന്നുണ്ട്.

ശീതയുദ്ധകാലത്ത് അമേരിക്കയുടെ സുപ്രധാനമായ ഒരു പദ്ധതിക്ക് ‘പ്രോജക്റ്റ് മഗെല്ലന്‍’ എന്ന് പേര് നല്‍കിയിരുന്നു. അന്തര്‍വാഹിനി കപ്പലുകളുടെ വ്യൂഹം കൊണ്ട് ലോകത്തെ വളയുകയെന്ന നാവിക തന്ത്രമായിരുന്നു പ്രോജക്റ്റ് മഗെല്ലനിലൂടെ നടപ്പാക്കിയത്.

1506 ല്‍ പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയുമായി കണ്ണൂരില്‍ വെച്ച് യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ മുന്‍നിരയില്‍ മഗെല്ലനുമുണ്ടായിരുന്നു. വളരെ പ്രധാനമുള്ള ഈ യുദ്ധത്തിന്റെ ഫലമായാണ് കണ്ണൂരിലും പരിസര പ്രദേശങ്ങളിലും പോര്‍ച്ചുഗീസ് ആധിപത്യം അരക്കെട്ടുറപ്പിക്കുന്നത്. അന്നത്തെ പോര്‍ച്ചുഗീസ് ഗവര്‍ണറായിരുന്ന ഫ്രാന്‍സിസ് ഡി അല്‍മേഡയുടെ മകന്റെ നേതൃത്വത്തിലുളള പടയും സാമൂതിരിയുടെ സൈന്യവും തമ്മിലായിരുന്ന യുദ്ധം. മഗെല്ലന്റെ 26 ാമത്തെ വയസില്‍ മലയാള നാട്ടില്‍ വെച്ച് നടന്ന യുദ്ധം, സമുദ്രാന്തര യാത്രാരംഗത്തെ കുതിപ്പിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന ചാലകശക്തിയായി പിന്നീട് ഭവിച്ചു. സാമൂതിരിയുടെ കീഴിലുള്ള ഹിന്ദു പടയാളികളും ഗുജറാത്ത് സുല്‍ത്താന് കീഴിലുള്ള അറബിപ്പടയും ഓട്ടോമന്‍ തുര്‍ക്ക് സൈന്യവും ചേര്‍ന്ന സംയുക്ത മുന്നണിയെ 200 കപ്പലുകളുമായി വന്ന് അക്രമിച്ച് കീഴ്‌പ്പെടുത്തുന്നതില്‍ മഗെല്ലന്റെ പങ്ക് നിര്‍ണായകമായിരുന്നു. മനുഷ്യരാശിയും കടലും ഉള്ളിടത്തോളം മഗെല്ലനും സ്മരിക്കപ്പെടും.

Categories: FK Special, Slider