ഭക്ഷണപ്രേമിയെ കര്‍ഷകനാക്കുന്ന ഫേസ്ബുക്ക്

ഭക്ഷണപ്രേമിയെ കര്‍ഷകനാക്കുന്ന ഫേസ്ബുക്ക്

നല്ല ആഹാരം ഏതൊരു വ്യക്തിയുടേയും അവകാശമാണ്. എന്നാല്‍ ഇന്നത്തെ ഈ ചടുലമായ ലോകത്ത് മികച്ച ആഹാരം ഓരോ വ്യക്തിക്കും ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും ഉത്തരം. സംസ്ഥാനത്തെ വര്‍ധിച്ചു വരുന്ന ജനസംഖ്യക്ക് ആനുപാതികമായി കൃഷിഭൂമി വര്‍ധിക്കുന്നില്ല എന്ന് മാത്രമല്ല, ഓരോ വര്‍ഷം കഴിയുംതോറും കൃഷിയോഗ്യമായ ഭൂമിയുടെ അളവ് കുറഞ്ഞുവരികയും ചെയ്യുന്നു. തല്‍ഫലമായി അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും മലയാളി തങ്ങളുടെ വിശപ്പകറ്റുന്നു. എന്നാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യപ്പെടുന്ന ഈ പച്ചക്കറികളിലും പഴങ്ങളിലും ഉയര്‍ന്ന അളവില്‍ കീടനാശിനികളും രാസവസ്തുക്കളും ചേര്‍ത്തിരിക്കും. കാലാന്തരത്തില്‍ മലയാളികള്‍ പല മാരകരോഗങ്ങള്‍ക്കും അടിമകളാകുന്നു. ഈ ചാക്രിക രീതിക്ക് ഒരു മാറ്റം വരണമെങ്കില്‍ ഓരോ വ്യക്തിയും തങ്ങളുടെ വീട്ടിലേക്ക് അനിവാര്യമായ പച്ചക്കറികള്‍ സ്വന്തം വീട്ടില്‍ തന്നെ നട്ടുപരിപാലിക്കണം. എന്നാല്‍ ഇതുവരെ കൃഷിയെന്തെന്നോ കൃഷി രീതികളെന്തൊക്കെയെന്നോ അറിയാത്ത ഒരു വ്യക്തിക്ക് കാര്‍ഷികമേഖലയിലേക്ക് ഇറങ്ങുക അത്ര എളുപ്പമായിരിക്കുകയില്ല. ഇത് മനസിലാക്കി മലയാളികള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഫേസ്ബുക്കിലൂടെ കൃഷിപാഠങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് കര്‍ഷകരുടെ നേതൃത്വത്തിലുള്ള ഫേസ്ബുക്ക് കാര്‍ഷിക കൂട്ടായ്മകള്‍. നിലവില്‍ 70 ശതമാനത്തോളം വരുന്ന മലയാളികള്‍ ഡിജിറ്റല്‍ സാക്ഷരത നേടിയവരാണ്. ഈ അവസരമാണ് ഫേസ്ബുക്ക് കാര്‍ഷിക കൂട്ടയ്മകള്‍ നല്ല നാളേക്കായി വിനിയോഗിക്കുന്നത്. ഫേസ്ബുക്കില്‍ ഫാം വില്ലെ എന്ന ഗെയിം കളിച്ച് കളിച്ച്, ഒടുവില്‍ മലയാളികള്‍ കൃഷിയോട് കൂടുതല്‍ അടുക്കുകയാണ്. കൃഷിയുടെ അടിസ്ഥാന നിയമം പോലും അറിയാത്തവര്‍ ഇന്ന് ടെറസ് ഫാമിംഗിന്റെയും മഴമറകൃഷിയുടെയുമൊക്കെ ഭാഗമായി കാര്‍ഷിക ലോകത്ത് സജീവമാകുന്നു.

കാന്തല്ലൂരില്‍ നിന്നും നല്ല ഉഗ്രന്‍ കാട്ടുതേനുമായി വരുന്ന കാശിനാഥന്‍, മായം ചേര്‍ക്കാത്ത ഉണ്ണിയപ്പവും മറ്റു പലഹാരങ്ങളുമായെത്തുന്ന സമീര്‍, ചെറുനാരങ്ങയും മാങ്ങായിഞ്ചിയും കാരറ്റും ശര്‍ക്കരയുമൊക്കെ കൃത്യമായി എത്തിക്കുന്ന ബിജു, നല്ല നാടന്‍ വെളിച്ചെണ്ണയുമായെത്തുന്ന മാധവേട്ടന്‍…ഞായറാഴ്ചകളില്‍ മാത്രം പ്രവര്‍ത്തനനിരതമാകുന്ന കൊച്ചിയിലെ തൃക്കാക്കര നാട്ടുചന്തയിലെ സ്ഥിരം താരങ്ങളില്‍ ചിലരും അവരുടെ വിഷം ചേര്‍ക്കാത്ത വിഭവങ്ങളുമാണ് ഇവ. കൊച്ചിക്കാര്‍ ഇപ്പോള്‍ ഞായഴാഴ്ചകളെ കാണുന്നത് വിഷരഹിതമായ ജീവിതചര്യയുടെ നേര്‍ക്കാഴ്ചയായാണ്. കീടനാശി പ്രയോഗം നടത്താത്തതും പ്രിസര്‍വേറ്റിവുകള്‍ ചേര്‍ക്കാത്തതുമായ വിഭവങ്ങള്‍ വില്‍പ്പനക്കെത്തിക്കുന്ന തൃക്കാക്കര നാട്ടുചന്തയുടെ തുടക്കം ഒരു ഫേസ്ബുക്ക് കൂട്ടായ്മയില്‍ നിന്നുമാണ്.പ്രവര്‍ത്തനമാരംഭിച്ച് മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ട കൂട്ടായ്മ പിന്തിരിഞ്ഞു നോക്കുമ്പോള്‍ പിന്നിട്ടതത്രയും നേട്ടത്തിന്റെ പടവുകള്‍ മാത്രമാണ്. കൃഷിപ്രേമികളുടെ കൂട്ടായ്മ എന്ന പേരില്‍ ആരംഭിച്ച തൃക്കാക്കര നാട്ടുചന്ത നിരവധി പുതിയ കര്‍ഷകരെ സൃഷ്ടിച്ചു. സ്വന്തം വീട്ടിലെ ആവശ്യം പരിഗണിച്ച് ടെറസ് ഫാമിംഗ് രീതിയില്‍ കൃഷി പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് നാട്ടുചന്ത ആളുകളെ ആകര്‍ഷിച്ചത്. പിന്നീട് ഉപയോഗശേഷം ബാക്കി വരുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള വിപണിയും ആരംഭിച്ചു. ഇതിലൂടെ സ്വന്തം വീട്ടിലേക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും അമിതമായുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റ് കാശാക്കാനും കര്‍ഷകര്‍ക്ക് സാധിക്കുന്നു. ഈ കര്‍ഷക കൂട്ടായ്മയില്‍ വീട്ടമ്മമാരും കുട്ടികളും ഉദ്യോഗസ്ഥരും എല്ലാം ഉള്‍പ്പെടുന്നു. മലയാളിയുടെ മാറുന്ന കൃഷി ചിന്തകളിലേക്കാണ് തൃക്കാക്കര നാട്ടുചന്ത വെളിച്ചവും വീശുന്നത്. നാടോടുമ്പോള്‍ നടുവേ ഓടണം എന്നാണല്ലോ, ഡിജിറ്റല്‍ ലോകത്ത് കൃഷിയും ഡിജിറ്റലൈസ് ചെയ്യുന്നതില്‍ തെറ്റില്ല.

ഇനി മറ്റൊരുദാഹരണം നോക്കാം, പാലക്കാട് സ്വദേശി മോഹനന്‍ ചിറ്റൂര്‍ പഞ്ചായത്തിലെ മികച്ച ക്ഷീരകര്‍ഷകനാണ്. എന്നാല്‍ കന്നുകാലികള്‍ ഏറെയുണ്ടായിട്ടും ചിറ്റൂരിന് പുറത്തേക്ക് വിപണികണ്ടെത്താന്‍ അദ്ദേഹത്തിനായില്ല. അങ്ങനെയിരിക്കെയാണ് അദ്ദേഹം ഫേസ്ബുക്കിലെ ഒരു കാര്‍ഷിക ഗ്രൂപ്പില്‍ അംഗമാകുന്നത്. വെറുതെ ഒരു രസത്തിന് വേണ്ടിയാണ് അതില്‍ പറയുന്ന കര്‍ഷകരുടെ അനുഭവക്കുറിപ്പുകളും കൃഷിപാഠങ്ങളും പിന്തുടര്‍ന്നത്. എങ്ങനെ പാലില്‍ നിന്നും മൂല്യവര്‍ധിത വസ്തുക്കള്‍ നിര്‍മിക്കാമെന്നും അത് ഏതെല്ലാം മാര്‍ഗങ്ങളിലൂടെ വിപണനം ചെയ്യാമെന്നുമൊക്കെയുള്ള ചര്‍ച്ചകളില്‍ അദ്ദേഹവും ഭാഗമായി. പയ്യെ പയ്യെ മൂലധനനിക്ഷേപം വര്‍ധിപ്പിച്ച് ക്ഷീരകൃഷി കുറച്ചുകൂടി വലുതാക്കി.

പാലിന് പുറമെ നടന്‍ തൈര് , കട്ടി മോര് , വെണ്ണ തുടങ്ങിയ ഉല്‍പ്പന്നങ്ങളും നിര്‍മിച്ചു. ഇപ്പോള്‍ ചിറ്റൂരിന് പുറത്തും ഇദ്ദേഹത്തിന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നു. വരുമാനവും വര്‍ധിച്ചു. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല മോഹനന്റെ കൃഷി മോഹം. ഗ്രൂപ്പില്‍ നിന്നും കോണ്‍വളത്താല്‍ , പച്ചക്കറിക്കൃഷി എന്നിവയുടെ പാഠങ്ങള്‍ മനസിലാക്കിയ മോഹനന്‍ ആ വഴിക്കും തന്റെ ഭാഗ്യം പരീക്ഷിച്ചു.വലിയ മുതല്‍മുടക്ക് ഇല്ല എന്നതിനാല്‍ തന്നെ കുറച്ച് കൂണ്‍വിത്തുകള്‍ വാങ്ങി വൈക്കോല്‍ ബെഡുകളില്‍ കക്ഷി കൃഷി തുടങ്ങി.ആദ്യവിളവെടുപ്പില്‍ തന്നെ കൂണ്‍കൃഷി വിജയമാണെന്ന് മനസ്സിലാക്കിയതോടെ, ഷെഡുകെട്ടി വ്യാവസായികാടിസ്ഥാനത്തില്‍ കൂണ്‍കൃഷി ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. പച്ചക്കറിത്തോട്ടങ്ങളില്‍ ഗോമൂത്രവും ചാണകവും ചേര്‍ന്ന വളം മാത്രം പ്രയോഗിക്കുന്നതിനാല്‍ ജൈവപച്ചക്കറിക്കും ആവശ്യക്കാര്‍ ഏറെ.

ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് എങ്ങനെയാണ് ഒരു കര്‍ഷന്റെയും ഒരു സമൂഹത്തിന്റെയും ജീവിതം മാറ്റിമറിച്ചതെന്നാണ് ഇതിലൂടെ കണ്ടത്. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. ഇത്
കേവലമൊരു തൃക്കാക്കര ചന്തയുടെയോ മോഹനന്റെയോ മാത്രം കഥയല്ല. ഫേസ്ബുക്ക് എന്ന സൈബറിടം മലയാളികളെ പലവിധത്തില്‍ കാര്‍ഷികജീവിതത്തിലേക്ക് മടക്കിയെത്തിച്ചിരിക്കുകയാണ്.പ്രത്യേകിച്ച് ലാഭേച്ഛയോ വ്യക്തി താല്‍പര്യമോ കൂടാതെ തീര്‍ത്തും സൗജന്യമായാണ് ഇത്തരം ഗ്രൂപ്പുകളില്‍ കൃഷിയെപറ്റിയിട്ടുള്ള വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കൂണ്‍കൃഷി , പച്ചക്കറിക്കൃഷി, പശു, ആട്, പോത്ത് , കോഴി വളര്‍ത്തല്‍ എന്ന് വേണ്ട ഏതിനം കാര്‍ഷിക വൃത്തിക്കും ആവശ്യമായ അറിവുകള്‍ കര്‍ഷകരുടെയും കാര്‍ഷികപ്രേമികളുടെയും നേതൃത്വത്തിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു.

അതുകൊണ്ടും തീര്‍ന്നില്ല, ഒരു കാര്‍ഷിക കോളെജില്‍ പഠിക്കുന്ന പോലെ കൃത്യമായ ഇടവേളകളില്‍ കര്‍ഷകര്‍ക്കായി സെമിനാറുകള്‍, കഌസുകള്‍, നാട്ടുചന്തകള്‍, അവാര്‍ഡ് വിതരണം എന്നിവ നടത്തുന്ന ഗ്രൂപ്പുകളും ഒട്ടും കുറവല്ല. പതിനായിരം മുതല്‍ നാല് ലക്ഷം വരെ അംഗങ്ങളുള്ള കാര്‍ഷിക ഗ്രൂപ്പുകള്‍ ഇന്ന് സജീവമാണ്. അടുക്കളത്തോട്ടം. ജൈവകൃഷി, കൂണ്‍കൃഷി, മീന്‍ വളര്‍ത്തല്‍, കന്നുകാലി പരിപാലനം, കാട, കോഴി വളര്‍ത്തല്‍ തുടങ്ങിയവയ്ക്കായാണ് ഭൂരിഭാഗം ആക്റ്റിവ് ഗ്രൂപ്പുകളും നിലകൊള്ളുന്നത്. മുന്‍നിര കര്‍ഷകരുടെ മേല്‍നോട്ടത്തിലുള്ള ഗ്രൂപ്പുകളില്‍ സൗജന്യ വിത്ത് വിതരണം, ജൈവവള നിര്‍മാണം, കീടനിര്‍മാര്‍ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങളും സജീവമാണ്. ഫേസ്ബുക്കില്‍ വെറുതെ വിനോദത്തിനായി കയറുന്ന ആളുകള്‍ പോലും എന്നാല്‍ ശരി, കൃഷിയില്‍ അരക്കൈ നോക്കിക്കളയാം എന്ന് പറയുന്ന രീതിയിലേക്കാണ് ഇന്ന് കാര്യങ്ങള്‍ പോകുന്നത്.

മണ്ണിനെയും കര്‍ഷകനെയും ചേര്‍ത്തുവച്ച ‘കൃഷിഭൂമി’

ഫേസ്ബുക്കിലെ ഏറ്റവും വലിയ മലയാളി കാര്‍ഷിക കൂട്ടായ്മയില്‍ ഒന്നാണ് കൃഷിഭൂമി. 320,864 അംഗങ്ങള്‍ ഉള്ള ഒരു പബ്ലിക് ഗ്രൂപ്പാണ് ഇത്. കൃഷിയുമായി ബന്ധപ്പെട്ട എന്തുവിഷയവും ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ ഗ്രൂപ്പിന്റെ സജീവപ്രവര്‍ത്തകരാണ്. വിഷരഹിത പച്ചക്കറികള്‍ സ്വയം ഉല്‍പ്പാദിപ്പിക്കാന്‍ ഉള്ള അറിവും വിത്തുകളും പരസ്പരം കൈമാറി നല്ല കൃഷിയുടെ വക്താക്കളായി മാറാന്‍ ഓരോ അംഗത്തെയും പ്രാപ്തമാക്കുകയാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം.ഓരോ വീട്ടിലും ഓരോ പച്ചക്കറിത്തോട്ടം എന്ന വലിയ ലക്ഷ്യമാണ് ഗ്രൂപ്പ് പ്രവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നത്. ഗ്രൂപ്പില്‍ നിന്നും ലഭിക്കുന്ന കാര്‍ഷിക നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കി പച്ചക്കറിക്കൃഷി, നെല്‍കൃഷി, നാണ്യവിളകള്‍,സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി വിവിധങ്ങളായ വസ്തുക്കള്‍ ഇവിടുത്തെ കര്‍ഷകര്‍ കൃഷി ചെയ്യുന്നു. ഫേസ്ബുക്ക് കൂട്ടായ്മക്ക് പുറമെ വാട്‌സാപ്പിലും കൃഷിഭൂമിയിലെ അംഗങ്ങള്‍ സജീവമാണ്. അതിനാല്‍ ഏതുതരം കാര്‍ഷിക പ്രശ്‌നനങ്ങള്‍ക്കും നിമിഷനേരം കൊണ്ട് പരിഹാരമാകും.ഓരോ കാലഘട്ടത്തിലും കൃഷിക്ക് നല്‍കേണ്ട പരിചരണം, വളപ്രയോഗം, ഇടവിളകള്‍ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായ അവബോധം ഈ ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ നിന്നും ലഭിക്കുന്നു. വിജയിച്ച കര്‍ഷകര്‍ അവരുടെ വിജയ മാതൃകകള്‍ പങ്കുവയ്ക്കുന്നത് നിരവധിപ്പേര്‍ക്ക് പ്രചോദനം നല്‍കുന്നു. കൃഷിയിലെ കന്നിക്കാരായ നൂറുകണക്കിന് ആളുകള്‍ ‘കൃഷിഭൂമിയുടെ’ ഭാഗമായി മികച്ച വരുമാനം നേടുന്നുണ്ട്. കൃഷിഭൂമിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫേസ്ബുക്കിലോ 9846914404 ഈ നമ്പറിലോ ബന്ധപ്പെടാം.

മീന്‍വളര്‍ത്താം ഈസിയായി

മല്‍സ്യം വളര്‍ത്തല്‍ എക്കലത്തെയും മികച്ച വരുമാനം നല്‍കുന്ന കൃഷിരീതികളില്‍ ഒന്നാണ്. എന്നാല്‍ മല്‍സ്യം കഴിക്കുന്നത് പോലെ എളുപ്പമല്ല മല്‍സ്യക്കര്‍ഷകനാകുക എന്നത്. എന്നാല്‍ അതിനുള്ള പരിഹാരവും ഫേസ്ബുക്ക് തന്നെ നിര്‍ദേശിക്കുന്നു. മല്‍സ്യകൃഷിയുമായി ബന്ധപ്പെട്ട 30 ല്‍ പരം ഗ്രൂപ്പുകളാണ് ഫേസ്ബുക്കിലുള്ളത്.കൂട്ടത്തില്‍ ശ്രദ്ധേയമാണ് മല്‍സ്യകര്‍ഷകന്‍ എന്ന ഗ്രൂപ്പ്. വ്യാവസായികാടിസ്ഥാനത്തില്‍ മത്സ്യകൃഷി ചെയ്യുന്നതിനായി ധാരാളം യുവാക്കള്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ മല്‍സ്യകര്‍ഷകന്‍ പോലൊരു ഗ്രൂപ്പിന്റെ പ്രസക്തി ഏറെയാണ്. ഏതെല്ലാം വിധത്തില്‍ മത്സ്യകൃഷി ചെയ്യാം, എങ്ങനെ ചെലവ് ചുരുക്കി മത്സ്യത്തെ വളര്‍ത്താം, വിപണി കണ്ടെത്തുന്നതെങ്ങനെ തുടങ്ങി എല്ലാവിധ കാര്യങ്ങളും ചര്‍ച്ചചെയ്തുകൊണ്ടാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ മല്‍സ്യങ്ങള്‍ ഏതൊക്കെയാണ്,ബ്രീഡിംഗ് എങ്ങനെ നടത്തണം, ഓരോ വിഭാഗത്തില്‍പ്പെട്ട മല്‍സ്യങ്ങളുടെയും പരിചരണം, പ്രത്യുല്‍പാദനം എന്നിവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്, വെള്ളത്തിന്റെ പിഎച്ച് മൂല്യം എങ്ങനെ സംരക്ഷിക്കാം, ഉല്‍പാദിപ്പിച്ച മത്സ്യങ്ങള്‍ക്ക് എങ്ങനെ വിപണി കണ്ടെത്താം, മത്സ്യത്തിന്റെ വിളവെടുപ്പ് എപ്പോള്‍ നടത്തണം, മത്സ്യങ്ങളെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍, അവയുടെ ചികിത്സ, മികച്ച വിളവെടുപ്പിനായി നല്‍കേണ്ട തീറ്റകള്‍ തുടങ്ങി മല്‍സ്യകൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഉത്തരവുമായി അഡ്മിന്‍ ഇവിടെ സജീവമാണ്.

കോഴി, കാട വളര്‍ത്തല്‍ ലാഭം വരുന്ന വഴി

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകകൂട്ടായ്മകളുള്ള ഒരു മേഖലയാണ് കോഴി, കാട വളര്‍ത്തല്‍. കൂട്ടത്തില്‍ കോഴി, കാട വളര്‍ത്തല്‍ എന്ന ഗ്രൂപ്പ് ഏറെ സജീവമാണ്.വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിയാണ്, മറിച്ച് സ്വന്തം വിട്ടിലെ ആവശ്യത്തിനെങ്കിലും കാടയെയും കോഴിയേയും വളര്‍ത്തുന്നതിനും പരിപാലനത്തിനും ആയി ഈ ഗ്രൂപ്പ് പ്രയോജനപ്പെടട്ടെ എന്ന ആമുഖത്തോടെയാണ് കോഴി കാട വളര്‍ത്തല്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ഈ രംഗത്തേക്ക് ആദ്യമായി കടന്നെത്തുന്നവര്‍ക്ക് ഗ്രൂപ്പ് മികച്ച മാര്‍ഗനിര്‍ദേശിയായിരിക്കും.

Categories: FK Special, Slider