ഡീസല്‍-ഓട്ടോമാറ്റിക് ഇസുസു ഡി-മാക്‌സ് വി-ക്രോസ് പുറത്തിറക്കി

ഡീസല്‍-ഓട്ടോമാറ്റിക് ഇസുസു ഡി-മാക്‌സ് വി-ക്രോസ് പുറത്തിറക്കി

പുതിയ 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും നല്‍കി പുതുതായി ഇസഡ്-പ്രെസ്റ്റീജ് വേരിയന്റാണ് വിപണിയിലെത്തിച്ചത്. ഡെല്‍ഹി എക്‌സ് ഷോറൂം വില 19.99 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ഡീസല്‍ എന്‍ജിനും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയുള്ള ഇസുസു ഡി-മാക്‌സ് വി-ക്രോസ് ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും നല്‍കി പുതുതായി ഇസഡ്-പ്രെസ്റ്റീജ് വേരിയന്റാണ് വിപണിയിലെത്തിച്ചത്. 19.99 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. 6 സ്പീഡ് മാന്വല്‍ മാത്രം നല്‍കിയ നിലവിലെ 2.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലിനേക്കാള്‍ മൂന്ന് ലക്ഷത്തോളം രൂപ കൂടുതല്‍. ഇസുസു ഡി-മാക്‌സ് വി-ക്രോസിന്റെ ഇന്ത്യാ ലൈനപ്പില്‍ ഏറ്റവും മുകളിലാണ് പുതിയ വേരിയന്റിന് സ്ഥാനം. നിലവിലെ സ്റ്റാന്‍ഡേഡ്, ഇസഡ് വേരിയന്റുകള്‍ക്ക് മുകളില്‍.

ഇസഡ്-പ്രെസ്റ്റീജ് എന്ന പുതിയ വേരിയന്റിലെ പുതിയ 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 150 എച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. നിലവിലെ മറ്റ് രണ്ട് വേരിയന്റുകളിലെ 2.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത് 134 എച്ച്പി മാത്രമാണ്. പുതിയ 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നിലവില്‍ ബിഎസ് 4 പാലിക്കുന്നതാണ്. എന്നാല്‍ 2020 ഏപ്രില്‍ ഒന്നിന് മുമ്പായി ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റും. പുതിയ ഡീസല്‍ എന്‍ജിന്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവ നല്‍കിയതുകൂടാതെ, ഇസഡ്-പ്രെസ്റ്റീജ് വേരിയന്റില്‍ സ്റ്റാന്‍ഡേഡായി കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ നല്‍കി. ആറ് എയര്‍ബാഗുകള്‍, ബ്രേക്ക് ഓവര്‍റൈഡ് സിസ്റ്റം തുടങ്ങിയവയാണ് ഈ സുരക്ഷാ ഫീച്ചറുകള്‍.

വാഹനത്തിനകത്ത്, തവിട്ടുനിറവും കറുപ്പുമായി ഇരട്ട നിറങ്ങള്‍ നല്‍കിയിരിക്കുന്നു. ചെറുദ്വാരങ്ങളോടുകൂടിയ തുകല്‍ ഉപയോഗിച്ചാണ് അപ്‌ഹോള്‍സ്റ്ററി നിര്‍മ്മിച്ചിരിക്കുന്നത്. യുഎസ്ബി ഇന്‍പുട്ട്, ഡിവിഡി, ഓക്‌സ്, ഐപോഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ സഹിതം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം കൂടാതെ രണ്ടാം നിരയില്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, കാബിനില്‍ എല്ലായിടത്തും പിയാനോ ബ്ലാക്ക് നിറ സാന്നിധ്യം, റൂഫില്‍ സ്ഥാപിച്ച സറൗണ്ട് സ്പീക്കറുകള്‍ എന്നിവ പുതിയ വേരിയന്റില്‍ സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു.

മാസങ്ങള്‍ക്കുമുമ്പ് ഇസുസു ഡി-മാക്‌സ് വി-ക്രോസ് ചെറുതായി പരിഷ്‌കരിച്ചിരുന്നു. ഇരട്ട ബീം എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഫോഗ് ലാംപുകള്‍ക്ക് ചുറ്റും ക്രോം, റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, പുതിയ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് അന്ന് നല്‍കിയത്.

Comments

comments

Categories: Auto