ചന്ദ്രയാന്‍-2 ചാന്ദ്ര ഭ്രമണപഥത്തില്‍

ചന്ദ്രയാന്‍-2 ചാന്ദ്ര ഭ്രമണപഥത്തില്‍

സെപ്റ്റംബര്‍ ഏഴിന് പേടകത്തിലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങും

ജോലി പൂര്‍ത്തിയാവുന്നതു വരെ അര മണിക്കൂര്‍ ഞങ്ങളുടെ ഹൃദയം നിലച്ചതുപോലെയായി…മൂന്ന് കുതിപ്പുകള്‍ കൂടി നടത്തേണ്ടതുണ്ട്. ലാന്‍ഡര്‍ വേര്‍പെടുന്ന സെപ്റ്റംബര്‍ ഏഴിനാണ് വന്‍ സംഭവം നടക്കുക

-കെ ശിവന്‍, ഐഎസ്ആര്‍ഒ മേധാവി

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-2 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. ജൂലൈ 22 ന് വിക്ഷേപിച്ച പേടകം മുപ്പത് ദിവസമെടുത്താണ് ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലെത്തിയത്. ചന്ദ്ര ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ സ്ഥാപിക്കുന്ന ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍സേര്‍ഷന്‍ പ്രക്രിയ ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ വിജയകരമായി പൂര്‍ത്തിയാക്കി. 28.96 മിനുട്ട് സമയം ഉപഗ്രഹത്തിലെ പ്രൊപ്പല്‍ഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ചാണ് ചന്ദ്ര ഭ്രമണപഥത്തിലേക്ക് കുതിച്ചുചാട്ടം നടത്തിയത്.

ഇനി ചന്ദ്രന്റെ 100 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണ പഥത്തിലെത്താന്‍ ഏതാനും കുതിച്ചു ചാട്ടങ്ങള്‍ കൂടി ആവശ്യമാണെന്ന് ഏജന്‍സി അറിയിച്ചു. തുടര്‍ന്ന് ഓര്‍ബിറ്ററില്‍ നിന്ന് വിക്രം എന്ന പേരുള്ള ലാന്‍ഡര്‍ വേര്‍പെടും. സെപ്റ്റംബര്‍ ഏഴിന് ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും. മാന്‍സിനസ് സി, സിംപേലിയസ് എന്‍ എന്നീ വിള്ളലുകള്‍ക്കിടെ ലാന്‍ഡ് ചെയ്യുന്ന വിക്രത്തില്‍ നിന്ന് പ്രഗ്യാന്‍ എന്ന റോവര്‍ പുറത്തു വന്ന് പര്യവേക്ഷണങ്ങള്‍ നടത്തും. ഐഎസ്ആര്‍ഒ ടെലിമെട്രിയിലുള്ള മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സും ട്രക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കുമാണ് പേടകത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ബെംഗ്ലൂരുവിന് അടുത്തുള്ള ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കില്‍ (ഐഡിഎസ്എന്‍) നിന്നും ഐഎസ്ആര്‍ഒയ്ക്ക് പിന്തുണ ലഭിക്കുന്നുണ്ട്.

Comments

comments

Categories: Current Affairs