സ്വിഗ്ഗിയെയും സൊമാറ്റോയെയും പിടിച്ചുകെട്ടാന്‍ ആമസോണ്‍

സ്വിഗ്ഗിയെയും സൊമാറ്റോയെയും പിടിച്ചുകെട്ടാന്‍ ആമസോണ്‍

6-7 ശതമാനം മാത്രം കമ്മീഷന്‍ ഈടാക്കി റെസ്റ്ററെന്റുകളെ വലയിലാക്കാനാണ് പദ്ധതി

ബെംഗളൂരൂ: ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ബിസിനസ് ആരംഭിക്കാനൊരുങ്ങുന്ന യുഎസ് ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍, കമ്മീഷന്‍ പരമാവധി കുറച്ച് തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് റെസ്റ്ററെന്റുകളെ ആകര്‍ഷിക്കാന്‍ പദ്ധതി തയാറാക്കി. റെസ്റ്ററെന്റുകളില്‍ നിന്ന് 6-7 ശതമാനം മാത്രം കമ്മീഷന്‍ ഈടാക്കാനാണ് പരിപാടി. പങ്കാളിത്ത ബിസിനസില്‍ ഇപ്പോള്‍ സ്വിഗ്ഗിയും സൊമാറ്റോയും യുബര്‍ ഈറ്റ്്‌സും അടക്കമുള്ള ഫുഡ് ഡെലിവറി കമ്പനികള്‍ക്ക് 15-17% വരെ കമ്മീഷനാണ് റെസ്റ്ററെന്റുകള്‍ നല്‍കുന്നത്. 10 ശതമാനത്തോളം കമ്മീഷന്‍ കുറയ്ക്കുന്നതിലൂടെ റെസ്റ്ററെന്റുകളെ അപ്പാടെ വലയിലാക്കാമെന്നാണ് ആമസോണ്‍ കരുതുന്നത്. സംരംഭം ആരംഭിക്കുന്നതിനുള്ള പദ്ധതിയുമായി കമ്പനി കോംപറ്റിറ്റീവ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

ഫുഡ് ഡെലിവറി കമ്പനികള്‍ വലിയ ഡിസ്‌കൗണ്ട് നല്‍കാന്‍ നിര്‍ബന്ധിക്കുന്നെന്നും ഇത് ലാഭത്തെ ബാധിക്കുന്നെന്നുമാരോപിച്ച് റെസ്റ്ററെന്റ്് ഉടമകള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് യുഎസ് കമ്പനിയുടെ ചുവടുവെപ്പ്. ഫ്രഷ്‌മെനു, റിബെല്‍ ഫുഡ്‌സ്, ഫുഡ്പാണ്ട, ഈറ്റ്.ഫിറ്റ് തുടങ്ങിയ ക്ലൗഡ് കിച്ചണുകളുമായും മക്‌ഡൊണാള്‍ഡ്‌സ്, ഡോമിനോസ്, കെഎഫ്‌സി തുടങ്ങി മുന്‍നിര റെസ്റ്ററെന്റ് ശൃംഖലകളുമായും പ്രാദേശിക വ്യാപാരികളുമായും പങ്കാളിത്ത ചര്‍ച്ചകള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്.

Categories: Business & Economy, Slider
Tags: Amazon, Swiggy