സാമൂഹ്യ മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കണം

സാമൂഹ്യ മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കണം
  • ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് നിലപാടെന്ന് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍
  • ഭീകരവാദം, വ്യാജ പ്രചാരണങ്ങള്‍, അശ്ലീല ചിത്രങ്ങള്‍ എന്നിവയെ തടയാന്‍ ഇത് ആവശ്യം
  • കേന്ദ്രത്തിനും ഗൂഗിള്‍, ട്വിറ്റര്‍, യൂട്യൂബ് കമ്പനികള്‍ക്കും സുപ്രീം കോടതി നോട്ടീസയച്ചു
  • കേസില്‍ വാദം കേള്‍ക്കാമെന്നും വിധി പറയരുതെന്നും മദ്രാസ് ഹൈക്കോടതിക്ക് നിര്‍ദേശം

ന്യൂഡെല്‍ഹി: സാമൂഹ്യ മാധ്യമ എക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ ആവശ്യമെന്ന് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍, ഭീകരവാദവും അക്രമവും പ്രോത്സാഹിപ്പിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന കേസുകള്‍, വ്യാജ പ്രചാരണങ്ങള്‍, അശ്ലീല പ്രചരണങ്ങള്‍ എന്നിവ തടയാന്‍ സാമൂഹ്യ മാധ്യമ എക്കൗണ്ടുകളുടെ യഥാര്‍ത്ഥ ഉടമകളാരെന്ന വിവരം രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കേണ്ടതുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ പരമോന്നത നിയമ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട സന്ദേശങ്ങളുടെ ുറവിടം കണ്ടെത്തേണ്ടത് നമ്മുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്നും അദ്ദേഹം വാദിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെടുന്ന മദ്രാസ് ഹൈക്കോടതിയിലെ പൊതുതാല്‍പ്പര്യ ഹര്‍ജിയടക്കം വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്റെ ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാരിനു വേണ്ടിയാണ് എജി ഹാജരായത്. ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലും സമാന ഹര്‍ജികള്‍ നിലവിലുണ്ട്. ഫേസ്ബുക്കിന്റെ ഹര്‍ജി പരിഗണിക്കാമെന്ന് സമ്മതിച്ച സുപ്രീം കോടതി, അതേസമയം മദ്രാസ് ഹൈക്കോടതിക്ക് തുടര്‍വാദം കേള്‍ക്കാമെന്നും എന്നാല്‍ അന്തിമ വിധി പറയരുതെന്നും ഉത്തരവിട്ടു. വാദം കേള്‍ക്കുന്നതിനിടെ, വിഷയം സ്വകാര്യതയുടെ ലംഘനമാകുമെന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തില്‍ അഭിപ്രായമറിയിക്കാനാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും മറ്റ് സാമൂഹ്യ മാധ്യമ വമ്പന്‍മാരായ ഗൂഗിളിനും ട്വിറ്ററിനും യൂട്യൂബിനും സുപ്രീം കോടതി നോട്ടീസയച്ചിട്ടുണ്ട്.

സുപ്രീം കോടതിയുടെ നീക്കം ഫേസ്ബുക്കും വാട്ട്‌സ്ആപ്പും അടക്കമുള്ള സാമൂഹ്യ മാധ്യമ ഭീമന്‍മാര്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ്. സുപ്രീം കോടതിയുടെ തന്നെ സ്വകാര്യതാ വിധിയെ ഉയര്‍ത്തിപ്പിടിച്ച് ഹര്‍ജികളെ പ്രതിരോധിക്കാമെന്നാണ് കമ്പനികള്‍ കണക്കുകൂട്ടുന്നത്. സന്ദേശങ്ങള്‍ കോഡ് രൂപത്തില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിലൂടെയാണ് അയയ്ക്കുന്നതെന്നും ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിക്കാനാവില്ലെന്നുമാണ് രാജ്യത്ത് 40 കോടി വരിക്കാരുള്ള വാട്ട്‌സ്ആപ്പിന്റെ നിലപാട്. എന്നാല്‍, വാട്ട്‌സ്ആപ്പ് മെസേജുകളുടെ ഉറവിടം കണ്ടെത്താന്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ഐഐടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ നിലപാട് കടുപ്പിക്കുമെന്നാണ് സൂചന. അറ്റോണി ജനറലിന്റെ ശക്തമായ വാദമുഖങ്ങള്‍ ഇത്തരമൊരു സൂചന നല്‍കുന്നതാണ്.

വിഷയം അന്താരാഷ്ട്ര മാനങ്ങളുള്ളതാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലുള്ള നയപരമായ വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതികള്‍ വിധി പറയരുതെന്നും ഫേസ്ബുക്കിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗിയും കപില്‍ സിബലും ആവശ്യപ്പെട്ടു.

Categories: FK News, Slider