50 വര്‍ഷം പഴക്കമുള്ള കത്ത് കുപ്പിയില്‍നിന്നും കണ്ടെടുത്തു

50 വര്‍ഷം പഴക്കമുള്ള കത്ത് കുപ്പിയില്‍നിന്നും കണ്ടെടുത്തു

അലാസ്‌ക(യുഎസ്): പടിഞ്ഞാറന്‍ അലാസ്‌ക തീരത്ത് റഷ്യന്‍ നാവികസേനയില്‍ നിന്ന് ഒരു കുപ്പിയില്‍ 50 വര്‍ഷം പഴക്കമുള്ള കത്ത് ഒരാള്‍ കണ്ടെത്തി. റഷ്യയുടെ കപ്പല്‍ നങ്കൂരമിട്ടിരുന്ന സ്ഥലത്തുനിന്നും ഏകദേശം 600 മൈലുകള്‍ക്കപ്പുറമാണ് അമേരിക്കയിലെ അലാസ്‌ക സംസ്ഥാനത്തുള്ള ശിഷ്മാരെഫ് എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്.

ഇവിടെ ടൈലര്‍ ഇവാനോഫ് എന്ന വ്യക്തി വിറക് ശേഖരിക്കാന്‍ ഇറങ്ങിയപ്പോഴാണ് അദ്ദേഹത്തിന്റെ മുമ്പില്‍ ഒരു കുപ്പി പ്രത്യക്ഷപ്പെട്ടത്. ഒരു ഇളം പച്ചനിറത്തിലുള്ള കുപ്പിയില്‍ കോര്‍ക്കിന്റെ അടപ്പ് ഉള്ളതു പോലെ തോന്നി. പക്ഷേ അത് കോര്‍ക്കിന്റെ അടപ്പ്് ആയിരുന്നില്ല. ഇറുകിയ ക്യാപ് ആയിരുന്നു. കുപ്പിക്കുള്ളില്‍ ഒരു കുറിപ്പ് ഉണ്ടെന്ന് ടൈലര്‍ ഇവാനോഫിനു കാണാന്‍ കഴിഞ്ഞു. ഒരു സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുറിപ്പ് പുറത്തേയ്‌ക്കെടുത്തു. കുപ്പിക്കുള്ളില്‍ കത്ത് ഉണങ്ങിയ നിലയിലാണു കാണപ്പെട്ടത്. അതിനു വൈനിന്റെയോ പഴകിയ മദ്യത്തിന്റെയോ പോലുള്ള ഗന്ധം ഉണ്ടായിരുന്നെന്നു ടൈലര്‍ ഇവാനോഫ് പറഞ്ഞു. പിന്നീട് ഈ കത്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. ഫേസ്ബുക്കില്‍ വച്ച് റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ കത്തിലെ സന്ദേശം ഇംഗ്ലീഷിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്തു. 1969-ജൂണ്‍ 20ല്‍ ശീതയുദ്ധം കൊടുമ്പിരി കൊണ്ട സമയത്ത് ഒരു റഷ്യന്‍ സെയ്‌ലര്‍ എഴുതിയ കത്തായിരുന്നു അത്. കത്ത് എഴുതിയത് കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റന്‍ അനതോലി പ്രൊകോഫിവിക്ക് ആയിരുന്നെന്നു റഷ്യയുടെ ഔദ്യോഗിക മാധ്യമ ശൃംഖലയായ റഷ്യ-1 കണ്ടെത്തി. 1966 മുതല്‍ 1970 വരെ സഞ്ചരിച്ചിരുന്ന കപ്പലായ സുലാക്കില്‍ വച്ചാണു ക്യാപ്റ്റന്‍ അനതോലി കത്ത് എഴുതിയത്. കത്തില്‍ ഒരു വിലാസമുണ്ടായിരുന്നു. കത്തില്‍ എഴുതിയിരുന്ന സന്ദേശം ഇങ്ങനെയായിരുന്നു;
റഷ്യന്‍ ഫാര്‍ ഈസ്റ്റ് ഫഌറ്റ് കപ്പലായ വിആര്‍എക്‌സ്എഫ് സുലാകില്‍നിന്നും ആത്മാര്‍ത്ഥമായ ആശംസകള്‍! കുപ്പി കണ്ടെത്തിയവരെ ഞാന്‍ അഭിവാദ്യം ചെയ്യുകയും വ്‌ലാഡി വാസ്റ്റോക്ക് 43 ബിആര്‍എക്‌സ്എഫ് സുലക് എന്ന വിലാസത്തിലെ മുഴുവന്‍ ജീവനക്കാരോടും പ്രതികരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് നല്ല ആരോഗ്യവും നീണ്ട ജീവിതവും സന്തോഷകരമായ കപ്പലോട്ടവും ഞങ്ങള്‍ നേരുന്നു. 20 ജൂണ്‍ 1969. ഇതായിരുന്നു കത്തിലെ സന്ദേശം.
ഈ കത്ത് എഴുതിയ ക്യാപ്റ്റന്‍ അനതോലിക്ക് ഇപ്പോള്‍ 86 വയസുണ്ട്. അദ്ദേഹത്തെ ഈ കത്ത് മാധ്യമപ്രവര്‍ത്തകര്‍ കാണിച്ചപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു. സുലാക് എന്ന കപ്പല്‍ 1990-ല്‍ പൊളിച്ചു.

Comments

comments

Categories: FK News
Tags: Old letter