ഇന്ത്യയില്‍ ബാറ്ററി നിര്‍മാണത്തിന് ടെസ്‌ലയും

ഇന്ത്യയില്‍ ബാറ്ററി നിര്‍മാണത്തിന് ടെസ്‌ലയും
  • 50,000 കോടി രൂപ ചെലവില്‍ ബാറ്ററി നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യ
  • 2025 ഓടെ ലിഥിയം അയോണ്‍ ബാറ്ററികള്‍ നിര്‍മിക്കുന്ന 11 ഗിഗാ ഫാക്റ്ററികള്‍ വേണം
  • 50 ഗിഗാവാട്ട് അവര്‍ ഫാക്റ്ററികള്‍ സ്ഥാപിക്കാനുള്ള കരാര്‍ ഫെബ്രുവരിയോടെ നല്‍കും

ന്യൂഡെല്‍ഹി: രാജ്യത്ത് ലിഥിയം അയോണ്‍ ബാറ്ററികള്‍ നിര്‍മിക്കുന്ന വമ്പന്‍ ഫാക്റ്ററികള്‍ സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ പങ്കാളിയാവാന്‍ യുഎസ് ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയടക്കമുള്ള വിദേശ കമ്പനികള്‍ താല്‍പര്യം പ്രകടിച്ചു. ചൈനീസ് കമ്പനികളായ കണ്ടംപററി അംപെറെക്‌സ് ടെക്‌നോളജിയും (സിഎടിഎല്‍) ബിവൈഡിയും പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യയെ ലോകത്തിന്റെ ഇലക്ട്രിക് വാഹന നിര്‍മാണ കേന്ദ്രമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായുള്ള പദ്ധതിക്ക് 50,000 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളെ (ഇവി) പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ എണ്ണ ഇറക്കുമതി കുറയ്ക്കാനും വിദേശ നാണയം ലാഭിക്കാനും രാജ്യത്തെ പ്രധാന നഗരങ്ങളിലെ മലിനീകരണം കുറയ്ക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിതി ആയോഗിന്റെ ശുപാര്‍ശ പ്രകാരമാണ് വമ്പന്‍ ബാറ്ററി നിര്‍മാണ യൂണിറ്റുകള്‍ സര്‍ക്കാര്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. പദ്ധതിക്ക് ധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ അനുമതിയായിട്ടുണ്ട്. സെപ്റ്റംബറോടെ കേന്ദ്ര മന്ത്രിസഭ പദ്ധതിക്ക് അന്തിമ അനുമതി നല്‍കിയേക്കും. ഭാവിയിലെ ഊര്‍ജ ആവശ്യകതകള്‍ കണക്കിലെടുത്ത് 50 ഗിഗാവാട്ട് അവര്‍ ഫാക്റ്ററികള്‍ നിര്‍മിക്കാനാണ് പദ്ധതി. ഫെബ്രുവരിയോടെ ഇതിനുള്ള അന്തിമ ടെന്‍ഡര്‍ നല്‍കും. ഏറ്റവും കുറഞ്ഞ ലേല തുക 5 ഗിഗാവാട്ട് അവറും പരമാവധി 20 ഗിഗാവാട്ട് അവറും ആയിരിക്കും. കയറ്റുമതി കൂടി ലക്ഷ്യമിട്ട് 2025 ഓടെ 11 ഗിഗാ ഫാക്റ്ററികളും 2030 ഓടെ 24 ഫാക്റ്ററികളും യാഥാര്‍ത്ഥ്യമാക്കാനാണ് പദ്ധതി. ആഭ്യന്തര ഉപയോഗത്തിനായി 2025 ല്‍ ആറ് ഗിഗാ ഫാക്റ്ററികളും 2030 ല്‍ 12 ഫാക്റ്ററികളും വേണ്ടിവരും. ഓരോ ഗിഗാവാട്ട് അവര്‍ ബാറ്ററിയും ഒരു ദശലക്ഷം ഭവനങ്ങള്‍ക്കും 30,000 ഇവികള്‍ക്കും ഒരു മണിക്കൂര്‍ സമയത്തേക്ക് ഊര്‍ജമേകാന്‍ ശേഷിയുള്ളതാണ്.

ഇവികള്‍ക്ക് പുറമെ വൈദ്യുത ഗ്രിഡിലേക്ക് ഊര്‍ജം നല്‍കാനും ഈ ബാറ്ററികള്‍ ഉപകരിക്കും. സോളാര്‍ പാടങ്ങളിലും കാറ്റാടി യന്ത്രങ്ങളിലും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഈ വമ്പന്‍ ബാറ്ററികളില്‍ ശേഖരിച്ച ശേഷമാവും ഗ്രിഡിലേക്ക് നല്‍കുക. പാരിസ്ഥിതിക പ്രതിബദ്ധതയുടെ ഭാഗമായി 2022 ഓടെ 175 ഗിഗാവാട്ടും 2030 ഓടെ 500 ഗിഗാവാട്ടും സ്ഥാപിത പുനരുപയോഗ ഊര്‍ജ ശേഷി നേടാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സോളാര്‍ പാനലുകള്‍, ലിഥിയം അയോണ്‍ ബാറ്ററി, ഗിഗാ ഫാക്റ്ററി എന്നിവയ്ക്കും സോളാര്‍ ഇലക്ട്രിക് ചാര്‍ജിംഗിന് അടിസ്ഥാനസൗകര്യമൊരുക്കുന്നതിനും ധനമന്ത്രി നിര്‍മല സീതാരാമന്‍ നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു.

വരുമോ ടെസ്‌ല

കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ടെസ്‌ലയുടെ ഇവി കാര്‍ 2020 ഓടെ ഇന്ത്യന്‍ നിരത്തിലെത്തുമെന്ന് സിഇഒ ഇലോണ്‍ മസ്‌ക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2016 ല്‍ ഇന്ത്യന്‍ ഓട്ടോ നിര്‍മാതാക്കളുമായി സഹകരിച്ച് പരിസ്ഥിതി സൗഹൃദ വാഹന നിര്‍മാണത്തിന് സംയുക്ത സംരംഭം ആരംഭിക്കാന്‍ ടെസ്‌ല ഒരു പദ്ധതി മുന്നോട്ട് വെച്ചിരുന്നുവെങ്കിലും നടപ്പായില്ല. ഇന്ത്യയിലെ പദ്ധതികള്‍ വൈകുന്നതിന് ഉയര്‍ന്ന ഇറക്കുമതി തീരുവകളെയും സര്‍ക്കാരിന്റെ ചുവപ്പനാടക്കുരുക്കുകളെയുമാണ് മസ്‌ക് കുറ്റപ്പെടുത്തുന്നത്. ബാറ്ററി നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ടെസ്ല താല്‍പ്പര്യം പ്രകടിപ്പിച്ചത് ശുഭവാര്‍ത്തയാണ്. ഇത് കമ്പനിയുടെ ഇവികളെയും ചാര്‍ജിംഗ് സ്റ്റേഷനുകളെയും ഇന്ത്യയിലെത്തിക്കാനുള്ള പരിപാടിയുടെ വേഗം കൂട്ടും.

Categories: FK News, Slider
Tags: Tesla