എന്‍ബിഎഫ്‌സികള്‍ക്ക് ഇനി ഉത്തേജന പദ്ധതി വേണ്ട: എസ്ബിഐ ചെയര്‍മാന്‍

എന്‍ബിഎഫ്‌സികള്‍ക്ക് ഇനി ഉത്തേജന പദ്ധതി വേണ്ട: എസ്ബിഐ ചെയര്‍മാന്‍

ഇനി വായ്പാ ദാതാക്കളുടെ ഭാഗത്തു നിന്നുള്ള നടപ്പാക്കല്‍ മാത്രമാണ് വേണ്ടതെന്ന് രജനീഷ് കുമാര്‍

മുംബൈ: ബാങ്കിംഗ് ഇതര സാമ്പത്തിക സേവന (എന്‍ബിഎഫ്‌സി) മേഖലയില്‍ ഉത്തേജന പാക്കേജുകളൊന്നും ഇനി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും കൊണ്ടുവരാന്‍ സാധ്യതയില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍. ഈ മേഖലയ്ക്ക് കൂടുതല്‍ ഉത്തേജന പദ്ധതികളുടെ ആവശ്യമില്ലെന്നും ഫിബാക്2019 എന്ന പേരില്‍ ഫിക്കിയും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ബാങ്കിംഗ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘എന്‍ബിഎഫ്‌സി മേഖലക്കായി സര്‍ക്കാരും റിസര്‍വ് ബാങ്കും വേണ്ടത്ര നടപടികളെടുത്തിട്ടുണ്ട്. ഇനി വായ്പാ ദാതാക്കളുടെ ഭാഗത്തു നിന്നുള്ള നടപ്പാക്കല്‍ മാത്രമാണ് വേണ്ടത്. ഈ മേഖലയില്‍ ഇനിയും സര്‍ക്കാരിന് ചെയ്യാന്‍ എന്തെങ്കിലും ബാക്കിയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഭാഗിക വായ്പാ വളര്‍ച്ച, പലിശ നിരക്ക് എന്നിവ മയപ്പെട്ടു,’ അദ്ദേഹം പറഞ്ഞു.

സാമ്പത്തികപരമായി മികച്ച നിലയിലുള്ള എന്‍ബിഎഫ്‌സികളുടെ ഉയര്‍ന്ന റേറ്റിംഗുള്ള ഒരു ലക്ഷം കോടി വരെയുള്ള ആസ്തികള്‍ ഏറ്റെടുക്കാന്‍ ബാങ്കുകളെ പ്രോല്‍സാഹിപ്പിക്കുന്ന ഭാഗിക വായ്പ ഗ്യാരണ്ടി സ്‌കീം കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതുമൂലം നേരിട്ടേക്കാവുന്ന ആദ്യത്തെ 10% വരെയുള്ള നഷ്ടത്തിന് ആറ് മാസത്തെ ഒറ്റത്തവണ ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടി, സര്‍ക്കാര്‍ നല്‍കും. ഈ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി ആര്‍ബിഐ ബാങ്കുകളുടെ കടപ്പത്ര മാനദണ്ഡങ്ങള്‍ ഇളവ് ചെയ്തിരുന്നു. ഇത് ബാങ്കുകളെ ആസ്തികള്‍ വാങ്ങുന്നതിനും എന്‍ബിഎഫ്‌സികള്‍ക്ക് വായ്പ നല്‍കുന്നതിനും 1.34 ലക്ഷം കോടി രൂപയുടെ അധിക കടമെപ്പിനും അനുവദിക്കും.

Categories: FK News, Slider
Tags: NBFC