അറബ് വനിത ശാസ്ത്രജ്ഞരെ നേതൃസ്ഥാനങ്ങളിലെത്തിക്കാന്‍ ‘അവ്‌ല’

അറബ് വനിത ശാസ്ത്രജ്ഞരെ നേതൃസ്ഥാനങ്ങളിലെത്തിക്കാന്‍ ‘അവ്‌ല’

വിവിധ അറബ് രാഷ്ട്രങ്ങില്‍ നിന്നുള്ള 22 വനിത ശാസ്ത്രജ്ഞരാണ് അവ്‌ലയെന്ന ഗവേഷണ പരിപാടിയില്‍ പങ്കെടുക്കുന്നത്

തങ്ങളുടെ തൊഴിലിടങ്ങളിലും സമൂഹത്തിലും രാജ്യത്ത് തന്നെയും മികച്ച പ്രതിഫലനമുണ്ടാക്കാന്‍ സാധിക്കുന്ന അറബ് വനിത ഗവേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന ഒരു വേദിയെ കുറിച്ച് ചിന്തിച്ച് നോക്കൂ. ഇനി ഇത്തരം വനിതകളുടെ മികവും പ്രതിഭയും കാര്‍ഷികരംഗത്തെ അഭിവൃദ്ധിക്കായി പ്രയോജനപ്പെടുത്തുകയും അവര്‍ അനുഭവിക്കുന്ന തൊഴില്‍പരമായുള്ള വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ സഹായിക്കുന്നതുമായ ഒരു പരിപാടിയെ കുറിച്ച് ആലോചിച്ച് നോക്കൂ. ഇനി ഈ രണ്ട് ഉദ്ദേശ്യലക്ഷ്യങ്ങളും സാര്‍ത്ഥമാക്കുകയും അതോടൊപ്പം ഈ ഭൂമിയില്‍ ‘എല്ലാവരുടെയും നിലനില്‍പ്പ് സാധ്യമാക്കുന്ന ഒരു ഭാവി’യെന്ന ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യം കൂടി ഉള്‍ക്കൊള്ളുകയും ചെയ്യുന്ന പരിപാടിയെ കുറിച്ച് ചിന്തിക്കൂ. അതാണ് ഇന്റെര്‍നാഷ്ണല്‍ സെന്റര്‍ ഫോര്‍ ബയോസലൈന്‍ അഗ്രികള്‍ച്ചര്‍(ഐസിബിഎ) കഴിഞ്ഞിടെ രൂപം നല്‍കിയ അറബ് വുമണ്‍ ലീഡേഴ്‌സ് ഇന്‍ അഗ്രികള്‍ച്ചര്‍(എഡബ്ല്യൂഎല്‍എ)അഥവാ അവ്‌ല എന്ന പരിപാടി.

ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനും ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്കും സിജിഐഎആറിന്റെ ഗോതമ്പിനെ കുറിച്ചുള്ള ഗവേഷണ പരിപാടിയും ഫണ്ട് ചെയ്യുന്ന അവ്‌ലയുടെ ലക്ഷ്യം പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയ്ക്ക് കാര്‍ഷിക സ്ഥിരതയും ഭക്ഷ്യ സുരക്ഷയും നേടിക്കൊടുക്കാന്‍ ശേഷിയും അറിവും നേതൃഗുണവുമുള്ള അറബ് വനിത ഗവേഷകരുടെ ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കുക എന്നതാണ്.

മാധ്യമ കണ്ണുകളുടെ ശ്രദ്ധയില്‍ ഇതുവരെ പെടാതിരുന്ന ഈ പരിപാടിയുടെ ആദ്യഘട്ട ഉദ്യോഗാര്‍ത്ഥികള്‍ അള്‍ജീരിയ, ഈജിപ്ത്, ജോര്‍ദാന്‍, ലെബനന്‍, മൊറൊക്കോ, ടുണീഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 22 വനിത ശാസ്ത്രജ്ഞരാണ്. കാര്‍ഷിക, ഭക്ഷ്യ സുരക്ഷ രംഗത്തെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഈ വനിത ഗവേഷകര്‍ അവ്‌ലയുടെ പരിശീലനം ലഭിച്ച ശാസ്ത്രജ്ഞരെന്ന നിലയില്‍ ഭാവിയില്‍ പശ്ചിമേഷ്യ,വടക്കന്‍ ആഫ്രിക്ക മേഖലയുടെ കാര്‍ഷിക, ഭക്ഷ്യ സുരക്ഷ വെല്ലുവിളികളെ നേരിടും.

മാനേജ്‌മെന്റ് രംഗത്തുള്ള സ്ത്രീകള്‍ക്കാണ് പ്രസ്തുത മേഖലയിലെ വെല്ലുവിളികളെ കൂടുതല്‍ നന്നായി മനസിലാക്കാന്‍ സാധിക്കുകയെന്ന്് ഐസിബിഎയുടെ ഡയറക്ടര്‍ ജനറല്‍ ഡോ.ഇസ്മഹെയ്ന്‍ എലൗഫി പറയുന്നു. വിദ്യാസമ്പന്നരായ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ ചെറിയ പദവികളില്‍ ജോലി ചെയ്യുന്നത് സ്ത്രീകളുടെ വിദ്യാഭ്യാസം കൊണ്ട് രാജ്യം നേടാന്‍ ആഗ്രഹിക്കുന്ന പുരോഗതിക്ക് വെല്ലുവിളിയാണെന്നും അവര്‍ പറയുന്നു.

അവ്‌ല- ഞാന്‍ യോഗ്യയാണ്

രണ്ട് വര്‍ഷം മുമ്പ് പുറത്തുവന്ന ചില കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് അവ്‌ലയെന്ന ആശയം ജനിക്കുന്നത്. അറബ് മേഖലയിലുള്ള സര്‍വ്വകലാശാലകളിലെ വനിത പ്രാതിനിധ്യം 50 ശതമാനത്തിനടുത്താണ്. സര്‍വ്വകലാശാലകളിലെ സ്ത്രീകളുടെ സാന്നിധ്യം ശക്തമാണെങ്കില്‍ കൂടിയും തൊഴിലിടങ്ങളിലെ മാനേജ്‌മെന്റ് റോളുകളില്‍ വനിതാ പ്രാതിനിധ്യം കേവലം രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണെന്നായിരുന്നു ആ കണക്കുകള്‍ വ്യക്തമാക്കിയിരുന്നത്. പ്രാദേശികതലത്തില്‍ അറബ് മേഖലയിലുള്ള വനിത ശാസ്ത്രജ്ഞരുടെ എണ്ണം ശരാശരി 17 ശതമാനം മാത്രമാണ്. ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ നിലവാരമാണ് ഇത്.

കാര്‍ഷിക രംഗത്ത്, പ്രധാനമായും ഫാക്ടറി, ഭക്ഷ്യ സംസ്‌കരണം, കൃഷി തുടങ്ങിയ മേഖലകളില്‍ വളരെയധികം സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്നുണ്ട്. എന്നിട്ടും ശാസ്ത്ര സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് തലപ്പത്ത് വിരലിലെണ്ണാവുന്ന സ്ത്രീകളേ ഉള്ളൂ, പ്രത്യേകിച്ച് കാര്‍ഷിക മേഖലയില്‍. ഇത് ഒട്ടും അഭിലഷിണീയമല്ലെന്ന് എലൗഫി പറയുന്നു. അവസരങ്ങളും പരിശീലനവും ലഭിച്ചാല്‍ തങ്ങളുടെ കരിയറില്‍ കൂടുതല്‍ മികവ് പ്രകടമാക്കാന്‍ ശേഷിയുള്ളവരാണ് ഓരോ അറബ് വനിതയെന്നും അര്‍ത്ഥമാക്കുന്ന ഒരു വാക്ക് വേണ്ടുന്നത് കൊണ്ടാണ് അറബിക് ഭാഷയില്‍ ‘ഞാന്‍ യോഗ്യയാണ്’ എന്ന അര്‍ത്ഥമുള്ള അവ്‌ല എന്ന പേര് ഈ ഗവേഷണ കൂട്ടായ്മയ്ക്ക് വേണ്ടി തെരഞ്ഞെടുത്തതെന്ന് എലൗഫി വ്യക്തമാക്കി.

ജൂണ്‍ 30ന് ട്യൂണിസില്‍ വെച്ച് നടന്ന എട്ട് ദിവസത്തെ ശില്‍പ്പശാലയോടെയാണ് അവ്‌ലയുടെ ആദ്യ ഘട്ടം ആരംഭിച്ചത്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഓറിയന്റേഷന്‍ ക്ലാസുകളും നേതൃഗുണ സെഷനുകളും അടങ്ങിയതായിരുന്നു ആ ശില്‍പ്പശാല. ടുണീഷ്യയിലും യുഎഇയിലുമായി നടത്തപ്പെടുന്ന 10 മാസം ദൈര്‍ഘ്യമുള്ള ഈ പരിപാടിയില്‍ മുഖാമുഖമുള്ള മൂന്ന് പഠന പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനായുള്ള 12 ഗവേഷണ, വികസന പദ്ധതികളുമാണ് ഉള്ളത്.

പ്രത്യേക വിഷയത്തിലൂന്നിയ സംഘാടിസ്ഥാനത്തിലുള്ള ‘കാപ്‌സ്റ്റോണ്‍ പ്രോജക്ടു’ളാണ് ഈ പരിപാടിയുടെ പ്രധാന ഘടകം. ഉദ്യോഗാര്‍ത്ഥികള്‍ പത്ത് മാസത്തെ പരിശീലനത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത കഴിവും അറിവും ഉപയോഗപ്പെടുത്താനുള്ള അവസരമാണ് ഈ പ്രോജക്ടുകള്‍ നല്‍കുന്നത്. വൈവിധ്യാത്മകത പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത പശ്ചാത്തലത്തിലുള്ളവരെ സംഘങ്ങളില്‍ ഉള്‍പ്പെടുത്തും. പരിപാടിയുടെ അവസാനം ഗവേഷകര്‍ അവരുടെ പ്രോജക്ടുകള്‍ സമര്‍പ്പിക്കുകയും ഫണ്ട് നല്‍കുന്നവരുമായി പ്രോജക്ട് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും വേണം.

പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി അവ്‌ല നേതൃസ്ഥാനങ്ങളിലേക്ക് കടന്നുചെല്ലാന്‍ അവര്‍ക്ക് അവസരമൊരുക്കുകയും ഗവേഷണത്തിലെ മികവും അതുണ്ടാക്കുന്ന അനന്തരഫലങ്ങളും സമൂഹത്തിലേക്ക് എത്തിക്കുകയും ലിംഗഭേദമില്ലാത്ത തൊഴിലിട സംസ്‌കാരവും പരിതസ്ഥിതിയും പ്രോത്സാഹിപ്പിക്കുകയും ഉദ്യോഗാര്‍ത്ഥികളുടെ ബുദ്ധിവൈഭവവും കഴിവുകളും സംഭാവനകളും ഉയര്‍ത്തിക്കാട്ടുന്നതിനുള്ള പ്ലാറ്റ്‌ഫോം ഒരുക്കുകയും ചെയ്യും.

നേതൃസ്ഥാനങ്ങളില്‍ പുരുഷന്മാരേക്കാള്‍ മികവ് സ്ത്രീകള്‍ക്ക്

കാര്‍ഷിക, ശാസ്ത്ര മേഖലകളില്‍ മാത്രമല്ല അറബ് മേഖലയില്‍ പൊതുവായുള്ള പുരുഷ കേന്ദ്രീകൃത നേതൃത്വമാണ് മാനേജ്‌മെന്റ് റോളുകളിലേക്ക് സ്ത്രീകള്‍ എത്താത്തതിനുള്ള പ്രധാനകാരണമായി എലൗഫി കരുതുന്നത്. ജൈവപരവും സാംസ്‌കാരികപരവുമായുള്ള കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. കൂടുതല്‍ സ്ത്രീകള്‍ക്കും കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കാനാണ് താല്‍പ്പര്യമെന്നും എലൗഫി പറയുന്നു. അതേസമയം തന്നെ നേതൃസ്ഥാനത്ത് നില്‍ക്കാന്‍ പുരുഷന്മാരേക്കാളും കഴിവ് സ്ത്രീകള്‍ക്കാണെന്നും എലൗഫി അഭിപ്രായപ്പെട്ടു. സ്ത്രീകളുടേത് മൃദുസമീപനമാണ്. വൈകാരിക ബുദ്ധിവൈഭവമെന്ന് അതിനെ വിളിക്കാം.

വിശാലാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേട്ടമുണ്ടാക്കുക എന്നതിനപ്പുറം ഐക്യരാഷ്ട്രസഭയുടെ നാല് സുസ്ഥിര വികസന ലക്ഷ്യങ്ങളോടും ഈ പരിപാടി കൂറ് പുലര്‍ത്തുന്നു. ലിംഗ സമത്വം, കാലാവസ്ഥാ ലക്ഷ്യങ്ങള്‍, ഭൂമിയിലെ ജീവിതം, ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള കൂട്ടായ്മ എന്നിവയാണവ.

ശാസ്ത്രരംഗത്തുള്ള വനിതകളുടെ കഴിവുകളുടെ വികാസത്തിനപ്പുറം മെച്ചപ്പെട്ട ഭക്ഷ്യ സുരക്ഷ, പോഷണം, കൂടുതല്‍ മികവുള്ള ഗവേഷണ വികസന സാഹചര്യങ്ങള്‍, സാമ്പത്തിക-സാമൂഹിക നേട്ടങ്ങള്‍ എന്നിവയും അവ്‌ലയുടെ ദീര്‍ഘകാല ലക്ഷ്യങ്ങളാണ്.

ഈ പരിപാടി വളരെ ഇന്നവേറ്റീവും പ്രധാന്യമര്‍ഹിക്കുന്നതുമാണെന്ന് ടൂണിഷ്യയില്‍ നിന്നുള്ള ആഗ്രോണമി-ജനിതക ശാസ്ത്ര പ്രഫസര്‍ ഡോ.മൗലാദി ഇല്‍ ഫെല പറയുന്നു. ഭാവിയില്‍ കാര്‍ഷികമേഖലയുടെ നേതൃസ്ഥാനങ്ങളിലെത്തുന്ന വനിതകള്‍ക്ക് ഊ പദ്ധതി നേട്ടമാകുമെന്നും പ്രദേശത്തെ ലിംഗ അസമത്വം പരിഹരിക്കാന്‍ ഈ പരിപാടിയിലൂടെ സാധിക്കുമെന്നു മൗലാദി പറഞ്ഞു.

ആത്യന്തികമായി അറബ് വനിത ശാസ്ത്രജ്ഞര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അവസരങ്ങള്‍ നല്‍കുക എന്നതാണ് അവ്‌ലയുടെ ലക്ഷ്യമെന്ന് എലൗഫി പറയുന്നു. കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെയും നേതൃഗുണ പരിപാടിയിലൂടെയും കടന്നുപോകുന്ന ഏതൊരു സ്ത്രീക്കും അവരുടെ കരിയറില്‍ മികവ് ഉണ്ടാക്കുന്നതിന് വേണ്ട കഴിവുകള്‍ ആര്‍ജിച്ചെടുക്കാന്‍ സാധിക്കും. അവ്‌ലയില്‍ പങ്കെടുക്കുന്ന മിക്ക സ്ത്രീകള്‍ക്കും അവരുടെ നേതൃഗുണം വികസിപ്പിക്കാന്‍ അവസരം ലഭിക്കാത്തവരാണ്. അവസരം ലഭിച്ചാല്‍ മാനേജീരിയല്‍ പദവികള്‍ എത്രത്തോളം ആസ്വദനീയമാണെന്ന് അവര്‍ക്ക് മനസിലാകും. അത് അവരെ അത്തരം സ്ഥാനങ്ങളിലെത്താന്‍ പ്രചോദനം നല്‍കും.

Comments

comments

Categories: Arabia