എല്ലാം തിരിച്ചെടുക്കുന്ന കടല്‍

എല്ലാം തിരിച്ചെടുക്കുന്ന കടല്‍

ആഗോള വ്യാപാര സംഘര്‍ഷത്തിന്റെയും മാന്ദ്യത്തിന്റെയും ചുവടുപിടിച്ച് ഇന്ത്യയിലും വളര്‍ച്ചാ മുരടിപ്പ് ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു. വാഹനം മുതല്‍ റിയല്‍ എസ്‌റ്റേറ്റ് വരെ വിവിധ വിപണികള്‍ ഞെരുക്കം നേരിടുകയാണ്. നാം ഇപ്പോള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന മാന്ദ്യത്തിന്റെകാരണങ്ങള്‍ ഒന്നും തന്നെ ആഭ്യന്തരമാണെന്ന് പറയുക വയ്യ. എന്നാല്‍ ഇത്തരം വിപത്തുകളെ മുന്‍കൂട്ടിക്കാണുവാന്‍ നമുക്ക് കണ്ണുകള്‍ ഇല്ലാതെ പോയതിന്റെ ഫലമാണിവയെല്ലാം

‘എല്ലാ സാമ്പത്തിക ഇടപാടുകളും കമ്പോളവല്‍ക്കരിക്കുക എന്നതാണ് ലോക വ്യാപാര സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. അതിലവര്‍ വിജയം കണ്ടുകൊണ്ടിരിക്കുകയാണ്. അവികസിത നാടുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത പദാര്‍ത്ഥങ്ങളും കാര്‍ഷിക വിഭവങ്ങളും മറ്റു വസ്തുക്കളും ഏറ്റവും ചുരുങ്ങിയ വിലയ്ക്ക് തങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് സമ്പന്ന രാഷ്ട്രങ്ങളുടെയും ബഹുരാഷ്ട്ര കുത്തകകളുടെയും ലക്ഷ്യം. അവര്‍ അതിനാവശ്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതിന്റെ ഫലമായി അസംസ്‌കൃത വസ്തുക്കളുടെയും കാര്‍ഷികോല്‍പ്പന്നങ്ങളുടെയും മറ്റും വിലകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇന്ന് കൃഷിക്കാര്‍ നേരിടുന്ന പ്രതിസന്ധിയുടെ അടിസ്ഥാന കാരണം ഇതാണ്. കമ്പോളനിയമങ്ങള്‍ സാര്‍വദേശീയവല്‍ക്കരിക്കപ്പെട്ടതോടെ ദുരിതത്തിലകപ്പെട്ടതും വികസ്വരനാടുകളാണ്. സമ്പന്നരുടെ കടന്നുകയറ്റത്തില്‍ നിന്ന് തങ്ങളുടെ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാനായി ഏര്‍പ്പെടുത്തിയ എല്ലാത്തരം നിയന്ത്രണങ്ങളും എടുത്തുകളയാന്‍ ഗാട്ട് കരാര്‍ അംഗീകരിച്ചതിലൂടെ അവര്‍ നിര്‍ബന്ധിതരായി’

– എം പി വീരേന്ദ്രകുമാര്‍, ‘അധിനിവേശത്തിന്റെഅടിയൊഴുക്കുകള്‍’

അടുത്ത ദിവസങ്ങളില്‍ ഒരു വാര്‍ത്ത വന്നിരുന്നു. വിഐപി ബ്രാന്‍ഡ് പുരുഷ അടിവസ്ത്രത്തിന്റെ വില്‍പ്പന ജൂണില്‍ അവസാനിച്ച പാദ വര്‍ഷത്തില്‍ 20% കുറഞ്ഞിരിക്കുന്നു. പെട്ടെന്ന് മനസ്സിലാവുക ഇത് ആ കമ്പനിയുടെ ഉല്‍പ്പന്നത്തിന്റെ എന്തോ പോരായ്മയോ മറ്റേതോ ജെട്ടിയുടെ നിര്‍മ്മാതാക്കള്‍ ആളുകളെ ‘എന്തോ’ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വശത്താക്കി (ഇത്തരം ‘വിഷയ’ങ്ങളില്‍ പെട്ടെന്ന് വശംവദരാവുന്നവര്‍ ആണ് നമ്മള്‍) അതിന്റെ വിപണി വലുതാക്കി വിഐപിയെ തളര്‍ത്തിയതോ ആവാം എന്നാണ്. എന്നാല്‍ ‘ഡോളര്‍ ഇവിടെയാണ്’ എന്ന് മേനിപറഞ്ഞ് വികൃത പ്രദര്‍ശനം നടത്തുന്ന ഉല്‍പ്പന്നവും ഇതേ കാലയളവില്‍ 4% വളര്‍ച്ചക്കുറവ് നേരിട്ടു. ജോക്കി ബ്രാന്‍ഡിന് പേരിന് രണ്ട് ശതമാനം വളര്‍ച്ച കിട്ടി. എന്നാല്‍ ഇത് കഴിഞ്ഞ പത്തുകൊല്ലത്തെ കണക്കെടുത്താല്‍, ഏറ്റവും കുറവാണ്.

ഇന്ത്യയിലെ പുരുഷന്മാര്‍ കഴിഞ്ഞ നൂറ്റാണ്ടിലാണ് കൗപീനത്തില്‍ നിന്ന് ജെട്ടിയിലേക്ക് മാറിയത്. അതില്‍നിന്ന് ഒരു തിരിച്ചുപോക്ക് നടന്നത് കൊണ്ടല്ല 27,931 കോടി രൂപ വരുന്ന, ഇന്ത്യന്‍ വസ്ത്രവിപണിയുടെ 10% വരുന്ന, അടിവസ്ത്ര വ്യാപാരം അടിത്തറ കണ്ടത്. ബൃഹദ് സമ്പദ്വ്യവസ്ഥ നേരിട്ട എല്ലാ വെല്ലുവിളികളും, അത്, 2008ലെ സാമ്പത്തിക മാന്ദ്യമാകട്ടെ, 2016 ലെ നോട്ടുബന്ദിയും തുടര്‍ന്നുണ്ടായ പണക്ഷാമവുമാവട്ടെ, തുടര്‍ന്നുവന്ന ജിഎസ്ടി ബന്ധിത നിര്‍സംഭരണമാവട്ടെ, ഈ വിപണി ഇതുവരെ അതിജീവിച്ചിട്ടുണ്ട്. ‘(ഇന്ന്) ആളുകള്‍ കടയില്‍ വരുന്നില്ല. വിപണിവികാരം ഇങ്ങനെയായിരുന്നില്ല. കാറ്റ് ഇപ്പോള്‍ എതിരാണ്, അത് ശക്തവുമാണ്,’ ജോക്കി കമ്പനിയുടെ തലവന്‍ കഴിഞ്ഞയാഴ്ച പറഞ്ഞു. വരുമാനത്തിലെ ചെലവാക്കാനുതകുന്ന പണത്തിന്റെ അനുപാതവും അളവും കുറയുന്നതാണ് ഈ വീഴ്ചയ്ക്ക് കാരണം. ഈ അനുപാതം ആളോഹരിക്കണക്കില്‍ 13.3% ആണ് 2010-14 കാലഘട്ടത്തില്‍ രേഖപ്പെടുത്തിയിരുന്നത്. 2015-18 കാലഘട്ടത്തില്‍ ഇത് 9.5% ആയി കുറഞ്ഞു. ഗ്രാമീണ മേഖലയില്‍ വന്ന സാമ്പത്തിക ഞെരുക്കവും തൊഴിലില്ലായ്മ അധികരിച്ചതും കാരണമാണ് ഇത്ര വലിയ താഴ്ച വന്നതെന്ന് പറയുന്നു ഡോളര്‍ ബ്രാന്‍ഡിന്റെ അധിപന്‍.

അമേരിക്കയിലെ റിസര്‍വ് ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ആയിരുന്ന അലന്‍ ഗ്രീന്‍സ്പാന്‍ 1970 കളില്‍ വികസിപ്പിച്ച തത്വമനുസരിച്ച്, അടിവസ്ത്ര വിപണിയും സാമ്പത്തിക ആരോഗ്യസ്ഥിതിയും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. അടിവസ്ത്ര വിപണി താഴുമ്പോള്‍, അത്, ആ പ്രദേശത്ത് വരാനിരിക്കുന്ന കഠിനമായൊരു സാമ്പത്തിക തകര്‍ച്ചയുടെ നാന്ദി ആണ്, സൂചകം ആണ്. ഇത് 2008 ലെ ലോക സാമ്പത്തിക മാന്ദ്യ സമയത്ത് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍, ഒരു വര്‍ഷമായി കുറഞ്ഞുവരുന്ന അടിവസ്ത്ര വ്യാപാരം പ്രവചിച്ചത് വാഹന നിര്‍മ്മാതാക്കള്‍ അറിയാതെ പോയതാവണം. അല്ലെങ്കില്‍ ഉണ്ടാക്കിയ കാറുകള്‍ വാങ്ങാനാളില്ലെന്ന് അവര്‍ക്ക് പരിഭവിക്കേണ്ടി വരില്ലായിരുന്നു. അഞ്ച് ലക്ഷം കാറുകളാണ് നിര്‍മ്മാണം കഴിഞ്ഞ് ഉടമസ്ഥനെ കാത്തുകിടക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ ആവട്ടെ മുപ്പത് ലക്ഷവും. അടിവസ്ത്ര വിപണിയിലെ ഇടിവ് വരാനിരിക്കുന്ന ഒരു അപകടത്തെ ഗൗളിശാസ്ത്രികളുടെ ഭാവത്തില്‍ പ്രവചിക്കുകയാണെങ്കില്‍, വാഹനവിപണിയില്‍ ഇടിവുണ്ടാവുന്നത് മാന്ദ്യം പടിവാതുക്കല്‍ എത്തുമ്പോഴാണ്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ 18% വളര്‍ച്ച രേഖപ്പെടുത്തിയ കാര്‍ വിപണി ഈ വര്‍ഷം ജൂണോടെ 23.3% ശതമാനം കീഴോട്ടിരുന്നു. അതായത്, നാലിലൊന്ന് വിപണി ഇല്ലാതായി.

മാന്ദ്യം പടികടന്നാല്‍ അടുത്ത ഇര വീട് ആണ്. വില്‍ക്കപ്പെടാതെ ബാക്കി കിടക്കുന്നത് മൊത്തം നിര്‍മ്മാണം കഴിഞ്ഞ ഗൃഹങ്ങളില്‍ ഏഴ് ശതമാനമാണ്. ഇത് പ്രാഥമിക വിപണിയിലെ എടുക്കാച്ചരക്കിന്റെ കാര്യം. ദ്വിതീയ വിപണിയില്‍, പ്രീ-ഓണ്‍ഡ് വീടുകളുടെ കാര്യത്തില്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ പ്രോപ്പര്‍ട്ടി വെബ്സൈറ്റുകളില്‍ പതിക്കുന്ന പരസ്യങ്ങള്‍ ഒരു വര്‍ഷത്തിലധികം തുടരുന്നതിന്റെ എണ്ണം ഏകദേശം 90% വരുമെന്ന് ചില പ്രതികരണങ്ങളില്‍ കാണുന്നു. വീട് വാങ്ങിച്ചു താമസിക്കുന്നതിന്റെ കടുത്ത പ്രാരംഭച്ചെലവും ഭാവിയില്‍ വരാവുന്ന വില്‍പ്പന വിലയിലെ അന്തരവും കണക്ക് കൂട്ടിയാല്‍, അതിന്റെ 38 ശതമാനത്തില്‍ താഴെ ചെലവില്‍ വാടകയ്ക്ക് താമസിക്കാമെന്നൊരു കണ്ടെത്തല്‍ ഫിക്കിക്ക് വേണ്ടി പഠനം നടത്തിയ ‘പെഹ്ലെ ഇന്ത്യ’യുടെ നിരുപമ സൗന്ദര്‍രാജനും സഹപ്രവര്‍ത്തകരും പറയുന്നു. അത് പരമാവധി വാടകച്ചെലവുള്ള കൊല്‍ക്കത്തയിലെ കാര്യം. മുംബൈയില്‍ 27 ശതമാനവും ചെന്നൈയില്‍ 26 ശതമാനവും മതി. അപ്പോള്‍ തിരുവനന്തപുരത്തെയോ എറണാകുളത്തെയോ കോഴിക്കോട്ടെയോ കാര്യം പറയണോ? വായ്പ വാങ്ങിച്ച് വീടുവച്ച പലരും ഇഎംഐ അടയ്ക്കാന്‍ ബുദ്ധിമുട്ടി സര്‍ഫാസി നടപടി നേരിടുമ്പോള്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ അടിപൊളിയായി ജീവിക്കുന്നു. സ്വന്തം വീടില്ലെന്നൊരു സങ്കടം മാത്രമേ ഉള്ളൂ. പൂന്താനം ജ്ഞാനപ്പാനയില്‍ പറഞ്ഞപോലെ, മരിച്ച് പോകുമ്പോള്‍ ഒന്നും കൊണ്ടുപോകുന്നില്ലല്ലോ. പരലോകത്ത് ചെല്ലുമ്പോള്‍, ഭൂമിയില്‍ വീടുണ്ടായിരുന്നോ എന്നന്വേഷിച്ചല്ല സ്വര്‍ഗ്ഗത്തിലായാലും നരകത്തിലായാലും അഞ്ച് സെന്റ് പതിച്ചുതരുന്നത്.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ വിലനിലവാരം ബലൂണ്‍ പോലെയാണ്. ഉള്ളകാലത്ത് ഇല്ലാത്ത വില കൊടുത്ത് വീടോ സ്ഥലമോ വാങ്ങിക്കും. അങ്ങിനെ നട്ടാല്‍ കുരുക്കാത്ത വില നല്‍കാന്‍ ആളുള്ളപ്പോള്‍ അതനുസരിച്ച് വില കൂടും. വില കൂടുന്നതിന് അനുസരിച്ച് പൊങ്ങച്ചം കാണിക്കാന്‍ കൂടുതല്‍ കൂടുതല്‍ വില നല്‍കി വാങ്ങാന്‍ ആളുകള്‍ വരും. ഇതൊരു ദുര്‍വൃത്ത വലയമാണ്. അങ്ങനെ ബലൂണില്‍ കാറ്റ് കയറ്റുന്ന പോലെ വില കയറിക്കയറി പോകുന്നു. അപ്പോഴാണ് മാന്ദ്യവാഹകന്‍ ഒടിയന്റെ പോലെ അടിവസ്ത്രമില്ലാതെ വന്ന് ബലൂണിന് ഒരു മൊട്ടുസൂചിക്കുത്ത് കൊടുക്കുന്നത്. അതോടെ ബലൂണ്‍ പൊട്ടുന്നു.

നാട്ടിലെ കൃഷിക്കാരുടെ കൈയില്‍ പണമില്ലാതായതിന്റെ, കണ്ടം വഴി ഓടുന്ന തെളിവാണ് ട്രാക്ടര്‍ വില്‍പ്പനയിലെ കുറവ്. ജൂണില്‍ അവസാനിച്ച പാദവര്‍ഷത്തില്‍ 14.1 ശതമാനം ഇടിവാണുണ്ടായത്. കഴിഞ്ഞവര്‍ഷം ഇതേ സമയം 25.7 ശതമാനം വളര്‍ച്ച ഉണ്ടായിരുന്നു ട്രാക്ടര്‍ വില്‍പ്പനയ്ക്ക്. നാമെന്തൊക്കെ അവകാശപ്പെട്ടാലും കോരന് കുമ്പിളില്‍ ഇന്നും കണ്ണീര്‍ മാത്രമാണ്. രാജ്യത്തെ തീറ്റിപ്പോറ്റുന്നവനാണ് കര്‍ഷകന്‍. അയാള്‍ ഉല്‍പ്പാദിപ്പിച്ച ധാന്യമണികള്‍ ആണ് 131 കോടി ജനങ്ങള്‍ ഭക്ഷിക്കുന്നത്. എന്നിട്ട് യാതൊരു ഉളുപ്പും കൂടാതെ അവനെ പരമാവധി ചൂഷണം ചെയ്യുന്നു. അവന്റെ കൃഷിഭൂമി തട്ടിപ്പറിച്ച് അവിടെ ഷോപ്പിംഗ് മാളും വിമാനത്താവളവും പണിയുന്നു.

ഇപ്പോള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന മാന്ദ്യത്തിന്റെകാരണങ്ങള്‍ ഒന്നും തന്നെ ആഭ്യന്തരമാണെന്ന് പറയുക വയ്യ. എന്നാല്‍ ഇത്തരം വിപത്തുകളെ മുന്‍കൂട്ടിക്കാണുവാന്‍ നമുക്ക് കണ്ണുകള്‍ ഇല്ലാതെ പോയതിന്റെ ഫലമാണിവയെല്ലാം. അമേരിക്ക ഒരു ഭാഗത്തും മറു ഭാഗത്ത് ചൈനയും റഷ്യയും ഇറാനും കാനഡയും യൂറോപ്യന്‍ യൂണിയനും ബ്രസീലും വെനിസ്വേലയും കൊറിയയും ഒക്കെയായി നടത്തുന്ന വ്യാപാരയുദ്ധത്തിന്റെ ഇരകളാവുകയാണ് നമ്മള്‍. ഗാട്ട് കരാറില്‍ വികസ്വര രാജ്യങ്ങള്‍ക്ക് ചില അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന് ഇന്ത്യയടക്കം മിക്ക രാജ്യങ്ങള്‍ക്കും അവകാശമില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ (അമേരിക്കയുടെ എന്ന് പറയാന്‍ പറ്റില്ല; ഇതൊരു പ്രസിഡന്റിന്റെ മാത്രം പിടിവാശിയാണ്) തുടര്‍ച്ചയായ ഗ്വാഗ്വാ വിളികള്‍ പറയുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് അമേരിക്ക ചുമത്തുന്ന ചുങ്കം 25% ആയാല്‍ അപ്പോള്‍ ആഗോളമാന്ദ്യം ഫണമുയര്‍ത്തി വിഷം വമിക്കാന്‍ തുടങ്ങും. യൂറോപ്പില്‍ നിന്ന് ബ്രെക്‌സിറ്റ് ഭൂതവും പുറത്തിറങ്ങാന്‍ നില്‍ക്കുകയാണ്. ഇത് റിസര്‍വ്വ് ബാങ്ക് ഉള്‍പ്പടെയുള്ള കേന്ദ്രബാങ്കുകള്‍ മനസ്സിലാക്കിത്തുടങ്ങി. അതുകൊണ്ടാണ് പലിശ നിരക്കുകള്‍ കുറച്ചത്. മാന്ദ്യം മുന്നില്‍ കണ്ടാല്‍ പലിശ നിരക്കുകള്‍ കുറയ്ക്കണം. അല്ലെങ്കില്‍ മാന്ദ്യത്തിന്റെ അടി താങ്ങാനാവില്ല.

ഇതിന് അടിപ്പെട്ട് നില്‍ക്കുവാന്‍ നമ്മളെ ആരെങ്കിലും നിര്‍ബന്ധിതര്‍ ആക്കുകയാണെങ്കില്‍ അത് നമ്മുടെ വിധേയത്വം മാത്രമാണ്. നമ്മള്‍ ഗാട്ട് കരാറില്‍ ചേര്‍ന്ന്, ലോകവ്യാപാരസംഘടനയ്ക്ക് നമ്മളെ തന്നെ പണയം വെച്ചതിന്റെ ബാക്കിപത്രം. വലിയ കടലില്‍ വലയെറിഞ്ഞാല്‍ കൊമ്പന്‍ സ്രാവിനെ പിടിക്കാമെന്ന അത്യാര്‍ത്തി ആണ് നമ്മെ അതിന് പ്രേരിപ്പിച്ചത്.

തുടക്കത്തില്‍ ഉദ്ധരിച്ചത് എംപിവീരേന്ദ്രകുമാറിന്റെ ‘അധിനിവേശത്തിന്റെഅടിയൊഴുക്കുകള്‍’ എന്ന ഗ്രന്ഥത്തിലെ ‘ചില ആഗോളവത്കരണചിന്തകള്‍’ എന്ന ലേഖനത്തില്‍ നിന്നാണ്. ആ ലേഖനം അദ്ദേഹം എഴുതിയത് 2002 ജനുവരി 30 ന് ആണ്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പെഴുതിയ അതിന് വളരെയധികം പ്രവചന സ്വഭാവമുണ്ട്. അതിന് ശേഷം യമുനാനദിയിലൂടെ ഒരുപാട് ജലം ഒഴുകിപ്പോയി. 2008 ല്‍ തന്നെ പ്രവചനങ്ങള്‍ ഫലിക്കാന്‍ തുടങ്ങി. പണ്ട് ആഗോളവല്‍ക്കരണം എന്ന മോഹിനിക്കൊപ്പം പോയി പടിഞ്ഞാറ് ഏഴാം കടലിനപ്പുറത്തെ സ്വര്‍ഗ്ഗത്തില്‍ നിന്ന് നമ്മള്‍ വലയിട്ട് വാരിയെടുത്തതെല്ലാം മുത്തും പവിഴവുമാണെന്നായിരുന്നു നമ്മുടെ ധാരണ. പടിഞ്ഞാറ് നിന്ന് ആര്‍ത്തിരമ്പി വരുന്ന കടുത്ത സാമ്പത്തികത്തകര്‍ച്ചയുടെ തിരമാല ഇന്ന് അവയെയെല്ലാം തകര്‍ത്തെറിയാന്‍ പോവുകയാണ്. കടല്‍ തന്നത് കടല്‍ തന്നെ തിരിച്ചെടുക്കുന്നു.

Categories: FK Special, Slider
Tags: Real estate