വായനയെ പ്രണയിച്ചു തുടങ്ങാം

വായനയെ പ്രണയിച്ചു തുടങ്ങാം

പിന്നിട്ട വഴികളിലെവിടെയോ നാം വായന മറന്നു. നമ്മുടെ തിരക്കില്‍ പേടിച്ച അക്ഷരങ്ങള്‍ നമുക്കരികിലേക്ക് വരാന്‍ മടിച്ചു നിന്നു. പത്രവായന പോലും നിന്നു എന്നുതന്നെ പറയാം. നാം ഓട്ടത്തിലാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തില്‍. അല്‍പ്പനേരം ഇരിക്കാന്‍, വായിക്കാന്‍, ചിന്തിക്കാന്‍ സമയമില്ലാത്ത രീതിയില്‍ നാം നമ്മുടെ ജീവിതചര്യ വാര്‍ത്തെടുത്തുകഴിഞ്ഞു

നാലാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ വിരലുകളില്‍ തൂങ്ങി ആദ്യമായി നെട്ടൂര്‍ ദേശീയ വായനശാലയുടെ പടി ചവിട്ടുന്നത്. വലിയ നീളമുള്ള ഹാളില്‍ നിവര്‍ന്ന് കിടക്കുന്ന മരമേശകളും ബെഞ്ചുകളും കുഞ്ഞുകണ്ണുകളില്‍ അത്ഭുതം നിറച്ചു. പരസ്പരം നോക്കാതെ സംസാരിക്കാതെ മുന്നില്‍ നിവര്‍ത്തിവെച്ച പത്രങ്ങളിലും മാസികകളിലും പുസ്തകങ്ങളിലും തല പൂഴ്ത്തിയിരുന്നവര്‍ ഒട്ടകപക്ഷിയെ ഓര്‍മ്മിപ്പിച്ചു. ആ ഹാളിന്റെ ഒരു വശത്തായി വലിയ ചില്ലലമാരകളില്‍ നിറയെ പുസ്തകങ്ങള്‍ അടുക്കി വെച്ചിരുന്നു.

പിന്നീട് വായനശാലയിലേക്കുള്ള യാത്ര ഒറ്റയ്ക്കായി. അമ്മ തന്നുവിടുന്ന കടലാസ് കഷണം ലൈബ്രേറിയനെ ഏല്‍പ്പിക്കും. അദ്ദേഹം എടുത്തുനല്‍കുന്ന പുസ്തകങ്ങള്‍ അമ്മയ്ക്ക് കൊണ്ടെക്കൊടുക്കും. അങ്ങനെ വായനശാലയിലെ ഒരു സ്ഥിര സന്ദര്‍ശകനായി ഞാന്‍ മാറി. പിന്നീട് പതിയെ പതിയെ എപ്പോഴോ വായനയുടെ ലോകത്തേക്ക് ഞാന്‍ നടന്നു കയറി. അക്ഷരങ്ങളുടെ ലോകം ഒരു ലഹരിയായി മാറി.

കോളേജില്‍ എത്തിയപ്പോള്‍ എറണാകുളം പബ്ലിക് ലൈബ്രറി ആയി വിഹാര രംഗം. ഒരുപോലെ ചിന്തിക്കുന്ന കുറച്ച് കൂട്ടുകാര്‍. സാഹിത്യവും സിനിമയും ലഹരിയായവര്‍. ലൈബ്രേറിയനും വളരെ ചെറുപ്പം. ചര്‍ച്ചകളും സംവാദങ്ങളും കൊച്ചിന്‍ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ലോക സിനിമകളുടെ പ്രദര്‍ശനങ്ങളും ഒക്കെകൂടി ഒരുത്സവം. അഞ്ച് വര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി.

എനിക്ക് തോന്നുന്നു, ഒരു തലമുറ ഇങ്ങനെയായിരുന്നു. സാഹിത്യവും സിനിമയും നാടകവും സിരകളില്‍ കൊണ്ടുനടന്നവര്‍. ചിന്തിക്കുകയും തെറ്റുകളോട് പ്രതികരിക്കുകയും ചെയ്യുന്നവര്‍. ലോകത്തിലെ ഏത് ജനതയെക്കാളും പ്രബുദ്ധരായവര്‍. നിശബ്ദരായിരുന്ന് അക്ഷരങ്ങള്‍ തിന്ന് വിശപ്പകറ്റിയിരുന്നവര്‍. അവര്‍ വെറും പുസ്തകപ്പുഴുക്കളായിരുന്നില്ല മറിച്ച് സമൂഹത്തിലെ അനീതികള്‍ക്കെതിരെ, അസമത്വങ്ങള്‍ക്കെതിരെ അവര്‍ ശക്തമായി പ്രതികരിച്ചിരുന്നു. അക്ഷരങ്ങള്‍ കൊണ്ടും കല കൊണ്ടും.

”സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതൊരു വായനശാല തന്നെയായിരിക്കും” എന്ന് ലാറ്റിന്‍ അമേരിക്കന്‍ കവിയായ ബോര്‍ഹെ സ് എഴുതി. അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ക്ക് മറ്റേതാണ് സ്വര്‍ഗം! വായനശാലകള്‍ നാടുകളുടെ സംസ്‌കാരത്തെയും ജീവിതത്തെയും അത്രമേല്‍ സ്വാധീനിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. വിശാലമായ ലോകത്തിലേക്കുള്ള മഹാകവാടം വായന നമുക്ക് മുന്നില്‍ തുറന്നിട്ടു.

പിന്നിട്ട വഴികളിലെവിടെയോ നാം വായന മറന്നു. നമ്മുടെ തിരക്കില്‍ പേടിച്ച അക്ഷരങ്ങള്‍ നമുക്കരികിലേക്ക് വരാന്‍ മടിച്ചു നിന്നു. പത്രവായന പോലും നിന്നു എന്നുതന്നെ പറയാം. നാം ഓട്ടത്തിലാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തില്‍. അല്‍പ്പനേരം ഇരിക്കാന്‍, വായിക്കാന്‍, ചിന്തിക്കാന്‍ സമയമില്ലാത്ത രീതിയില്‍ നാം നമ്മുടെ ജീവിതചര്യ വാര്‍ത്തെടുത്തുകഴിഞ്ഞു.

ഇതിന്റെ ഒരു നേര്‍ചിത്രം നാം കാണുന്നത് സാഹിത്യോത്സവ വേദികളിലാണ്. ചൂടേറിയ പല സംവാദങ്ങളും നടക്കുന്ന അവിടങ്ങളില്‍ കാഴ്ചക്കാരുടെ എണ്ണം വളരെ കുറവാണ്. ഒരു പതിറ്റാണ്ടുകള്‍ക്കപ്പുറം നിറഞ്ഞുകവിഞ്ഞിരുന്ന വേദികള്‍ ഇന്ന് ശൂന്യമാകുന്നു. തിരക്കുകള്‍ക്കിടയില്‍ ഇതിനൊക്കെ സമയം കണ്ടെത്താന്‍ നമുക്ക് കഴിയാതെയാകുന്നു. വായന നമുക്ക് അന്യമായക്കൊണ്ടിരിക്കുന്നു. നമ്മുടെ ചിന്തകളെ, പ്രവര്‍ത്തികളെ പ്രചോദിപ്പിക്കേണ്ട അക്ഷരങ്ങളെ നാം പടിക്ക് പുറത്തുനിര്‍ത്തുന്നു.

മനസിന്റെ താഴ്‌വാരത്തില്‍ വാക്കുകള്‍ കുഴിച്ചിടാന്‍ നമുക്ക് കഴിയണം. ദിവസവുമുള്ള വായന ഇതിനായി നമ്മെ സഹായിക്കും. എല്ലാ ദിവസവും ഒരു പേജ് എങ്കിലും നാം വായിക്കണം. എല്ലാ പ്രവര്‍ത്തികളില്‍ നിന്നുമകന്ന് സ്വസ്ഥമായി അക്ഷരങ്ങളെ നാം സ്വീകരിക്കുമ്പോള്‍ മനസ് ഒരു നവോന്മേഷം കൈക്കൊള്ളുന്നു. അക്ഷരങ്ങള്‍ ജലം പോലെയാണ്. ജ്ഞാനത്തിന്റെ ഒഴുക്കില്‍ നാം ശുദ്ധീകരിക്കപ്പെടുന്നു. നമ്മില്‍ ഊര്‍ജം നിറയുന്നു. നമ്മുടെ വ്യക്തിത്വം ഒരു പരിണാമത്തിന് വിധേയമാകുന്നു.

സമയമില്ല എന്നത് നമ്മുടെ തോന്നല്‍ മാത്രമാണ്. വായനയെ സ്‌നേഹിച്ചു തുടങ്ങൂ. അക്ഷരങ്ങളെ പ്രണയിച്ചു തുടങ്ങുമ്പോള്‍ നമ്മുടെ ജീവിതം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു. ആഴങ്ങളില്‍ നാം നീന്തിത്തുടങ്ങുമ്പോള്‍ ഓരോ വാക്കുകളും നമ്മുടെ ജീവിതത്തെ സ്പര്‍ശിക്കുവാന്‍ തുടങ്ങും. അതൊരു തുടക്കമാണ്. വലിയൊരു മാറ്റത്തിനായുള്ള ചെറിയൊരു തുടക്കം.

Categories: FK Special, Slider