നയം മാറ്റുന്ന ഇന്ത്യ

നയം മാറ്റുന്ന ഇന്ത്യ

കശ്മീരിലെ ക്രിയാത്മക നടപടികള്‍ വിജയം കണ്ട പശ്ചാത്തലത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ട രണ്ട് നയങ്ങള്‍ പോയവാരം കേന്ദ്ര സര്‍ക്കാര്‍ അധികം ഒച്ചപ്പാടൊന്നുമില്ലാതെ തിരുത്തിയിരിക്കുന്നു

പരമ്പരാഗതമായി തുടര്‍ന്നു വന്നിരുന്ന നയങ്ങളില്‍, പ്രത്യേകിച്ച് അയലത്തെ മോശം അയല്‍ക്കാരുമായി ബന്ധപ്പെട്ട പരിപാടികളില്‍ സുപ്രധാന മാറ്റം വരുത്തുന്ന ഇന്ത്യയെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ടു വരുന്നത്. ഏഴ് പതിറ്റാണ്ടായി കശ്മീരിലെ ജനങ്ങളെ പഴിപറഞ്ഞ് ഏതാനും വിഘടനവാദികളും രാഷ്ട്രീയക്കാരും മതിവരുവോളം ആസ്വദിച്ചിരുന്ന പ്രത്യേക അവകാശങ്ങളും അമിതാധികാരങ്ങളും റദ്ദാക്കിയ നടപടിയിലായിരുന്നു തുടക്കം. പാക്കിസ്ഥാനും ഏതാനും അധോഗമന രാഷ്ട്രീയത്തിന് പേരുകേട്ട ചില പ്രതിപക്ഷ പാര്‍ട്ടികളും നഖശിഖാന്തം എതിര്‍ത്തെങ്കിലും രാജ്യത്തെ സമാധാനകാംക്ഷികളായ ജനത പൊതുവെ തീരുമാനത്തെ സ്വാഗതം ചെയ്തു. കശ്മീര്‍ താഴ്‌വരയില്‍ സമാധാനവും വികസനവും കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളെ സുപ്രീം കോടതിയും പിന്താങ്ങി. വിഷയം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച് ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്താനുള്ള പാക്-ചൈന അച്ചുതണ്ടിന്റെ ശ്രമവും വിലപ്പോയില്ല.

കശ്മീരിലെ ക്രിയാത്മക നടപടികള്‍ വിജയം കണ്ട പശ്ചാത്തലത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ട രണ്ട് നയങ്ങള്‍ പോയവാരം കേന്ദ്ര സര്‍ക്കാര്‍ അധികം ഒച്ചപ്പാടൊന്നുമില്ലാതെ തിരുത്തിയിരിക്കുന്നു. പ്രതിരോധാത്മകമെന്നതില്‍ നിന്ന് ക്രിയാത്മകം എന്ന നിലയിലേക്കാണ് വിദേശ, പ്രതിരോധ നയങ്ങളെ മോദി സര്‍ക്കാര്‍ നയിക്കുന്നത്. ആണവ നയത്തില്‍ 1999 മുതല്‍ തുടരുന്ന നയമാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം തിരുത്തിയത്. ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന നയം ഭാവിയിലെ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയാകും നടപ്പാക്കുകയെന്നാണ് പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. രാജ്യത്തെ ആണവശക്തിയാക്കുന്നതിന് മുന്‍കൈയെടുത്ത മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചരമവാര്‍ഷികത്തില്‍, പൊഖ്‌റാനിലെ അണുവിസ്‌ഫോടന പരീക്ഷണം നടന്ന സ്ഥലത്തെത്തിയാണ് രാജ്‌നാഥ് ഈ പ്രഖ്യാപനം നടത്തിയെന്നത് ശ്രദ്ധേയമാണ്. ദീപാവലിക്ക് പൊട്ടിക്കാനല്ല ആണവായുധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. ആ നിലപാട് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടായി മാറിയെന്നുറപ്പാക്കുന്ന പ്രസ്താവനയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ആണവ ഭീഷണി ഉണ്ടായാല്‍ അത് ഇല്ലാതാക്കാന്‍ ആവശ്യമെങ്കില്‍ ആദ്യം ആണവായുധം പ്രയോഗിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണിത്. പുതിയ ഇന്ത്യയുടെ നയം വ്യക്തമാക്കുന്ന പ്രഖ്യാപനം.

കശ്മീര്‍ വിഷയത്തില്‍ അത്യധികം നീരസത്തിലായ പാക്കിസ്ഥാന്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാനുള്ള വൃഥാശ്രമം നടത്തവെ തന്നെ രണ്ടാമത്തെ ബോംബും ഇന്ത്യ പൊട്ടിച്ചിരിക്കുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തന്നെയാണ് ഇന്നലെ ഹരിയാനയില്‍ വെച്ച് ഈ പ്രഖ്യാപനവും നടത്തിയത്. കശ്മീരിനെ സംബന്ധിച്ച് ഇനിയൊരു ചര്‍ച്ച നടന്നാല്‍ അത് പാകിസ്ഥാന്‍ പിടിച്ചെടുത്ത് കൈവശം വെച്ചിരിക്കുന്ന കശ്മീരിനെ (പിഒകെ) സംബന്ധിച്ചായിരിക്കും എന്നാണ് പ്രതിരോധ മന്ത്രി പ്രസ്താവിച്ചത്. അതായത് ഇനി ഇന്ത്യയുടെ അഭിന്ന ഭാഗമായ കശ്മീരിനെ കുറിച്ച് യാതൊരു ചര്‍ച്ചക്കും ഇല്ലെന്നു തന്നെ. ഭീകരത അവസാനിപ്പിക്കാതെ ഒരു ചര്‍ച്ചയുമില്ലെന്ന നിലപാട് ആവര്‍ത്തിച്ചിട്ടുമുണ്ട്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാട് മിക്കവാറും ലോകരാജ്യങ്ങളെ കൊണ്ട് അംഗീകരിപ്പിച്ചതിന് ശേഷമാണ് ഇന്ത്യയുടെ ശ്രദ്ധ ഇപ്രകാരം പിഒകെയിലേക്ക് തിരിയുന്നത്. കശ്മീരിന്റെ പേരിലുള്ള പ്രതിരോധം അവസാനിപ്പിച്ച് പിഒകെ പിടിച്ചെടുക്കാനുള്ള ആക്രമണോല്‍സുക യുദ്ധതന്ത്രത്തിലേക്ക് ഇന്ത്യ ചുവടുമാറ്റുമെന്നതിന്റെ സൂചനയാണിത്. പാക്കിസ്ഥാന്‍ ഇനി പിഒകെയെ കുറിച്ച് ആശങ്കപ്പെട്ടാല്‍ മതിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പാര്‍ലമെന്റിലെ പ്രസ്താവനയും ഇതിനോടു ചേര്‍ത്ത് വായിക്കണം. അനുകൂല സമയത്ത് തന്നെ സ്വന്തം വിശ്വരൂപം പ്രദര്‍ശിപ്പിക്കുകയാണ് ഇന്ത്യ. നയം മാറ്റങ്ങള്‍ ഏറ്റവും ആവശ്യമായ സമയത്ത് തന്നെ ക്രിയാത്മകമായ രൂപത്തില്‍ അത് വരുത്തുകയും ചെയ്തിരിക്കുന്നു. വര്‍ധിച്ചു വരുന്ന അയല്‍പക്ക ഭീഷണിയെ പിടിച്ചുകെട്ടാന്‍ ഇത് ആവശ്യമാണ്. കരുത്ത് യുദ്ധം ഒഴിവാക്കും, ദൗര്‍ബല്യങ്ങള്‍ അതിനെ ആനയിച്ചു വരുത്തുകയും ചെയ്യും.

Categories: Editorial, Slider