ജപ്പാന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനം വില്‍പ്പനയ്ക്ക്; വില 28 ദശലക്ഷം ഡോളര്‍

ജപ്പാന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനം വില്‍പ്പനയ്ക്ക്; വില 28 ദശലക്ഷം ഡോളര്‍

ടോക്യോ: 14 ജാപ്പനീസ് പ്രധാനമന്ത്രിമാരുമായും ജപ്പാന്റെ ചക്രവര്‍ത്തിയുമായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പറന്ന ചരിത്രമുള്ള ബോയിംഗ് 747-400 വിമാനം വില്‍പ്പനയ്ക്ക്. ഏവിയേഷന്‍ ട്രേഡ് പ്രസിദ്ധീകരണമായ കണ്‍ട്രോളറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബോയിംഗ് വിമാനത്തിന്റെ വില 28 ദശലക്ഷം ഡോളര്‍. 1991-ലാണ് ഈ വിമാനം നിര്‍മിച്ചത്. വിമാനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ജാപ്പനീസ് എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സിന്റെ പേരിലാണ്. ഈ വിമാനം ബെഡ്‌റൂം, ഷവര്‍, ഓഫീസ്, ലോഞ്ച് ഏരിയ(സ്വീകരണ/വിശ്രമ മുറി) എന്നിവ ഉള്‍പ്പെടുത്തി കൊണ്ട് പരിഷ്‌കരിച്ചിരുന്നു. ഈ വിമാനത്തില്‍ 85 സീറ്റുകളുണ്ട്. അമേരിക്കയുടെ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ 70 സീറ്റുകള്‍ മാത്രമാണുള്ളത്. വിമാനത്തിന് 30 വര്‍ഷത്തോളം പഴക്കമുണ്ടെങ്കിലും ഇന്നും പുതിയതു പോലെ തോന്നുമെന്നു ബോയിംഗ് വിമാനത്തിന്റെ ഉടമസ്ഥരായ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎസ്ഡിഎസ് എയര്‍ക്രാഫ്റ്റ് സെയില്‍സ്& ലീസിംഗ് ഓഫ് ലോസ് ഏഞ്ചല്‍സ് പറഞ്ഞു. ഈ വിമാനം ഇതു വരെ പറന്ന സമയം 16,332 മണിക്കൂറാണ്. വിമാനത്തിന്റെ പഴക്കം വച്ചു നോക്കുമ്പോള്‍ സഞ്ചരിച്ച മണിക്കൂറുകള്‍ വളരെ കുറവാണ്.

രണ്ട് ബോയിംഗ് 747-400 വിമാനമാണു ജാപ്പനീസ് എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നത്. ഈ രണ്ട് വിമാനങ്ങളും അമേരിക്കന്‍ കമ്പനിയായ സിഎസ്ഡിഎസ് എയര്‍ക്രാഫ്റ്റ് സെയില്‍സ്& ലീസിംഗ് ഓഫ് ലോസ് ഏഞ്ചല്‍സിന് വിറ്റിരുന്നു. ഇപ്പോള്‍ ജപ്പാന്‍ എയര്‍ഫോഴ്‌സ് വണ്‍ ആയി ഉപയോഗിക്കുന്നത് 777-300ഇആര്‍ വിമാനങ്ങളാണ്. ഈ വര്‍ഷം ആദ്യമാണു പുതിയ വിമാനം ഉപയോഗിച്ചു തുടങ്ങിയത്.

Comments

comments

Categories: World