സംരംഭകത്വത്തിലെ കന്നിക്കാര്‍ ഇങ്ങനെയാവണം

സംരംഭകത്വത്തിലെ കന്നിക്കാര്‍ ഇങ്ങനെയാവണം

ഇന്ന് അല്‍പം സ്മാര്‍ട്ടായി ജീവിതത്തേയും പ്രൊഫഷനേയും കാണുന്ന ഏതൊരു വ്യക്തിയും മനസ്സില്‍ സൂക്ഷിക്കുന്ന ഒരാഗ്രഹമാണ് സംരംഭകനാകുക എന്നത്. എന്നാല്‍ എല്ലാവരും സംരംഭകത്വത്തിലേക്കിറങ്ങുന്നു അതുകൊണ്ട്‌ ഞാനും ഇറങ്ങിയേക്കാം എന്ന് കരുതുന്നത് ശരിയായ കാര്യമല്ല. വിജയത്തില്‍ കുറഞ്ഞ് യാതൊന്നും പ്രതീക്ഷിക്കാതെ വേണം ഒരു വ്യക്തി സംരംഭകത്വത്തിലേക്ക് ഇറങ്ങാന്‍. കാരണം, വിജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. അവയില്‍ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്‌. മറ്റ് ചിലതാകട്ടെ മികച്ച വിജയവും നേടുന്നു. ഇത്തരമൊരു അവസ്ഥയില്‍ എന്നും വിജയിച്ച സംരംഭങ്ങളായിരിക്കണം ഒരു സംരംഭകന്റെ മാതൃക. പരാജയഭീതി അകറ്റുക എന്നതാണ് സംരംഭകത്വത്തില്‍ പ്രധാനം.സംരംഭകത്വത്തില്‍ വിജയിക്കുക എന്നാല്‍ ഒരൊറ്റ ദിവസംകൊണ്ട്‌ നടപ്പാക്കപ്പെടുന്ന ഒരു കാര്യമല്ല. അപ്പോള്‍ സംരംഭകന്റെ മേലങ്കി അണിയും മുന്‍പ് സംരംഭകത്വത്തിലെ കന്നിക്കാര്‍ വിജയം കയ്യെത്തിപ്പിടിക്കുവാന്‍ സ്വയം സജ്ജരാവണം. വിജയം കയ്യെത്തിപ്പിടിക്കുവാന്‍ കന്നി സംരംഭകരെ സഹായിക്കുന്ന ഘടകങ്ങളില്‍ പ്രധാനം വ്യക്തമായ വിഷനും വ്യക്തിപ്രഭാവവുമാണ്. തന്റെ സംരംഭം സമൂഹത്തിന് ഗുണകരമാകുന്ന ഒന്നാണെന്ന വിശ്വാസം ഈ മേഖലയില്‍ വിജയം നേടാന്‍ ഒരു സംരംഭകന് സഹായകമാകും

കാലം മാറി, കഥ മാറി… പണ്ടൊക്കെ ഉന്നത വിദ്യാഭ്യാസം നേടിക്കഴിഞ്ഞാല്‍ ഒരു വ്യക്തി ആഗ്രഹിക്കുക മികച്ച ഒരു ജോലി നേടാനായിരിക്കും. തുടര്‍ന്ന് ആ ജോലിയില്‍ നിന്നും ലഭിക്കുന്ന നിശ്ചിത വരുമാനത്തില്‍ അവര്‍ ജീവിതം കരുപ്പിടിപ്പിക്കുന്നു. അങ്ങനെ ഇടത്തരക്കാര്‍ ഇടത്തരക്കാരായും സമ്പന്നര്‍ സമ്പന്നരായും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. എന്നാല്‍ ഇന്നതല്ല അവസ്ഥ. ഉന്നത വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്ന ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത് ഒരു സംരംഭകനാകാനാണ്.സംരംഭകത്വ ആശയങ്ങള്‍ അത്രക്ക് ആഴത്തില്‍ ജന്മനസുകള്‍ കീഴടക്കിക്കഴിഞ്ഞു. മികച്ച സംരംഭകത്വ ചിന്തകളിലൂടെ ഇരട്ടിയും അതില്‍ കൂടുതലും വരുമാനം നേടുന്ന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് കേരളത്തിലെ ചുണക്കുട്ടികള്‍. സംരംഭകത്വത്തില്‍ മുന്‍പരിചയമില്ലാത്ത ആളുകള്‍ പോലും യാതൊരു ഭയവും കൂടാതെ ലോണെടുത്തും സര്‍ക്കാരിന്റെ സംരംഭകത്വ വികസന പരിപാടികളുടെ ഭാഗമായുമെല്ലാം സംരംഭത്തിന് തുടക്കം കുറിക്കുന്നു. എന്നാല്‍ സര്‍വേകള്‍ വ്യക്തമാക്കുന്നത്, ഇത്തരത്തില്‍ പ്രാക്റ്റിക്കല്‍ ചിന്തയില്ലാതെ തുടങ്ങുന്ന സംരംഭങ്ങള്‍ പകുതിയും ആദ്യ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അടച്ചുപൂട്ടപ്പെടുന്നു എന്നതാണ്. പരിചയക്കുറവ്, ആവശ്യത്തിന് ഫണ്ട് മാനേജ്‌മെന്റ് നടത്താന്‍ കഴിയാത്തത് തുടങ്ങിയവയൊക്കെയാണ് ഇത്തരത്തില്‍ ബിസിനസ് പരാജയത്തിനുള്ള മൂലകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുന്നത്. എന്നാല്‍ അത് മാത്രമല്ല വിഷയം. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കുണ്ടായിരിക്കേണ്ട ചില അടിസ്ഥാന യോഗ്യതകളുണ്ട്. അതിന്റെ അഭാവമാണ് ബിസിനസ് പരാജയത്തിന്റെ മൂലകാരണം.

അറിവും കഴിവും പ്രധാനം

എല്ലാവരും സംരംഭകത്വത്തിലേക്കിറങ്ങി വിജയിക്കുന്നു, എല്ലാവരും സംരംഭകരാകുന്നു, അതിനാല്‍ എനിക്കും സംരംഭകനാകണം എന്ന ചിന്തയ്ക്കാണ് മാറ്റം വരേണ്ടത്. സംരംഭകത്വം എന്നത് പൂര്‍ണമായ പാഷനെ ബലത്തില്‍ മാത്രം നടപ്പിലാക്കേണ്ട ഒന്നാണ്. ഏത് മേഖലയിലാണോ നിങ്ങള്‍ ബിസിനസ് തുടങ്ങുന്നത് ആ മേഖലയില്‍ പ്രത്യേക കഴിവ് ഉണ്ടാകണം. അറിവില്ലാത്ത മേഖലയില്‍ നിക്ഷേപം കൊണ്ട് വരുന്നത് ധനനഷ്ടം, സമയ നഷ്ടം എന്നിവക്ക് കാരണമാകും. ഇത്തരം അവസ്ഥയില്‍ ബിസിനസ് മാനേജ്മെന്റ് എന്ന തത്വം ശിഥിലമാകുകയും ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. വ്യക്തമായ അറിവുണ്ടെങ്കില്‍ ബിസിനസ് നടത്തിപ്പിലെ ശരിതെറ്റുകള്‍ വിലയിരുത്താനും തിരുത്തേണ്ട തെറ്റുകള്‍ തിരുത്താനും കഴിയുന്നു. ബിസിനസ് തുടങ്ങുമ്പോള്‍ തന്നെ ഒരു കട്ടോഫ് പിരീഡ് മനസ്സില്‍ സൂക്ഷിക്കണം. മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ മികച്ച വരുമാനം ലഭിക്കുന്ന ഒരു സംരംഭമായി മാറണം എന്നതാകണം കട്ടോഫ് പിരീഡിലെ പ്രധാന അജണ്ട. തുടര്‍ന്ന് ഇത് പ്രാപ്യമാക്കുന്ന രീതിയിലാകണം ബിസിനസ് നടത്തിപ്പ്. ബിസിനസ് മാനേജ്മെന്റ് എന്നാല്‍ വലിയൊരു കാര്യമാണ്. ദിവസവും നിരവധി പുതിയ കാര്യങ്ങള്‍ ഇതില്‍ നിന്നും പഠിക്കാനുണ്ടാകും. ബിസിനസ് നടത്തിക്കൊണ്ടുപോകുന്നതിനൊപ്പം ബിസിനസിലെ എല്ലാ മേഖലകളിലും അറിവ് നേടുകയും വേണം. സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍ മേഖലയിലെ പ്രമുഖരില്‍ നിന്നും അഭിപ്രായ ശേഖരണം നടത്തുന്നതിന് മടി വിചാരിക്കേണ്ട കാര്യമില്ല. മടി, തന്നെ വില കുറച്ചു കാണുമോ തുടങ്ങിയ ചിന്തകളാണ് ഇത്തരം പ്രവര്‍ത്തിയില്‍ നിന്നും കന്നി സംരംഭകനെ വിലക്കുന്നത്.

വിഷനില്ലാതെ ഒന്നും നേടാനാവില്ല

ഏതൊരു സ്ഥാപനം ആരംഭിക്കുമ്പോഴും അതിന്റെ വിഷനും മിഷനും തുടക്കത്തിലേ രൂപപ്പെടുത്തിയിരിക്കും. ഇവ വെറും പേപ്പര്‍ താളുകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കേണ്ടവയല്ല. ബിസിനസ് ആരംഭിച്ച് വളരെ ചുരുക്കം സമയത്തിനുള്ളില്‍ത്തന്നെ വിഷന്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. എന്തിനാണ് നിങ്ങള്‍ ബിസിനസ് തുടങ്ങുന്നത്? കൂടുതല്‍ പണമുണ്ടാക്കാനാ ണോ? അതോ സാമൂഹിക നന്മയെ മുന്‍നിര്‍ത്തിയാണോ? ഇത്തരം കാര്യങ്ങളൊക്കെ തുടക്കം മുതല്‍ക്ക് ചോദിച്ച് മനസിലാക്കണം. അതിനുശേഷം നമ്മുടെ ലക്ഷ്യത്തിലേക്ക് അടുക്കുവാന്‍ സഹായിക്കുന്ന രീതിയില്‍ ബിസിനസിനെ റീഡിഫൈന്‍ ചെയ്യണം. ഇപ്പോഴും സമൂഹത്തിനായി എന്തെങ്കിലും സംഭാവന ചെയ്യുന്ന ബിസിനസ് സ്ഥാപനങ്ങളോടാണ് ജനങ്ങള്‍ക്ക് താല്‍പര്യം.സമൂഹത്തിന് പ്രയോജനം ചെയ്യുന്ന എന്തെങ്കിലും ഉല്‍പ്പന്നമോ സേവനമോ നല്‍കാന്‍ നിങ്ങളുടെ ബിസിനസിന് കഴിയുന്നു എങ്കില്‍ പിന്നീടൊരു തിരിച്ചുപോക്കിന്റെ ആവശ്യമില്ല. പണമുണ്ടാക്കുക എന്ന ആശയത്തില്‍ മാത്രം ഊന്നിയുള്ള സംരംഭങ്ങളാണ് തുടക്കത്തിലേ മൂക്കുകുത്തി വീഴുന്നത്.

നിരീക്ഷണ പാഠവം

സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് വേണ്ട ഏറ്റവും അടിസ്ഥാനപരമായ ഗുണമാണ് നിരീക്ഷണ പാഠവം. സംരംഭകലോകത്തെ ശരിയായി വിലയിരുത്താനും സമാനമായ സംരംഭക ആശയങ്ങള്‍ എങ്ങനെ വിജയകരമായി നടപ്പിലാക്കുന്നു എന്നും പഠിക്കാനും സമയം കണ്ടെത്തുക. വിജയിച്ച സംരംഭകരുമായുള്ള കൂടിക്കാഴ്ചകള്‍, തുറന്ന സംഭാഷണങ്ങള്‍ അവരുടെ വിജയകഥകള്‍ വായിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഏറെ ഗുണകരമായിരിക്കും. വിജയിച്ച സംരംഭങ്ങളെ ശുദ്ധോദ്ദേശത്തോടെ പിന്തുടരുന്ന പോലെ തന്നെ പ്രധാനമാണ് പരാജയപ്പെട്ട സംരംഭങ്ങളെപ്പറ്റി പഠിക്കുന്നതും. മാനേജ്മെന്റ് മികവ് വര്‍ധിപ്പിക്കുന്നതിന് ഇത് സഹായിക്കും. എന്തുകൊണ്ട് ഒരു സംരംഭം പരാജയപ്പെട്ടു എന്ന് ഇഴ കീറിമുറിച്ച് എന്ന രീതിയില്‍ പഠിക്കണം. വിജയകഥകള്‍ നല്‍കുന്ന പ്രചോദനത്തെക്കാള്‍ പ്രാക്റ്റിക്കല്‍ ആയ അറിവ് നല്‍കുന്ന കാര്യമാണിത്. പരാജയം മുന്നില്‍കണ്ട് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഒരു സംരംഭകന് വിജയിക്കാനുള്ള ത്വരയുണ്ടാകുകയുള്ളൂ. ഒരിക്കല്‍ നിങ്ങള്‍ സംരംഭകന്റെ വസ്ത്രം അണിഞ്ഞു കഴിഞ്ഞാല്‍ പിന്നെ, അനുദിനം എന്ന നിരക്കില്‍ ബിസിനസ് പഠനം പ്രാവര്‍ത്തികമാക്കിയിരിക്കണം.

നേതൃഗുണത്തില്‍ വിട്ടുവീഴ്ചയില്ല

ഒരു സംരംഭകന് വേണ്ട അടിസ്ഥാന ഗുണങ്ങളില്‍ പ്രധാനമാണ് നേതൃഗുണം. സ്ഥാപനത്തിനുള്ളിലുള്ള എല്ലാവരും നിങ്ങളെയാണ് ഇനി എങ്ങോട്ട് നീങ്ങണം എന്ന കാര്യത്തില്‍ മാര്‍ഗനിര്‍ദേശത്തിനായി ഉറ്റുനോക്കുന്നത്. സ്വയം മുന്നേറുന്നതിനൊപ്പം തന്റെ സ്ഥാപനത്തില്‍ ജോലിക്കായി എത്തിയിരിക്കുന്ന ആളുകളെയും നയിക്കാന്‍ ഒരു സംരംഭകന് കഴിയണം. തൊഴിലാളികളില്‍ ലക്ഷ്യബോധമുണ്ടാക്കാനും പ്രചോദിപ്പിക്കാനും മുന്നോട്ട് നയിക്കാനുമുള്ള കഴിവ് ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. സര്‍ക്കാര്‍ നയങ്ങളിലെ വ്യതിയാനം, വിപണിയിലെ പുതിയ എതിരാളിയുടെ ഉദയം തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി പ്രതിരോധിക്കാന്‍ കഴിയണം. ഒരുപക്ഷെ, തുടക്കത്തില്‍ തിരിച്ചടി ഉണ്ടാകാം. അതില്‍ തളരാതെ ലക്ഷ്യത്തിലെത്താനുള്ള നിശ്ചയദാര്‍ഢ്യം കാണിക്കണം. ബിസിനസ് സാഹചര്യങ്ങളും ജനങ്ങളുടെ പര്‍ച്ചേസിംഗ് പവാറും മാറുന്നതിനനുസരിച്ച് മികച്ച വികസന നയങ്ങള്‍ രൂപീകരിക്കാന്‍ സാധിക്കണം. ചുറ്റുപാടും കാണുന്ന എന്തിനേയും നിരീക്ഷിക്കാനും വിശകലനം ചെയ്യാനുമുള്ള കഴിവ് തുടക്കത്തിലേ വളര്‍ത്തിയെടുക്കുക. നേതൃസ്ഥാനത്ത് നിലയുറപ്പിച്ചാല്‍ പിന്നെ പിന്നീടൊരു തിരിച്ച് പോക്കില്ല എന്ന് മനസിലാക്കുക. സംരംഭത്തിന്റെ വിജയം മാത്രമായിരിക്കണം പിന്നീടുള്ള ആത്യന്തിക ലക്ഷ്യം.

താനെന്ന ഭാവം വേണ്ട

ബിസിനസ് മാനേജ്മെന്റ് എന്നാല്‍ വളരെ വലിയൊരു സിലബസാണ്. നാം നേടുന്ന എംബിഎ അല്ലെങ്കില്‍ മറ്റേതെങ്കിലും ബിസിനസ് മാനേജ്മെന്റ് ബിരുദം കൊണ്ട് സംരംഭകലോകത്തെ എല്ലാക്കാര്യങ്ങളും പഠിച്ചെടുക്കാന്‍ സാധിച്ചെന്നു വരില്ല. അതിനാല്‍ അറിയാത്ത കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കണം. ഒരിക്കലും അനാവശ്യമായ ഈഗോ മനസ്സില്‍ സൂക്ഷിക്കരുത്. അത് ആപത്തുകള്‍ വിളിച്ചുവരുത്തും. അത് പോലെത്തന്നെ ഒരു സംരംഭകന്‍ ഒരിക്കലും ഇമോഷനുകള്‍ക്ക് അടിപ്പെടരുത്.അമിതമായ ദേഷ്യം, വാശി തുടങ്ങിയ കാര്യങ്ങള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. ഇത്തരത്തിലുള്ള വ്യക്തികളിലാണ് ഈഗോ പ്രധാനമായും കാണുന്നത്. ഈഗോയുള്ളവര്‍ തന്റെ തെറ്റുകള്‍ സമ്മതിക്കില്ല. അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ മേല്‍ ചുമത്തും. മികച്ച ഒരു സംരംഭകന് യോജിച്ച കാര്യമല്ല അത്. ഇത്തരക്കാര്‍ തനിക്ക് അനുക്കൂലമായി പ്രവര്‍ത്തിക്കുന്നവരെ മാത്രമേ പിന്തുണക്കുകയുള്ളൂ. ഇത് ബിസിനസിനെ നാശത്തിലേക്ക് നയിക്കും. ആവശ്യത്തിനൊത്ത് ഉയരുക എന്ന നടപടിയാണ് ഇവിടെ ഉചിതം. ഇത് പ്രകാരം സംരംഭകരംഗത്തെ പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളുക.സ്വന്തം കാഴ്ചപ്പാടുകള്‍ ആവശ്യമെങ്കില്‍ മാറ്റുക.

ക്രിയാത്മകതയും ധാര്‍മികതയും

വ്യത്യസ്തമായ സംരംഭകത്വ ആശയങ്ങള്‍ക്കാണ് ഇപ്പോള്‍ വിപണിയില്‍ മൂല്യമുള്ളത്. അതിനാല്‍ ബിസിനസില്‍ ക്രിയാത്മകത കൊണ്ടുവരാന്‍ ശ്രമിക്കണം. ഉപഭോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞ് അത് നിങ്ങളുടെ ഉല്‍പ്പന്നത്തിലൂടെ നിറവേറ്റാനുള്ള ശ്രമം കാലഹരണപ്പെട്ട ഒരാശയമാണ്. ധാര്‍മികത കൈവിടാതെ സംരംഭം പൂര്‍ത്തിയാക്കുക. നിങ്ങള്‍ പുലര്‍ത്താനാഗ്രഹിക്കുന്ന ധാര്‍മികതയും മൂല്യങ്ങളും എഴുതിവെക്കുക. അത് നടാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. ക്രിയാത്മകതയും ധാര്‍മികതയും ബിസിനസില്‍ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. അതിനാല്‍ ഇവ സംരക്ഷിക്കാന്‍ ശ്രമിക്കുക.

Categories: FK Special, Slider