5 പിഎസ്എല്‍വികള്‍ സ്വകാര്യ മേഖല നിര്‍മിക്കും

5 പിഎസ്എല്‍വികള്‍ സ്വകാര്യ മേഖല നിര്‍മിക്കും
  • എല്‍&റ്റി, എച്ച്എഎല്‍ കമ്പനികള്‍ മുഖ്യ നിര്‍മാതാക്കളാകും
  • ഗോദ്‌റെജ് അടക്കം 200 ഓളം കമ്പനികള്‍ ഘടകങ്ങള്‍ നല്‍കും
  • സ്വകാര്യ കമ്പനികള്‍ നിര്‍മിച്ച ആദ്യ റോക്കറ്റ് 2021 ല്‍ വിക്ഷേപിക്കും

ഇത് സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ആവേശം പകരും. സ്വകാര്യ കമ്പനികള്‍ക്ക് ഈ ലക്ഷ്യം പ്രാപ്തമാക്കാനാവുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. പിഎസ്എല്‍വി ദൗത്യത്തില്‍ ഞങ്ങളോട് ഇപ്പോള്‍ത്തന്നെ സഹകരിച്ചു വരുന്ന എല്‍&റ്റിയും എച്ച്എഎല്ലും പോലെ വലിയ കമ്പനികള്‍ ഈ പരിപാടിയുടെ ഭാഗമാണ്

കെ ശിവന്‍, ഐഎസ്ആര്‍ഒ മേധാവി

ബെംഗളൂരു: ബഹിരാകാശ രംഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് വന്‍ കുതിച്ചുചാട്ടമേകി അഞ്ച് പിഎസ്എല്‍വി (പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) റോക്കറ്റുകള്‍ നിര്‍മിച്ചു നല്‍കാന്‍ രാജ്യത്തിന്റെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ, സ്വകാര്യ കമ്പനികളെ ക്ഷണിച്ചു. നിലവില്‍ പിഎസ്എല്‍വി ഘടക നിര്‍മാണവുമായി സഹകരിക്കുന്ന ഇരുനൂറോളം കമ്പനികളില്‍ നിന്നും രാജ്യത്തെ മറ്റ് സാങ്കേതിക കമ്പനികളില്‍ നിന്നുമാണ് താല്‍പ്പര്യ പത്രം ക്ഷണിച്ചിരിക്കുന്നത്. ഇതുവരെ വിവിധ കമ്പനികളില്‍ നിന്ന് ഘടകങ്ങള്‍ നിര്‍മിച്ചു വാങ്ങി റോക്കറ്റ് അസംബിള്‍ ചെയ്തിരുന്ന ഐഎസ്ആര്‍ഒ നിര്‍ണായക മാറ്റമാണ് ഈ പരിപാചിയില്‍ വരുത്തിയിരിക്കുന്നത്. 2021 ന് ശേഷം റോക്കറ്റ് നിര്‍മാണമടക്കമുള്ള പരിപാടികള്‍ പൂര്‍ണമായും സ്വകാര്യ മേഖലയെ ഏല്‍പ്പിക്കാനും ഗവേഷണങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്താനുമാണ് ഏജന്‍സിയുടെ പദ്ധതി. ഇതിനായുള്ള താല്‍പ്പര്യ പത്രം ഐഎസ്ആര്‍ഒയുടെ പുതിയ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡാണ് ക്ഷണിച്ചിരിക്കുന്നത്. ഓഗസ്റ്റ് 26 ന് താല്‍പ്പര്യമുള്ള കമ്പനികളുടെ യോഗം ഏജന്‍സിയുടെ ബെഗളൂരുവിലെ ആസ്ഥാനത്ത് വിളിച്ചിട്ടുണ്ട്. ഈ മാസം 21 മുന്‍പ് താല്‍പ്പര്യ പത്രം സമര്‍പ്പിക്കാനാണ് സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദേശം.

പൂര്‍ണമായും സ്വകാര്യ കമ്പനികള്‍ നിര്‍മിക്കുന്ന ആദ്യ റോക്കറ്റ് 2021 ല്‍ ഏജന്‍സി വിക്ഷേപിക്കും. നിലവില്‍ പ്രധാന ഘടകഭാഗങ്ങള്‍ നല്‍കുന്ന എല്‍&റ്റിക്കും പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനുമാണ് പ്രധാന നിര്‍മാണ ചുമതല. ഈ രണ്ടു കമ്പനികളുമാവും ഇരുനൂറോളം ചെറിയ കമ്പനികളില്‍ നിന്ന് ഇനിമുതല്‍ റോക്കറ്റിന്റെ ഘടകങ്ങള്‍ വാങ്ങുക. നിലവില്‍ ഐഎസ്ആര്‍ഒയാണ് ഇത് ചെയ്തു വരുന്നത്. റോക്കറ്റിന്റെ ഖര, ഇന്റര്‍സ്‌റ്റേജ് ഘടകങ്ങള്‍ എല്‍&റ്റിയും ദ്രവ, ടാങ്കേജ് ഭാഗങ്ങള്‍ എച്ച്എഎല്ലുമാവും നിര്‍വഹിക്കുക. എച്ച്എഎല്ലിന്റെ ഒന്നാം നിര ഘടക വിതരണക്കാരായി ഗോദ്‌റെജും എല്‍&റ്റിയുടെ ഒന്നാം നിര വിതരണക്കാരായി വാല്‍ചന്ദും പ്രവര്‍ത്തിക്കും.

ഒരു പിഎസ്എല്‍വി റോക്കറ്റിന്റെ നിര്‍മാണ ചെലവ് 200 കോടി രൂപയാണ്. ചൈനയടക്കം വിദേശ രാജ്യങ്ങളുടെ സമാന റോക്കറ്റുകളേക്കാള്‍ ഏറെ കുറവാണിത്. ഒപ്പം വിശ്വസ്ത സേവനവും ഉറപ്പ്. അഞ്ച് പിഎസ്എല്‍വി റോക്കറ്റുകള്‍ നിര്‍മിക്കാനുള്ള 1,000 കോടി രൂപയോളം വരുന്ന കരാര്‍ സ്വകാര്യ മേഖലയ്ക്ക് വലിയ പ്രോത്സാഹനമാകും. അതേസമയം വിദേശ കമ്പനികള്‍ക്ക് പദ്ധതിയുമായി സഹകരിക്കാന്‍ അനുവാദമില്ല.

Categories: FK News, Slider
Tags: PSLV