യുബിഎസ് ഗ്ലോബല്‍ സര്‍വേ റിപ്പോര്‍ട്ട്: 84 ശതമാനം യുഎഇ നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും സമ്പദ് വ്യവസ്ഥയില്‍ ശുഭപ്രതീക്ഷ

യുബിഎസ് ഗ്ലോബല്‍ സര്‍വേ റിപ്പോര്‍ട്ട്: 84 ശതമാനം യുഎഇ നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും സമ്പദ് വ്യവസ്ഥയില്‍ ശുഭപ്രതീക്ഷ

പ്രാദേശിക ഓഹരി വിപണിയിലുള്ള പ്രതീക്ഷയിലും യുഎഇ നിക്ഷേപകര്‍ മുന്‍പന്തിയിലാണ്

ദുബായ്: പ്രാദേശിക സമ്പദ് വ്യവസ്ഥയില്‍ ശുഭാപ്തി വിശ്വസമുള്ള ബിസിനസുകാരും നിക്ഷേപകരും ഏറ്റവുമധികം ഉള്ളത് യുഎഇയിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. യുഎഇയിലുള്ള 84 ശതമാനം അതിസമ്പന്നരായ നിക്ഷേപകരും ബിസിനസ് ഉടമകളും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷയുള്ളവരാണെന്നും അവസാന പാദങ്ങളിലെ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ അവരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ലെന്നും യുബിഎസ് ഗ്ലോബല്‍ വെല്‍ത്ത് മാനേജ്‌മെന്റിന്റെ ഏറ്റവും പുതിയ ഇന്‍വെസ്റ്റര്‍ സെന്റിമെന്റ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തില്‍ മറ്റേതൊരു രാജ്യത്തിലുമുള്ള ബിസിനസുകാരെയും നിക്ഷേപകരെയും അപേക്ഷിച്ച് യുഎഇയിലുള്ളവര്‍ക്ക് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ആത്മവിശ്വാസം കൂടുതലാണെന്ന മുന്‍ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന കണ്ടെത്തലാണിത്. കുറഞ്ഞത് 1 ദശലക്ഷം ഡോളര്‍ നിക്ഷേപക ആസ്തിയെങ്കിലും ഉള്ളള 3,899 നിക്ഷേപകരിലും ബിസിനസ് ഉടമകളിലും നടത്തിയ സര്‍വേയില്‍ യുഎഇയിലെ 81 ശതമാനം നിക്ഷേപകരും പ്രാദേശിക ഓഹരികളില്‍ പ്രതീക്ഷയുള്ളവരാണെന്ന് കണ്ടെത്തി.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ ലോകത്തില്‍ മറ്റൊരിടത്തും ഉള്ള നിക്ഷേപകര്‍ അവരവരുടെ പ്രാദേശിക സമ്പദ് വ്യവസ്ഥകളിലും ഓഹരിവിപണികളിലും ഇത്രയും ശുഭാപ്തി വിശ്വാസം വെച്ച് പുലര്‍ത്തുന്നില്ലെന്ന് സ്വിസ്സ് ബാങ്കും അഭിപ്രായപ്പെടുന്നു. ആഗോളതലത്തില്‍ 59 ശതമാനം പേരാണ് പ്രാദേശിക സമ്പദ് വ്യവസ്ഥകളില്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. പ്രാദേശിക ഓഹരി വിപണികളില്‍ പ്രതീക്ഷയുള്ളത് 55 ശതമാനം പേര്‍ക്കും.

പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയില്‍ പ്രാദേശിക നിക്ഷേപങ്ങള്‍ ഏറ്റവുമധികം നടക്കുന്നത് യുഎഇയിലാണെന്ന് ഇവൈയുടെ സമീപകാല റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ആദ്യപകുതിയില്‍ 14.4 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന 20ഓളം ഇടപാടുകളാണ് യുഎഇയില്‍ നടന്നത്. യുഎഇ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസത്തിന് തെളിവാണിത്.

പ്രാദേശിക സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസത്തില്‍ യുഎഇയിലെ നിക്ഷേപകര്‍ മുന്‍പന്തിയിലാണെന്നാണ് ഈ സര്‍വേ വ്യക്തമാക്കുന്നതെന്ന് യുബിഎസ് വെല്‍ത്ത് മാനേജ്‌മെന്റിന്റെ ദുബായ് മേഖല മേധാവി സെഡ്രിക് ലിസ്‌നിന്‍ പറഞ്ഞു. എന്നിരുന്നാലും ഈ ആത്മവിശ്വാസം വിപണി പങ്കാളിത്തമായി മാറ്റാന്‍ സാധിക്കണമെന്നും പണം കയ്യില്‍ വെച്ചിരുന്നത് കൊണ്ട് കാര്യമില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. പല മേഖലകളിലും പണം നിക്ഷേപിക്കുന്ന പ്രവണത വര്‍ഷത്തിന്റെ രണ്ടാംപകുതിയിലും നിക്ഷേപകര്‍ തുടരണമെന്നും യുബിഎസ് ദുബായ് മേധാവി അഭിപ്രായപ്പെട്ടു.

ആഗോളതലത്തില്‍ 17 രാജ്യങ്ങളില്‍ നിന്നുള്ള 3,899 സമ്പന്ന നിക്ഷേപകരും സംരംഭകരുമാണ് സര്‍വേയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.

സൈബര്‍ സുരക്ഷയാണ് യുഎഇ നിക്ഷേപകരുടെ ഏറ്റവും വലിയ ആശങ്കയെന്നും 48 ശതമാനം പേര്‍ സൈബര്‍ സുരക്ഷയെ പ്രധാന ഭീഷണിയായാണ് കാണുന്നതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ആഗോളതലത്തില്‍ വ്യാപാരയുദ്ധമാണ് നിക്ഷേപകര്‍ അവരുടെ ഏറ്റവും വലിയ ആശങ്കയായി വെളിപ്പെടുത്തിയത്. പ്രാദേശിക രാഷ്ട്രീയമാണ് അവരുടെ രണ്ടാമത്തെ ആശങ്ക. ബിസിനസുകള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന ഘടകങ്ങളില്‍ മൂന്നാംസ്ഥാനത്താണ് സൈബര്‍ സുരക്ഷ.

ലോകത്തില്‍ ലാറ്റിനമേരിക്കന്‍ മേഖലയിലുള്ള നിക്ഷേപകരാണ് അവരുടെ സമ്പദ് വ്യവസ്ഥയില്‍ ഏറ്റവുമധികം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്, 76 ശതമാനം. അവിടെയുള്ള 77 ശതമാനം നിക്ഷേപകര്‍ക്കാണ് പ്രാദേശിക ഓഹരി വിപണികളില്‍ പ്രതീക്ഷയുള്ളത്. രണ്ടാംസ്ഥാനം ഏഷ്യയില്‍ നിന്നുള്ള നിക്ഷേപകര്‍ക്കാണ്. 60 ശതമാനം ഏഷ്യന്‍ നിക്ഷേപകര്‍ ഏഷ്യയുടെ സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷ രേഖപ്പെടുത്തിയപ്പോള്‍ 56 ശതമാനം പേര്‍ ഏഷ്യന്‍ ഓഹരി വിപണികളില്‍ പ്രതീക്ഷ പ്രകടമാക്കി.

ബിസിനസുകള്‍ക്കുള്ള ഭീഷണികളില്‍ ഏഷ്യക്കാരുടെ മൂന്ന് പ്രധാന ആശങ്കകള്‍ വ്യാപാര യുദ്ധം(47 ശതമാനം), രാജ്യത്തിന്റെ ദീര്‍ഘകാല മത്സരക്ഷമത(43 ശതമാനം), സൈബര്‍ സുരക്ഷ(43 ശതമാനം) എന്നിവയാണ്.

Comments

comments

Categories: Top Stories