പരിഷ്‌കരിച്ച ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി പുറത്തിറക്കി

പരിഷ്‌കരിച്ച ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി പുറത്തിറക്കി

യഥാക്രമം 6.69 ലക്ഷം രൂപയും 7.59 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : പരിഷ്‌കരിച്ച ടാറ്റ ടിയാഗോ ജെടിപി, ടാറ്റ ടിഗോര്‍ ജെടിപി ഇന്ത്യയില്‍ അവതരിപ്പിച്ചു. യഥാക്രമം 6.69 ലക്ഷം രൂപയും 7.59 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ടാറ്റ മോട്ടോഴ്‌സിന്റെ പെര്‍ഫോമന്‍സ് മോഡലുകളാണ് ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി എന്നിവ. ടാറ്റ മോട്ടോഴ്‌സും കോയമ്പത്തൂര്‍ ആസ്ഥാനമായ ജയം ഓട്ടോമോട്ടീവ്‌സും ചേര്‍ന്നുള്ള ജെടി സ്‌പെഷല്‍ വെഹിക്കിള്‍സ് (ജെടിഎസ്‌വി) എന്ന 50:50 സംയുക്ത സംരംഭമാണ് ജെടിപി എഡിഷനുകള്‍ നിര്‍മ്മിച്ചത്. ടിയാഗോ, ടിഗോര്‍ എന്നീ സ്റ്റാന്‍ഡേഡ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ കരുത്തോടെയും മെക്കാനിക്കല്‍ പരിഷ്‌കാരങ്ങളോടെയുമാണ് ജെടിപി എഡിഷനുകള്‍ ആദ്യമായി പുറത്തിറക്കിയത്. രാജ്യത്തെ തെരഞ്ഞെടുത്ത ടാറ്റ ഡീലര്‍ഷിപ്പുകളിലാണ് ജെടിപി ഇരട്ടകള്‍ ലഭിക്കുന്നത്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ലഭിക്കും. കേരളത്തിന്റെ അടുത്തുകിടക്കുന്ന കോയമ്പത്തൂരിലും ജെടിപി കാറുകള്‍ ലഭിക്കും.

കോണ്‍ട്രോസ്റ്റ് നിറത്തിലുള്ള തനിയെ മടങ്ങുന്ന പുറം കണ്ണാടികള്‍, പിയാനോ ബ്ലാക്ക് നിറത്തിലുള്ള ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവ 2019 മോഡല്‍ ജെടിപി ഇരട്ടകളിലെ മാറ്റങ്ങളാണ്. ജെടിപി ബാഡ്ജ് സഹിതം ഗ്ലോസ് ബ്ലാക്ക് ഫിനിഷിലുള്ള ഗ്രില്‍, കറുത്ത നിറത്തിലുള്ള കോണ്‍ട്രാസ്റ്റ് റൂഫ്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, കൃത്രിമ ഹുഡ് സ്‌കൂപ്പുകള്‍, പരിഷ്‌കരിച്ച ബംപര്‍ എന്നിവയില്‍ മാറ്റമില്ല. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ജെടിപി ഇരട്ടകളിലെ പുതിയ സവിശേഷതയാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം, ഹാര്‍മന്‍ ട്യൂണ്‍ഡ് സൗണ്ട് സിസ്റ്റത്തോടെ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഇരു കാറുകളിലെയും ഇന്റീരിയറില്‍ പുതുതായി നല്‍കി. സ്റ്റാന്‍ഡേഡ് ടാറ്റ ടിയാഗോയുടെ ടോപ് വേരിയന്റുകളില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം 7 ഇഞ്ച് ഹാര്‍മന്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഈ വര്‍ഷമാദ്യം നല്‍കിയിരുന്നു.

ടാറ്റ ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി ഇരട്ടകള്‍ തുടര്‍ന്നും 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കും. ഈ മോട്ടോര്‍ 112 ബിഎച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇരു കാറുകള്‍ക്കും പത്ത് സെക്കന്‍ഡില്‍ താഴെ സമയം മതി. മികച്ച റൈഡ് കണ്‍ട്രോള്‍ ലഭിക്കുന്നതിന് സസ്‌പെന്‍ഷന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഗ്രൗണ്ട് ക്ലിയറന്‍സ് താഴ്ത്തി. മികച്ച ട്രാക്ഷന്‍ ലഭിക്കുന്നതിന് വീതിയേറിയ ടയറുകളാണ് കാറുകളില്‍ നല്‍കിയിരിക്കുന്നത്. ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍) സഹിതം എബിഎസ്, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവ സുരക്ഷാ ഫീച്ചറുകളാണ്. ജെടിപി ഇരട്ടകള്‍ക്ക് നിലവില്‍ വിപണിയില്‍ എതിരാളികളില്ല. എന്നാല്‍ മാരുതി സുസുകി ബലേനോ ആര്‍എസ് എന്ന പെര്‍ഫോമന്‍സ് കാറിനെ വേണമെങ്കില്‍ എതിരാളിയായി പരിഗണിക്കാം.

Comments

comments

Categories: Auto