ഹെബ്രൈഡ്‌സ് ദ്വീപിനു സമീപം സാല്‍മണ്‍ മത്സ്യ ഫാം; പരിസ്ഥിതി ആശങ്ക ഉയരുന്നു

ഹെബ്രൈഡ്‌സ് ദ്വീപിനു സമീപം സാല്‍മണ്‍ മത്സ്യ ഫാം; പരിസ്ഥിതി ആശങ്ക ഉയരുന്നു

ലണ്ടന്‍: സ്‌കോട്ട്‌ലാന്‍ഡിന്റെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമാണു ഹെബ്രൈഡ്‌സ്. ഈ ദ്വീപിലുള്ള കാനയുടെ തീരത്ത് വലിയ സാല്‍മണ്‍ മത്സ്യ ഫാം നിര്‍മിക്കാനുള്ള നീക്കം പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുമെന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. യുകെയുടെ പരിധിയില്‍പ്പെടുന്ന കടലിലെ പരിസ്ഥിതി സംരക്ഷിത പ്രദേശങ്ങളിലൊന്നാണ് ഹെബ്രൈഡ്‌സ് ദ്വീപ്. ഇവിടെയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സാല്‍മണ്‍ ഉല്‍പ്പാദകരായ മോവി സാല്‍മണ്‍ മത്സ്യത്തെ ജൈവ കൃഷി രീതിയില്‍ ഉല്‍പ്പാദിപ്പിക്കാനായി മുന്നോട്ടു വന്നിരിക്കുന്നത്. കൂടു കൃഷി സമ്പ്രദായത്തിലൂടെ ആയിരക്കണക്കിനു ടണ്‍ ഉല്‍പ്പാദിപ്പിക്കാനാണു പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ മോവിയുടെ പദ്ധതി പാരിസ്ഥിതി പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നു സ്‌കാട്ട്‌ലാന്‍ഡ് സര്‍ക്കാരിന്റെ പരിസ്ഥിതി നിരീക്ഷകരായ സ്‌കോട്ടിഷ് നാച്വറല്‍ ഹെറിറ്റേജ് പറഞ്ഞു. പ്രദേശത്തെ കടല്‍പ്പക്ഷികള്‍, ഡോള്‍ഫിന്‍ വര്‍ഗത്തില്‍പ്പെട്ട ഒരു മത്സ്യം, നീര്‍നായ പോലെയുള്ള സീല്‍ എന്ന സമുദ്രജന്തു എന്നിവയ്ക്കും കടല്‍ത്തീരത്തെ മറ്റ് അപൂര്‍വ സമുദ്രജീവികള്‍ക്കും കാര്യമായ ഭീഷണിയാകുമെന്നുമാണു സ്‌കോട്ടിഷ് നാച്വറല്‍ ഹെറിറ്റേജ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഒരു ഓര്‍ഗാനിക് കൃഷിയിടത്തിനു മറ്റു പരമ്പരാഗത കൃഷിയിടങ്ങളെ അപേക്ഷിച്ചു വളരെ കുറഞ്ഞ പാരിസ്ഥിതിക ആഘാതം മാത്രമായിരിക്കും സൃഷ്ടിക്കാനാവുന്നതെന്നു മോവി പറഞ്ഞു. അതു കൊ്ണ്ട് ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അവര്‍ പറയുന്നു. പദ്ധതി നടപ്പിലാക്കിയാല്‍ 2,500 ടണ്‍ മത്സ്യം ഒരേസമയത്ത് ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു.

Categories: World
Tags: Fish farm, Salmon