പ്രിയം ചാറ്റര്‍ജിക്ക് ഫ്രഞ്ച് ബഹുമതി

പ്രിയം ചാറ്റര്‍ജിക്ക് ഫ്രഞ്ച് ബഹുമതി

പശ്ചിമബംഗാള്‍ സ്വദേശി പ്രിയം ചാറ്റര്‍ജിക്ക് ഫ്രഞ്ച് ബഹുമതിയായ ഷെവലിയര്‍ ഡി എല്‍ ഓര്‍ഡ്രെ ഡു മെറൈറ്റ് അഗ്രിക്കോള്‍ (ഓര്‍ഡര്‍ ഓഫ് അഗ്രികള്‍ച്ചറല്‍ മെറിറ്റ്) ബഹുമതി ലഭിച്ചു. ഈ ബഹുമതി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ഷെഫ് ആണ് പ്രിയം. പ്രശസ്ത ഫ്രഞ്ച് പാചകക്കാരുടെ കീഴില്‍ പരിശീലനം നേടിയ ചാറ്റര്‍ജി തന്റെ ജന്മനാടായ പശ്ചിമ ബംഗാളിലെ പരമ്പരാഗത വിഭവങ്ങള്‍ ഫ്രഞ്ച് ഭക്ഷണവിഭവങ്ങളുമായി കൂട്ടി യോജിപ്പിക്കുന്നതില്‍ പ്രശസ്തനാണ്. അദ്ദേഹത്തിന്റെ സമര്‍ത്ഥമായ പ്ലേറ്റിംഗും, പാചക ശൈലിയും, വിഭവങ്ങളും രണ്ടു രാജ്യങ്ങളുടെയും ഭക്ഷ്യസംസ്‌കാരത്തെ ബഹുമാനിക്കുന്നതാണ്. തന്റെ കുടുംബത്തിലെ പാരമ്പര്യരുചിക്കൂട്ടും ഫ്രാന്‍സിന്റെ രുചിഭേദവുമാണ് തന്റെ പാചകപരീക്ഷണങ്ങളെ സ്വാധിനിച്ചതെന്ന് 30 കാരനായ ചാറ്റര്‍ജി പ്രതികരിച്ചു. ഇന്ത്യയിലെ ഫ്രഞ്ച് പാചകരീതിയുടെ അംബാസഡറായി നിങ്ങളെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ഫ്രഞ്ച് അംബാസഡര്‍ അലെക്‌സാണ്ടര്‍ സീഗ്ലര്‍ പറഞ്ഞു. കൃത്യതയാണ് പാചകക്കാരന്റെ സവിശേഷതയെന്ന് ഫ്രഞ്ച് അംബാസഡര്‍ പറഞ്ഞു. നിങ്ങളുടെ പ്ലേറ്റിംഗ് കലാസൃഷ്ടികളെ അനുസ്മരിപ്പിക്കുന്നതാണ്. നിങ്ങളുടെ വിഭവങ്ങള്‍ രുചിക്കുന്നതിനുമുമ്പുതന്നെ ഒരാള്‍ക്ക് നിങ്ങളുടെ മുഴുവന്‍ വ്യക്തിത്വത്തിന്റെയും ഒരു കാഴ്ച ലഭിക്കും. അഭിരുചിക്കുപുറമെ, നിങ്ങളുടെ പാചകരീതിയില്‍ ശ്രദ്ധേയമായത് ഗുണനിലവാരവും സര്‍ഗ്ഗാത്മകതയുമാണെന്ന് മാസ്റ്റര്‍ ഷെഫ് പോള്‍ ബോക്യൂസ് പറഞ്ഞു. ഇതു തന്നെയാണ്ഫ്രഞ്ച്, ഇന്ത്യന്‍ വിഭവങ്ങളുടെ കാതലായ രണ്ട് ഗുണങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1883ല്‍ സ്ഥാപിതമായ ഈ അവാര്‍ഡ് കാര്‍ഷികം, കാര്‍ഷിക-ഭക്ഷ്യ വ്യവസായം, ഗ്യാസ്‌ട്രോണമി എന്നിവയ്ക്കുള്ള മികച്ച സംഭാവനകള്‍ക്ക് നല്‍കുന്നവര്‍ക്കാണ് സമ്മാനിക്കുക. നിലവില്‍ ചാറ്റര്‍ജി ഫ്രാന്‍സിലെ ജാന്‍ റെസ്റ്റോറന്റ് യാച്ചിലെ ഹെഡ് ഷെഫാണ്.

Categories: Health