കാന്‍സര്‍ പ്രതിരോധം ജൈവകൃഷിയിലൂടെ, ഇത് മണിയുടെ മാതൃക

കാന്‍സര്‍ പ്രതിരോധം ജൈവകൃഷിയിലൂടെ, ഇത് മണിയുടെ മാതൃക

കാന്‍സര്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന ഒരു നാടാണ് നമ്മുടേത്. ദേശീയശരാശരി നോക്കിയാല്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികളുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യ പത്തില്‍ കേരളവും സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരു പരിധിവരെ മനുഷ്യര്‍ സ്വയം സൃഷ്ടിച്ചെടുക്കുന്ന വിപത്താണ് കാന്‍സര്‍ എന്ന് പറയാം. കാന്‍സര്‍ പടര്‍ന്നു വ്യാപിക്കുന്നതിനുള്ള പ്രധാനകാരണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നത് ജീവിതശൈലിയിലെ പൊരുത്തക്കേടുകളും ഫാസ്റ്റ്ഫുഡ് സംസ്‌കാരവുമാണ്. മലയാളികള്‍ എന്ന് കാര്‍ഷിക സംസ്‌കാരത്തോടു വിമുഖത കാണിച്ചു തുടങ്ങിയോ അന്ന് മുതല്‍ ശാരീരികമായ അസ്വാരസ്യങ്ങളും ആരംഭിച്ചു.ഇത്തരത്തില്‍ സ്വന്തം കുടുംബത്തിലെ പ്രിയപ്പെട്ട നാല് വ്യക്തികള്‍ കാന്‍സര്‍ മൂലം മരണപ്പെട്ടപ്പോള്‍ പത്തനംതിട്ട കടമ്പനാട് സ്വദേശിയായ സികെ മണി ഒരു കാര്യം തീരുമാനിച്ചു, ഒരിക്കലും തന്റെയോ കുടുംബത്തിന്റെയോ പിടിപ്പുകേടുകൊണ്ട് മറ്റൊരാള്‍ക്ക് കൂടി കാന്‍സര്‍ വരരുത്. വിഷമയമായ പച്ചക്കറികളും പഴവര്‍ഗങ്ങളും ഈ രോഗത്തിന് ആക്കം കൂട്ടുന്നു എന്ന് മനസിലാക്കിയ മണി പച്ചക്കറികളും പഴങ്ങളും സ്വന്തം വീട്ടുവളപ്പില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നു. 40 വര്‍ഷമായി ഫോട്ടോഗ്രാഫര്‍ ആയിരുന്ന മണി ജൈവകൃഷിയിലേക്ക് തിരിഞ്ഞത് വളരെ വേഗമായിരുന്നു.ഇന്ന് പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന ജൈവകര്‍ഷകരില്‍ ഒരാളായി മാറിയ അദ്ദേഹം, കാര്‍ഷിക ശില്പശാലകളിലെയും ഗവേഷണരംഗത്തെയും സ്ഥിരം സാന്നിധ്യമാണ്.

നീണ്ട 40 വര്‍ഷം കാമറയും തൂക്കി ഏറെ ഇഷ്ടമുള്ള ഫോട്ടോഗ്രാഫി എന്ന തൊഴില്‍ ചെയ്തിരുന്ന ഒരു വ്യക്തി, ഒരു ദിവസം നിനച്ചിരിക്കാതെ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിയുന്നു. ആദ്യമാദ്യം കേട്ടവരെല്ലാം മൂക്കത്ത് വിരല്‍വച്ചു. കൃഷിയില്‍ യാഥര് വിധ മുന്‍പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ കൃഷി ചെയ്യുമെന്നോര്‍ത്ത് അത്ഭുതപ്പെട്ടു. ഗ്രാമത്തിലെ പലരും ഈ തീരുമാനത്തെക്കുറിച്ച് അടക്കം പറയുകയും പരിഹസിച്ച് ചിരിക്കുകയും ചെയ്തു. എന്നാല്‍ താന്‍ എടുത്ത തീരുമാനത്തില്‍ നിന്നും പിന്നോട്ട് ചലിക്കാന്‍ പത്തനംതിട്ട കടമ്പനാട് സ്വദേശിയായ സികെ മണി തയ്യാറല്ലായിരുന്നു. കൃഷി തനിക്ക് വഴങ്ങുമോ എന്ന് ചോദിച്ച പരിഹസിച്ചവര്‍ക്ക് മുന്നില്‍ കര്‍ഷകവനിതയായിരുന്ന തന്റെ അമ്മയുടെ പാരമ്പര്യം മണി വ്യക്തമാക്കി. ഒരു ദിവസം ഇരുട്ടിവെളുത്തപ്പോള്‍ പെട്ടന്ന് തോന്നിയ ഒരു ആവേശത്തിന്റെ പുറത്ത് എന്നാല്‍ കൃഷിയില്‍ അരക്കൈ നോക്കിക്കളയാം എന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ട ഒരു വ്യക്തിയല്ല മണി. ജീവനായി കരുതിയിരുന്ന കാമറ ഉപേക്ഷിച്ച് കൈക്കോട്ടും തൂമ്പയുമായി മണ്ണിലേക്ക് മണി ഇറങ്ങിയതെന്തിനാണെന്ന് മനസിലാക്കാന്‍ അദ്ദേഹത്തെ കളിയാക്കിയവര്‍ക്ക് ആദ്യവിളവെടുപ്പുവരെ കാത്തിരിക്കേണ്ടി വന്നു.

വിഷമയമായ ഭക്ഷ്യരീതിയും കാന്‍സറും

പൊതുവെ എല്ലാക്കാര്യങ്ങളെയും അല്പം വിവേചന ബുദ്ധിയോടെയും തന്മയത്വത്തോടെയും നേരിടുന്ന വ്യക്തിയാണ് കടമ്പനാട് സ്വദേശികളുടെ പ്രിയപ്പെട്ട മണിച്ചേട്ടന്‍.എന്നാല്‍ കാര്‍ഷികരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ ചുവടുമാറ്റം അവിശ്വസനീയമായിരുന്നു. കാന്‍സര്‍രോഗത്തിന്റെ മൂലകാരണം തേടിയിറങ്ങിയ അദ്ദേഹം ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ഉദ്ദേശത്തിലാണ് കൃഷിയിലേക്ക് തിരിയുന്നത് എന്ന് പറഞ്ഞപ്പോഴും പലര്‍ക്കും കാര്യം മനസിലായില്ല. തന്റെ കുടുംബത്തില്‍ 4 പേര് കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് മരണമടഞ്ഞതോടെയാണ് മണി കാന്‍സറിന്റെ മൂലകാരണങ്ങള്‍ തേടിപ്പുറപ്പെടുന്നത്. കൂടുതല്‍ തിരക്കും മുന്‍പേ മണിക്ക് ഒരു കാര്യം മനസിലായി. ഭക്ഷ്യവസ്തുക്കളില്‍ അടിക്കുന്ന മാരകമായ കീടനാശിനികള്‍ മനുഷ്യശരീരത്തില്‍ നടത്തുന്ന പ്രതിപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കാന്‍സര്‍ എന്ന മഹാവിപത്ത് പടര്‍ന്നു പിടിക്കുന്നത്.

ഇങ്ങനെ നോക്കിയപ്പോള്‍ മണിക്ക് ഒരു കാര്യം കൂടി വ്യക്തമായി വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പച്ചക്കറികളാണ് പ്രധാന വില്ലന്മാര്‍. മികച്ച വിളവ് ലഭിക്കുന്നതിനും ദീര്‍ഘകാലം വാട്ടം കൂടാതെയിരിക്കുന്നതിനും വേണ്ടി തളിക്കുന്ന കീടനാശിനികളും മറ്റ് വസ്തുക്കളും പച്ചക്കറികളുടെ മാറ്റ് കൂട്ടുന്നുണ്ടെങ്കിലും അത് മനുഷ്യശരീരത്തിലുണ്ടാക്കുന്ന ആഘാതം ആരും കാണാതെ പോകുന്നു. ഇത്തരത്തില്‍ വിഷം തിന്ന് തിന്ന് കാന്‍സറിനും അതിലൂടെ മരണത്തിനും ഇരയാകുന്നതിനു പകരം ഭക്ഷ്യസ്വയം പര്യാപ്തതയിലൂടെ നല്ല ജീവിതം കൈയെത്തി പിടിച്ചുകൂടേയെന്നാണ് മണി ചിന്തിച്ചത്.അവനവന്റെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് അനിവാര്യമായ പച്ചക്കറികളും പഴവര്‍ഗങ്ങളും സ്വന്തം പുരയിടത്തില്‍ത്തന്നെ കൃഷി ചെയ്യുക എന്നതായിരുന്നു മണി മുന്നോട്ട് വച്ച നിര്‍ദേശം. സ്വയം പ്രാവര്‍ത്തികമാക്കാത്ത ഒരു കാര്യത്തെക്കുറിച്ച് മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ, അതിനാല്‍ സ്വന്തം വീട്ടില്‍ നിന്നുതന്നെ അത്തരമൊരു മുന്നേറ്റം തുടങ്ങുന്നതിനായിരുന്നു മണിയുടെ തീരുമാനം.

കൃഷിപാഠങ്ങള്‍ ഒന്നൊന്നായി പഠിച്ച്

പത്തനംതിട്ട ഒരു കര്‍ഷകഗ്രാമമായിരുന്നു എങ്കിലും മണി ഒരിക്കലും ഒരു കൃഷിയിടത്തില്‍ ഇറങ്ങി നാല് നെല്ല് പോലും വിതച്ചിരുന്നില്ല. ചെറുപ്പം മുതല്‍ പ്രണയം കാമറയോടായിരുന്നു. അതിനാല്‍ ആ മേഖലയില്‍ തൊഴില്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കൃഷി എന്ന ചിന്ത മനസ്സില്‍ ഉറച്ചതോടെ ഒരു കുട്ടിയുടെ ഏകാഗ്രതയോടെ കാര്‍ഷിക പാഠങ്ങള്‍ പഠിക്കുവാന്‍ ആരംഭിച്ചു. കാന്‍സര്‍ രോഗത്തിനെതിരായുള്ള ബോധവത്കരണം എന്ന നിലക്ക് ജൈവകൃഷിയാണ് അദ്ദേഹം തെരെഞ്ഞെടുത്തത്. കുറെയേറെ ഭൂമി കൈവശമുള്ളവര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും കൃഷിചെയ്യാന്‍ അവസരമൊരുക്കുന്ന രീതിയിലുള്ള ടെറസ് ഫാമിംഗ് മാതൃകയാണ് അദ്ദേഹം തെരെഞ്ഞെടുത്തത്. അമ്മ ഒരു കര്‍ഷകസ്ത്രീ ആയിരുന്നു എന്ന ഘടകം കാര്‍ഷികരംഗത്ത് മണിക്ക് തുണയായി. ‘അമ്മ കൃഷിയെയും കൃഷിയിടത്തെയും സമീപിച്ചിരുന്ന രീതി മണി ഓര്‍ത്തെടുത്തു. വയലില്‍ പണിയെടുത്ത് അവനവന്റെ അന്നത്തിനുള്ള വക വിത്ത് വിതച്ച്, നനച്ചു വളര്‍ത്തി, കൊയ്‌തെടുത്ത ജീവിച്ചിരുന്ന അമ്മയുടെ കാലത്ത് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.അതിനാല്‍ കൃഷിതന്നെയാണ് ശരിയെന്ന് അദ്ദേഹത്തിന് മനസിലായി.പത്തനംതിട്ട ജില്ലക്കാരെ ജൈവകൃഷിയിലേക്ക് പില്‍ക്കാലത്ത് വഴിതിരിച്ചുവിട്ട സികെ മണി എന്ന ജൈവകര്‍ഷകന്റെ തുടക്കം അങ്ങനെയായിരുന്നു.

2010 ലാണ് കൃഷിയെ ജീവിതമാര്‍ഗവും കാന്‍സര്‍ പ്രതിരോധമാര്‍ഗവുമായി സ്വീകരിക്കുന്നത്. കൃഷിരീതികള്‍ പഠിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ അതിനായി തെരെഞ്ഞെടുത്തത് തൃശ്ശൂരിലെ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയുടെ ജൈവകൃഷി പഠനക്‌ളാസുകളെയാണ്. എങ്ങനെ പ്രകൃതിക്ക് ഇണങ്ങിയ രീതിയില്‍ പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് കൃഷി ചെയ്യാമെന്നാണ് അവിടെ നിന്നും അദ്ദേഹം പഠിച്ചത്. പ്രകൃതിയോടിണങ്ങിയ കൃഷിക്ക് ആഗോളതലത്തില്‍ തന്നെ പ്രാധാന്യം വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ ആ വഴിക്ക് തന്നെ സഞ്ചരിക്കാന്‍ അദ്ദേഹവും തീരുമാനിച്ചു. ഇത് പ്രകാരം, ചാരം, ചാണകം , ജീവാമൃതം എന്ന ജൈവവളം എന്നിവയെ ആധാരമാക്കി കൃഷി ആരംഭിച്ചു.മഹാത്മാഗാന്ധി സര്‍വ്വകലാശക്ക് കീഴിലുള്ള ജൈവകൃഷി പഠന ക്ലാസില്‍ പങ്കെടുത്തപ്പോഴാണ് മറ്റെല്ലാ കൃഷി രീതികള്‍ക്കും ഉപരിയാണ് ജൈവകൃഷിയുടെ സാധ്യതകളെന്ന് അദ്ദേഹത്തിന് മനസിലായത്

”ജന്മം കൊണ്ട് കര്‍ഷകനായ വ്യക്തിയല്ല ഞാന്‍. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും കൃഷിയിലേക്കെത്താന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുമില്ല. എന്നാല്‍ കാന്‍സര്‍രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് എന്നെ വല്ലാതെ ഭയപ്പെടുത്തി. അങ്ങനെയാണ് കൃഷിയിലേക്കിറങ്ങുന്നത്. മണ്ണ്, വെളളം , മനുഷ്യന്‍ ഈ മൂന്നു ഘടകങ്ങളുടെ പിഎച്ച് മൂല്യം അളവ് തെറ്റാതെ സംരക്ഷിക്കുക എന്നതാണ് മികച്ചക്കൃഷിയുടെയും ജീവിതശൈലിയുടെയും അടിസ്ഥാന തത്വം. മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഒട്ടുമിക്ക കര്‍ഷകരും മണ്ണില്‍ കുമ്മായം വിതറുകയാണ് ചെയ്യുന്നത്. ഇത് ശത്രുകീടങ്ങളെയും മിത്രകീടങ്ങളെയും ഒരേ പോലെ നശിപ്പിക്കുന്നു.എന്നാല്‍ ഇത് ശാസ്ത്രീയമായ ഒരു രീതിയല്ല. ഇത് മണ്ണിന്റെ ധാതുമൂല്യം നശിപ്പിക്കുന്നു.കാലാന്തരത്തില്‍ മണ്ണില്‍ ഒന്നും തന്നെ മുളക്കാത്ത അവസ്ഥ വരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി പച്ചക്കപ്പ പൊടിച്ചു ചേര്‍ക്കുകയാണ് ചെയ്യേണ്ടത്. ഇത് വിളവ് വര്‍ധിക്കുന്നതിനും മണ്ണിന്റെ സംരക്ഷണത്തിനും കാരണമാകുന്നു.ഇത്തരത്തില്‍ നിരവധിക്കാര്യങ്ങള്‍ സ്വയം നിരീക്ഷിച്ചതും പരീക്ഷിച്ചുമാണ് ഞാന്‍ എന്റെ സ്വന്തം മണ്ണില്‍ ആദ്യമായി വിത്തെറിഞ്ഞത്” തന്റെ കര്‍ഷക ജീവിതത്തെപ്പറ്റി മണി പറയുന്നു.

40 സെന്റ് കൃഷിയിടത്തില്‍ നിന്നും വരുമാനവും ആരോഗ്യവും

കാര്‍ഷികരംഗത്തേക്കിറങ്ങിയപ്പോള്‍ ഒന്നും മികച്ച വരുമാനം നേടണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍ കൃഷിയോട് കാണിച്ച അസാധാരണമായ ആത്മാര്‍ത്ഥതയുടെ മികച്ച വരുമാനം ലഭിക്കാനും തുടങ്ങി. തന്റെ പുരയിടത്തിന് ചുറ്റുമുള്ള കേവലം 40 സെന്റ് സ്ഥലത്താണ് സികെ മണി കൃഷി ചെയ്യുന്നത്. പ്രധാനമായും പ്രൊമോട്ട് ചെയ്യുന്നത് ടെറസ് ഫാമിംഗാണ്. പാവക്ക, കോവക്ക, തക്കാളി, വെണ്ട, പടവലം , മുളക്, അച്ചിങ്ങ, പലതരം ചീരകള്‍, കുമ്പളങ്ങാ, വെള്ളരിക്ക , മുരിങ്ങ, വഴുതനങ്ങ എന്ന് വെണ്ട വിപണിയില്‍ ലഭ്യമായ എല്ലാ പച്ചക്കറികളും ഇവിടെ ലഭ്യമാണ്.ഉപയോഗശൂന്യമായ വസ്തുക്കളെ കൃഷിക്കായി വിനിയോഗിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

എല്ലാത്തരം പച്ചക്കറികളും പഴവര്‍ഗങ്ങളും ഈ 40 സെന്റ് സ്ഥലത്ത് അദ്ദേഹം നട്ട് നനച്ച് വളര്‍ത്തുന്നു. ആത്തച്ചക്ക, പൈനാപ്പിള്‍, പലതരം വാഴപ്പഴങ്ങള്‍, സീതപ്പഴം എന്നിവയാണ് ഫലവര്‍ഗങ്ങളായി ഇവിടെയുള്ളത്. എത്രശ്രമിച്ചിട്ടും ജൈവകൃഷിയുടെ ഭാഗമാകാന്‍ തയ്യാറാകാതിരുന്ന നാട്ടുകാര്‍ക്ക് മണി തന്റെ തോട്ടത്തിലുണ്ടായ വിഷം ചേര്‍ക്കാത്ത പച്ചക്കറികളും പഴവര്‍ഗങ്ങളും ആവോളം നല്‍കി. വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കാര്‍ഷിക വിഭവങ്ങളില്‍ നിന്നും മണിച്ചേട്ടന്‍ നല്‍കിയ പച്ചക്കറികളുടെയും പഴങ്ങളുടെയും സ്വാദ് വ്യത്യസ്തമാണെന്ന് മനസിലാക്കിയ പരിസരവാസികള്‍ പയ്യെ ജൈവകൃഷിയിലേക്ക് തിരിയുകയായിരുന്നു. കൃഷി ചെയ്യാന്‍ ആഗ്രഹിച്ചെത്തുന്ന വ്യക്തികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും മികച്ച വിത്തിനങ്ങളും ഇദ്ദേഹം തീര്‍ത്തും സൗജന്യമായി നല്‍കുന്നു.കാര്‍ഷിക ശില്പശാലകള്‍ക്കും സെമിനാറുകള്‍ക്കും ഇന്ന് മണി നേതൃത്വം നല്‍കുന്നുണ്ട്. വളര്‍ന്നു വരുന്ന തലമുറ തീര്‍ച്ചയായും കാര്‍ഷിക സംസ്‌കാരത്തിന്റെ വില മനസിലാക്കണം എന്ന ചിന്തയിലാണ് അദ്ദേഹം ഓരോ കാര്‍ഷിക ക്‌ളാസുകള്‍ക്കും നേതൃത്വം നല്‍കുന്നത്. എല്ലാവരും ഗ്രോ ബാഗുകളില്‍ കൃഷി ചെയ്യുമ്പോള്‍ മണി ഉപയോഗശൂന്യമായ ടയറുകളില്‍ മണ്ണ് നിരസിച്ചാണ് കൃഷി ചെയ്യുന്നത്. ഇത് ഗ്രോ ബാഗിനേക്കാള്‍ വിളവ് നല്‍കുകയും കൂടുതല്‍ ഈട് നില്‍ക്കുകയും ചെയ്യുന്നെന്ന് അദ്ദേഹം പറയുന്നു.

ഇപ്പോള്‍ ഒന്‍പത് വര്‍ഷത്തോളമായി വിപണിയില്‍ നിന്നും തന്റെ വീട്ടിലെ പാചക ആവശ്യങ്ങള്‍ക്കായി യാതൊരു പച്ചക്കറികളും പഴങ്ങളും അദ്ദേഹം വാങ്ങാറില്ല. എന്നാല്‍ സമൂഹം സസ്യാഹാരികളുടേത് മാത്രമല്ലല്ലോ, അമോണിയ ചേര്‍ത്ത മത്സ്യവിഭവങ്ങളും പഴക്കം ചെന്ന മാംസവുമെല്ലാം ആരോഗ്യത്തിനു കേടാണെന്നു മനസിലാക്കിയതിനാലാണ് അദ്ദേഹം മീന്‍വളര്‍ത്തലിലേക്കും കൂണ്‍കൃഷിയിലേക്കും കൂടി തിരിഞ്ഞത്. പടുതാക്കുളം നിര്‍മിച്ച് അതിലാണ് ഭക്ഷ്യാവശ്യത്തിനുള്ള മീനുകളെ വളര്‍ത്തുന്നത്. സ്വന്തം ആവശ്യം കഴിഞ്ഞു ബാക്കിയുള്ളവ വില്‍ക്കുകയും ചെയ്യുന്നു. കട്‌ല , രോഹു, കാര്‍പ്പ് തുടങ്ങിയ മീനുകളെയാണ് പ്രധാനമായും വളര്‍ത്തുന്നത്. കൂണുകളില്‍ പ്രധാനമായും ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ തുടങ്ങിയ മാംസ്യ സമ്പുഷ്ടമായ കൂണുകളാണ് വളര്‍ത്തുന്നത്. ഇതും തന്റെ ആവശ്യം കഴിഞ്ഞു ശേഷിക്കുന്നത് വില്‍പ്പനക്കായി എത്തിക്കുന്നു. കന്നുകാലി മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി അസോളയും കൃഷി ചെയ്യുന്നു.ഇപ്പോള്‍ ഔഷധത്തേനിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി തേന്‍കൃഷിയും നടത്തുന്നു. കൃഷിക്ക് കൂട്ടായി ഭാര്യയും ഉണ്ട്.

വളപ്രയോഗത്തിലാണ് കാര്യം

പച്ചക്കറികൃഷിയില്‍ പ്രധാനം വളപ്രയോഗമാണെന്ന് മണി പറയുന്നു. മീന്‍കുളത്തില്‍ നിന്നുള്ള മാലിന്യം ഉമിക്കരിയുമായി യോജിപ്പിച്ച ശേഷം അതാണ് പ്രധാനമായും വളമായി പ്രയോഗിക്കുന്നത്. അതിനോടൊപ്പം, ചാണകം, ഗോമൂത്രം, ചാരം, ജീവാമൃതം എന്നിവയും പരീക്ഷിക്കുന്നു.പച്ചക്കറികള്‍ക്ക് ചാണകം, ഗോമൂത്രം, കപ്പലണ്ടി പിണ്ണാക്ക് , എല്ലുപൊടി എന്നിവ സമം ചേര്‍ത്ത് നാലുദിവസം വച്ച് പുളിപ്പിച്ച ശേഷം മിശ്രിതം വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് തളിക്കുന്നു. മികച്ച വിളവ് ലഭിക്കുന്നതിന് സഹായിക്കുന്ന ഈ മാര്‍ഗം മണി സ്വയം കണ്ടെത്തിയതാണ്. മണിയുടെ നേതൃത്വത്തില്‍ ജൈവകൃഷിയിലേക്ക് തിരിഞ്ഞ കര്‍ഷകരും ഇതേ രീതി തന്നെ പിന്തുടരുന്നു. മാത്രമല്ല, കീടങ്ങളെ നിയന്ത്രിക്കുന്നതിനായി വേപ്പെണ്ണ മിശ്രിതം തളിക്കുകയും, കുമിള്‍ മിശ്രിതം വെള്ളം ചേര്‍ത്ത് പ്രയോഗിക്കുകയും ചെയ്യുന്നു.

കൃഷിയെ അത്രയേറെ സ്‌നേഹിക്കുന്ന , മനുഷ്യവംശത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനായി കൃഷി അനിവാര്യമാണെന്ന് പറയുന്ന അദ്ദേഹം തന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയവര്‍ക്ക് സമ്മാനമായി നല്‍കിയത് എട്ടിനം പച്ചക്കറികളുടെ വിത്താണ്. ഫേസ്ബുക്ക് , വാട്ട്‌സ്ആപ്പ് കൂട്ടായ്മകള്‍ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി മുന്നിട്ടു നില്‍ക്കുന്നു എന്നാണ് മണി പറയുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയും വിത്ത് വിതരണം, തൈ വിതരണം, കാര്‍ഷിക പഠന ക്‌ളാസുകള്‍ എന്നിവയിലൂടെ സജീവമാണ് ഈ കര്‍ഷകന്‍. സ്വന്തം ആരോഗ്യം സ്വന്തം ചുമതലയാണെന്ന് ലോകത്തോട് പറയുന്ന ഈ കര്‍ഷകന്റെ ചിന്തകള്‍ വരുംതലമുറയ്ക്ക് മികസിച്ചൊരു റെഫറന്‍സ് ഗൈഡ് കൂടിയാണ്. കാര്‍ഷികരംഗത്തെ മികവിനെ മുന്‍നിര്‍ത്തി നിരവധി നിരവധി അംഗീകാരങ്ങള്‍ ഈ കര്‍ഷകനെത്തേടി എത്തിയിട്ടുണ്ട്.

Categories: FK Special, Slider