സുവ്യക്ത നയവും നേരായ ദിശയും സര്‍ക്കാരിന്റെ വിജയമന്ത്രം: പ്രധാനമന്ത്രി മോദി

സുവ്യക്ത നയവും നേരായ ദിശയും സര്‍ക്കാരിന്റെ വിജയമന്ത്രം: പ്രധാനമന്ത്രി മോദി
  • നിശ്ചയദാര്‍ഢ്യവും ശക്തമായ ജനപിന്തുണയുമുള്ള സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാവുമെന്ന് 75 ദിവങ്ങള്‍ കൊണ്ട് തെളിയിച്ചു
  • കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും പെന്‍ഷന്‍, പാപ്പരത്ത നിയമ ഭേദഗതി, തൊഴില്‍ നിയമ പരിഷ്‌കാരം എന്നിവ നടപ്പാക്കി
  • ഓരോ മൂന്നു ജില്ലകള്‍ക്കും ഒരു മെഡിക്കല്‍ കോളേജ് ഉറപ്പാക്കാന്‍ ശ്രമിക്കും; അഴിമതിക്കെതിരായ ശക്തമായ നടപടികള്‍ തുടരും

ന്യൂഡെല്‍ഹി: അധികാരത്തിന്റെ രണ്ടാമൂഴത്തില്‍ തന്റെ സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ക്ക് പിന്നില്‍ സ്പഷ്ടമായ നയങ്ങളും ശരിയായ ദിശയിലുള്ള പ്രവര്‍ത്തനവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാര്‍ 75 ദിവസം പൂര്‍ത്തിയാക്കിയത് പ്രമാണിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മോദി വിജയമന്ത്രം വ്യക്തമാക്കിയത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതു മുതല്‍ ചന്ദ്രയാന്‍-2 വരെ, അഴിമതിക്കെതിരായ നടപടികള്‍ മുതല്‍ മുസ്ലീം വനിതകളെ മുത്തലാക്കെന്ന നീതികേടിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്നത് വരെ, കര്‍ഷക ക്ഷേമം മുതല്‍ കാശ്മീര്‍ വരെ, നിശ്ചയദാര്‍ഢ്യവും ശക്തമായ ജനപിന്തുണയുമുള്ള ഒരു സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാവുമെന്ന് 75 ദിവങ്ങള്‍ കൊണ്ട് ദൃശ്യമാക്കാനായെന്ന് മോദി പറഞ്ഞു. ഇക്കാലത്തെ ഏറ്റവും ദുഷ്‌കരമായ ദൗത്യമേറ്റെടുത്താണ് പ്രത്യേക ജല്‍ ശക്തി മന്ത്രാലയം രൂപീകരിച്ചതെന്നും രാജ്യത്ത് ജലസംരക്ഷണവും ജലലഭ്യതയും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

17 ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം 1952 ന് ശേഷമുള്ള ഏറ്റവും ഉല്‍പ്പാദനക്ഷമമായ കാലത്തിനാണ് സാക്ഷിയായത്. കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും പെന്‍ഷന്‍ പദ്ധതി, ചികിത്സാ മേഖലയിലെ പരിഷ്‌കാരങ്ങള്‍, പാപ്പരത്ത നിയമത്തിലെ സുപ്രധാന ഭേദഗതികള്‍, തൊഴില്‍ നിയമ പരിഷ്‌കാരം തുടങ്ങി അനവധി കാര്യങ്ങള്‍ നിര്‍വഹിക്കാനായി. ഉദ്ദേശ്യങ്ങള്‍ ശരിയാണെങ്കില്‍, ലക്ഷ്യവും നടത്തിപ്പും സംബന്ധിച്ച് വ്യക്തതയുണ്ടെങ്കില്‍, ജനവിധി കൂടെയുണ്ടെങ്കില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിധിയില്ലെന്നും മോദി പറഞ്ഞു. ആയുഷ്മാന്‍ ഭാരത് പദ്ധതി ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിച്ചെന്നും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ ജനതയുടെ ആരോഗ്യ സംരക്ഷണത്തിന് ഇത് ഏറെ സഹായകരമാവുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഓരോ മൂന്നു ജില്ലകള്‍ക്കും ഒരു മെഡിക്കല്‍ കോളേജ് ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ്. ആരോഗ്യ സംരക്ഷണ ബോധം ഉയര്‍ന്നതിന്റെയും ജനങ്ങളുടെ വരുമാനം വര്‍ധിച്ചതിന്റെയും പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് ഡോക്റ്റര്‍മാരെ നമുക്ക് ആവശ്യമാണ്,’ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരവും സുതാര്യതയും വര്‍ധിപ്പിക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന് സാധിക്കുമെന്നും മോദി പറഞ്ഞു.

അഴിമതിക്കെതിരായ ശക്തമായ നടപടികള്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അഴിമതി കുറയുമ്പോള്‍ ജനങ്ങളുടെ വിശ്വാസം വര്‍ധിക്കും. അഴിമതി കുറയ്ക്കാനും നികുതി പിരിവ് ഓണ്‍ലൈനിലൂടെയാക്കാനും സര്‍ക്കാരിന് സാധിച്ചു. ആദായനികുതിദായകരുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇരട്ടിച്ചു. നികുതി സംവിധാനത്തില്‍ പുതിയ യുഗമാണ് പിറന്നിരിക്കുന്നതെന്നും മോദി അഭിപ്രായപ്പെട്ടു.

ഭീതി ഭരിച്ചിരുന്ന കശ്മീരില്‍ വികസനത്തിനൊരവസരം

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ നടപടി ജനാധിപത്യത്തെയും വികസനത്തെയും ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി. 70 വര്‍ഷം നിലനിന്നിരുന്ന സ്ഥിതി, ജനങ്ങളുടെ അഭിലാഷങ്ങളെ പൂര്‍ണമാക്കാന്‍ പരാജയപ്പെട്ടു. ജനങ്ങള്‍ വികനനത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടു. വരുമാനം ഉയര്‍ത്താനുള്ള അവസരങ്ങളൊന്നും ലഭ്യമായിരുന്നില്ലെന്നതായിരുന്നു ഏറ്റവും വലിയ ദുരന്തം. ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സാമ്പത്തിക അവസരങ്ങളൊരുക്കുകയെന്നതാണ് ഞങ്ങളുടെ വ്യത്യസ്ത സമീപനം. ‘ഏറെക്കാലം കശ്മീരിനെ ഭയമാണ് ഭരിച്ചിരുന്നത്, ഇനി വികസനത്തിന് അവസരം നല്‍കാം,’ മോദി പറഞ്ഞു. പ്രാദേശിക ജനതയുടെ അഭിലാഷങ്ങള്‍ക്കനുസരിച്ച് വികസനം വരുമെന്ന് ജമ്മുവിലെയും കശ്മീരിലെയും ലഡ്ഡാക്കിലെയും ജനങ്ങള്‍ക്ക് താന്‍ ഉറപ്പുകൊടുക്കുന്നെന്നും മോദി പറഞ്ഞു. മാറ്റം ആഗ്രഹിച്ച ജനതയ്ക്ക് തടസമായി നിന്നത് ആര്‍ട്ടിക്കിള്‍ 370 ഉം 35എയും ആണ്. ഈ ചങ്ങലകളില്‍ നിന്ന് ജനങ്ങള്‍ മോചിപ്പിക്കപ്പെട്ടെന്നും അവര്‍ ഇനി തങ്ങളുടെ ഭാവി രചിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വൈകാതെ തെരഞ്ഞെടുപ്പ് നടത്തുമെന്നും മോദി വ്യക്തമാക്കി.

Categories: FK News, Slider
Tags: Modi