അഞ്ചാം പനി ബാധിതര്‍ മൂന്നിരട്ടിയായി

അഞ്ചാം പനി ബാധിതര്‍ മൂന്നിരട്ടിയായി

ആശങ്കയുണര്‍ത്തുന്ന ഒരു റിപ്പോര്‍ട്ടാണ് ലോക ആരോഗ്യ സംഘടന ഈ മാസം 12ന് പുറത്തുവിട്ടിരിക്കുന്നത്. അഞ്ചാം പനി ബാധിതരുടെ എണ്ണം 2018നെ അപേക്ഷിച്ചു മൂന്നിരട്ടിയായി 2019-ലെ ആറ് മാസങ്ങളില്‍ വര്‍ധിച്ചിരിക്കുന്നെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആഫ്രിക്കയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. മികച്ച ആരോഗ്യസേവന സംവിധാനങ്ങളുള്ള യൂറോപ്പിലും അമേരിക്കയിലും രോഗബാധിതര്‍ ഈ വര്‍ഷം വര്‍ധിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വാക്‌സിന്‍ വിരുദ്ധ മനോഭാവം വച്ചു പുലര്‍ത്തുന്നതും, നിലവാരം കുറഞ്ഞ ആരോഗ്യസേവന രംഗവും, വാക്‌സിനേഷന്റെ ആവശ്യകതയെ കുറിച്ചുള്ള അവബോധമില്ലായ്മയോ ഒക്കെയാണ് മീസില്‍സ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ലോകാരോഗ്യ സംഘടന ഓഗസ്റ്റ് 12ന് പുറത്തുവിട്ട ഏറ്റവും പുതിയ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗോളതലത്തില്‍ അഞ്ചാം പനി (measles) റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 2019-ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം മൂന്ന് മടങ്ങ് വര്‍ദ്ധിച്ചതായി സൂചിപ്പിക്കുന്നു. 182 രാജ്യങ്ങളില്‍ നിന്ന് (2019 ജനുവരി ഒന്നിനും ജൂലൈ 31-നും ഇടയില്‍) 364,808 മീസല്‍സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 181 രാജ്യങ്ങളില്‍ നിന്ന് 129,239 മീസല്‍സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2006-നു ശേഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും വലിയ സംഖ്യയാണ് ഈ വര്‍ഷത്തേത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2019-ല്‍ ആഫ്രിക്കയില്‍ മീസല്‍സ് ബാധിതരുടെ എണ്ണത്തില്‍ പത്ത് മടങ്ങ് വര്‍ധനയാണുണ്ടായിരിക്കുന്നത്. ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദ കോംഗോ, മഡഗാസ്‌കര്‍, ഉക്രൈന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും. 2019-ന്റെ ആദ്യ ആറ് മാസത്തിനുള്ളില്‍ യൂറോപ്പില്‍ 90,000 മീസല്‍സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 120 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മീസല്‍സ് കേസാണ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്തത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ നിന്നുള്ള കേസുകളുടെ എണ്ണത്തില്‍ 1.5 മടങ്ങ് വര്‍ധനയുണ്ടായി. പടിഞ്ഞാറന്‍ പസഫിക് മേഖല 2018 നെ അപേക്ഷിച്ച് മൂന്ന് മടങ്ങ് വര്‍ദ്ധന ഇപ്രാവിശ്യം രേഖപ്പെടുത്തി. അംഗോള, കാമറൂണ്‍, ചാഡ്, കസാക്കിസ്ഥാന്‍, നൈജീരിയ, ഫിലിപ്പൈന്‍സ്, ദക്ഷിണ സുഡാന്‍, സുഡാന്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും വലിയ രീതിയില്‍ മീസല്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ അല്ലെങ്കില്‍ മുന്‍കാലങ്ങളില്‍ അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ്പ് കുറഞ്ഞ തോതില്‍ നടത്തിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മീസല്‍സ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതെന്നാണു ഡബ്ല്യുഎച്ച്ഒയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഈ സാഹചര്യം ധാരാളം ആളുകളെ രോഗത്തിന് ഇരയാക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ദേശീയതലത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതില്‍ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ പോലും മീസല്‍സ് പൊട്ടിപ്പുറപ്പെടുന്നതായും ഡബ്ല്യുഎച്ച്ഒ കണ്ടെത്തിയിട്ടുണ്ട്. വാക്‌സിന്‍ ലഭ്യമാക്കുമ്പോള്‍ പുലര്‍ത്തുന്ന പക്ഷപാതം, കമ്മ്യൂണിറ്റികള്‍, ഭൂമിശാസ്ത്രപരമായ പ്രദേശങ്ങള്‍ എന്നിവ തമ്മിലുള്ള വിടവുകള്‍, അസമത്വങ്ങള്‍ എന്നിവയൊക്കെയാണു കാരണമായി ഡബ്ല്യുഎച്ച്ഒ പറയുന്നത്.

രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകള്‍ക്ക് അഞ്ചാംപനി ബാധിക്കുമ്പോള്‍, അത് മറ്റുള്ളവരിലേക്കു വളരെ വേഗം പടരാന്‍ കാരണമാകുന്നു. ഒരാള്‍ക്ക് മീസല്‍സ് ബാധിച്ചാല്‍ അത് 18 പേരിലേക്കു വരെ പടരാന്‍ കാരണമാകുമെന്നാണു ഗവേഷകര്‍ പറയുന്നത്. ആളുകള്‍ക്കു വാക്‌സിനേഷന്‍ നല്‍കാത്തതിന്റെ കാരണങ്ങള്‍ ഓരോ രാജ്യങ്ങളിലും സമൂഹങ്ങളിലും വ്യത്യസ്തമാണ്. ചില സ്ഥലങ്ങളില്‍ ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ അഭാവമോ വാക്‌സിനേഷന്‍ സേവനങ്ങളുടെ ലഭ്യതക്കുറവോ ആയിരിക്കാം. എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ ആഭ്യന്തര സംഘര്‍ഷവും, പലായനവും, വാക്‌സിനുകളെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ അല്ലെങ്കില്‍ വാക്‌സിനേഷന്‍ ആവശ്യകതയെ കുറിച്ചുള്ള അവബോധത്തിന്റെ കുറവ് തുടങ്ങിയ ഘടകങ്ങളായിരിക്കാം. പല രാജ്യങ്ങളിലും മുന്‍കാലങ്ങളില്‍ വാക്‌സിനേഷന്‍ നടത്താത്ത മുതിര്‍ന്നവരിലും, കുട്ടികളിലും, യുവാക്കളിലുമൊക്കെ അഞ്ചാം പനി പടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മീസല്‍സ് പൊട്ടിപ്പുറപ്പെടുന്നത് തടയാനും ആരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്താനും അവശ്യ പ്രതിരോധ കുത്തിവയ്പ്പ് നടത്താനും ലോകാരോഗ്യ സംഘടന നിരവധി രാജ്യങ്ങളെ സഹായിക്കുന്നുണ്ട്. ഓരോ രാജ്യങ്ങളിലെ സര്‍ക്കാരുകളോടൊപ്പം, മീസല്‍സ് & റുബെല്ല ഇനിഷ്യേറ്റീവ്, ഗവി, വാക്‌സിന്‍ അലയന്‍സ് തുടങ്ങിയ പങ്കാളികളുമായി ചേര്‍ന്നാണു ഡബ്ല്യുഎച്ച്ഒ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത്. ചുറ്റുമുള്ളവയില്‍ വച്ച് ഏറ്റവും എളുപ്പത്തില്‍ പകരുന്ന വൈറസുകളില്‍ ഒന്നാണ് മീസല്‍സ് എങ്കിലും രണ്ട് ഡോസ് അളവിലുള്ള മീസല്‍സ് വാക്‌സിന്‍ ഉപയോഗിച്ചു പൂര്‍ണ്ണമായും തടയാന്‍ കഴിയുന്ന രോഗം കൂടിയാണ് മീസല്‍സ്. സുരക്ഷിതവും വളരെ ഫലപ്രദവുമായ വാക്‌സിനാണിത്. അഞ്ചാം പനി പടരില്ലെന്ന് ഉറപ്പാക്കുന്നതിന് ഉയര്‍ന്ന തോതിലുള്ള വാക്‌സിനേഷന്‍ നടത്തേണ്ടത് ആവശ്യമാണെന്നു ഡബ്ല്യുഎച്ച്ഒ പറയുന്നു. 2019 ജൂലൈയില്‍ പുറത്തുവിട്ട ഡബ്ല്യുഎച്ച്ഒ, യൂനിസെഫ് സംഘടനകളുടെ ഡാറ്റയില്‍ സൂചിപ്പിക്കുന്നത്, 86 ശതമാനം കുട്ടികള്‍ക്കും മീസല്‍സ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചതായിട്ടാണ്. രണ്ടാമത്തെ ഡോസ് 69 ശതമാനത്തിനും ലഭിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിനര്‍ഥം 2018-ല്‍ ഏകദേശം 20 ദശലക്ഷത്തോളം വരുന്ന കുട്ടികള്‍ക്ക് ‘നോ മീസല്‍സ് വാക്‌സിന്‍’ (അഞ്ചാം പനിക്കെതിരേയുള്ള വാക്‌സിന്‍) ലഭിച്ചെന്നാണ്. എന്നാല്‍ 23-ാളം രാജ്യങ്ങളില്‍ മീസല്‍സ് വാക്‌സിന്‍ രണ്ടാം ഡോസ് ഇതുവരെ അവതരിപ്പിച്ചിട്ടില്ല. അപ്‌ഡേറ്റ് അഥവാ ഏറ്റവും പുതിയ മീസല്‍സ് വാക്‌സിനാണ് ഉപയോഗിക്കുന്നതെന്ന് ഓരോ രാജ്യങ്ങളും ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണു ഡബ്ല്യുഎച്ച്ഒ. അതായത്, മീസില്‍സില്‍നിന്നും രക്ഷപ്പെടാന്‍ അല്ലെങ്കില്‍ രോഗം പകരുന്നതില്‍നിന്നും സംരക്ഷണം ലഭിക്കാന്‍ രണ്ട് ഡോസ് വാക്‌സിനേഷന്‍ നടത്തണമെന്നാണു ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചിരിക്കുന്നത്. ഗ്ലോബല്‍ വാക്‌സിന്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം, 2020-ാടെ ലോകാരോഗ്യ സംഘടന തെരഞ്ഞെടുത്തിരിക്കുന്ന അഞ്ച് പ്രദേശങ്ങളില്‍ മീസല്‍സും, റുബെല്ലയും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം.

വാക്‌സിനേഷനുകളോടുള്ള മടി അഥവാ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നതിനെയാണു ഡബ്ല്യുഎച്ച്ഒ പൊതുജനാരോഗ്യ രംഗത്തെ ഏറ്റവും വലിയ ഭീഷണികളിലൊന്നായി കാണുന്നത്. ഈ വര്‍ഷം പൊതുജനാരോഗ്യ രംഗത്ത് നിലനില്‍ക്കുന്ന ഏറ്റവും വലിയ ഭീഷണകളുടെ പട്ടിക ഡബ്ല്യുഎച്ച്ഒ പുറത്തിറക്കുകയുണ്ടായി. അതിലൊന്ന് വാക്‌സിനേഷനുകളോടുള്ള മടി (vaccine hesitancy) ആയിരുന്നു. വാക്‌സിനേഷനുകളെ സംശയദൃഷ്ടിയോടെ കാണുന്ന രാജ്യങ്ങളിലൊന്നാണ് ഫ്രാന്‍സ് എന്ന് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്‍ഡിപെന്‍ഡന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷനായ വെല്‍ക്കം ട്രസ്റ്റ് പറയുന്നു. യൂറോപ്പില്‍ 4.5 ദശലക്ഷം യുവാക്കള്‍ക്ക് മീസല്‍സ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നു ആരോഗ്യരംഗത്തെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാരണം, അവര്‍ വാക്‌സിനേഷന്‍ നടത്തിയിട്ടില്ല.

ഇന്ത്യയ്ക്ക് നാലാം സ്ഥാനം

2018 ജൂലൈ മുതല്‍ 2019 ജൂണ്‍ വരെ രജിസ്റ്റര്‍ ചെയ്ത മീസല്‍സ് കേസുകളില്‍ 194 രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇക്കാലയളവില്‍ ഇന്ത്യയില്‍ 39,299 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മഡഗാസ്‌കര്‍(150,976), ഉക്രൈന്‍(84,394), ഫിലിപ്പൈന്‍സ്(45,847) തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്.

അമേരിക്കയില്‍ 2000-ത്തില്‍ നിര്‍മാര്‍ജ്ജനം ചെയ്ത മീസല്‍സ്

2000-ത്തില്‍ അമേരിക്കയില്‍ മീസല്‍സ് നിര്‍മാര്‍ജ്ജനം ചെയ്‌തെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2019-ലെ ആദ്യ ആറ് മാസത്തിനിടെ അമേരിക്കയില്‍ 1172 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഈ മാസം ഒന്നിന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത് അമേരിക്കയില്‍ 2019-ല്‍ 124 പേര്‍ മീസല്‍സ് ബാധിതരായി ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ്. മീസല്‍സ് ബാധിതരില്‍ ഭൂരിഭാഗം പേരും വാക്‌സിനേഷന്‍ നടത്തിയിരുന്നില്ലെന്നുമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അമേരിക്കയിലെ 30-ാളം സംസ്ഥാനങ്ങളിലാണു മീസല്‍സ് റിപ്പോര്‍ട്ട് ചെയ്തത്. അലാസ്‌ക, അരിസോണ, കാലിഫോര്‍ണിയ, കൊളറാഡോ, കെന്റക്കി, ഫ്‌ളോറിഡ, ജോര്‍ജിയ, ഇല്ലിനോയ്‌സ്, ഇന്ത്യാന, ഐഓവ, ന്യൂജെഴ്‌സി, പെന്‍സല്‍വാനിയ, ടെന്നിസി, വെര്‍ജീനിയ, വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ഓഹിയോ, ഒക്‌ലാഹോമ, നെവാഡ, മേരിലാന്‍ഡ്, ടെക്‌സസ്, ഓറിഗണ്‍, ന്യൂ മെക്‌സിക്കോ, മസാചുസെറ്റ്‌സ്, മിഷിഗന്‍, മിസൗറി, കണക്റ്റികട്ട്, ജോര്‍ജിയ, ഇദാഹോ, മെയ്ന്‍ എന്നിവിടങ്ങളിലാണു മീസല്‍സ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കില്‍ തീവ്ര യാഥാസ്ഥിതിക നിലപാട് പുലര്‍ത്തുന്ന ജൂത സമൂഹത്തിലാണു മീസല്‍സ് ബാധിച്ചതെന്നു സിഡിസി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മീസല്‍സ് പൊട്ടിപ്പുറപ്പെട്ടതോടെ, ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡെ ബ്ലാസിയോ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി.

Categories: Top Stories
Tags: Measles