മാരുതി സുസുകി എര്‍ട്ടിഗ 1.3 ഡീസല്‍ നിര്‍ത്തി

മാരുതി സുസുകി എര്‍ട്ടിഗ 1.3 ഡീസല്‍ നിര്‍ത്തി

ഇതോടെ 1.5 പെട്രോള്‍, 1.5 ഡീസല്‍ എന്നിവയാണ് എര്‍ട്ടിഗയുടെ എന്‍ജിന്‍ ഓപ്ഷനുകള്‍

ന്യൂഡെല്‍ഹി : ബിഎസ് 6 പ്രാബല്യത്തിലാകുന്നതിന് മുമ്പ് മാരുതി സുസുകി തങ്ങളുടെ ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ നിര്‍ത്തുന്നു. എര്‍ട്ടിഗയുടെ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വേരിയന്റുകളാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കിയ എല്‍ഡിഐ, വിഡിഐ, ഇസഡ്ഡിഐ, ഇസഡ്ഡിഐ പ്ലസ് എന്നിവയാണ് ഈ വേരിയന്റുകള്‍. മാരുതി സുസുകി എര്‍ട്ടിഗയുടെ ആകെ വില്‍പ്പനയില്‍ അമ്പത് ശതമാനത്തോളം ഡീസല്‍ വേരിയന്റുകളാണ്.

75 എച്ച്പി/190 എന്‍എം, 90 എച്ച്പി/200 എന്‍എം എന്നീ രണ്ട് വ്യത്യസ്ത ട്യൂണുകളിലായി നിരവധി മാരുതി മോഡലുകളാണ് 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്നത്. ഇതില്‍ 90 എച്ച്പി/200 എന്‍എം ട്യൂണിലുള്ള 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് എര്‍ട്ടിഗ ഉപയോഗിച്ചിരുന്നത്. മാരുതി സുസുകി എര്‍ട്ടിഗ പ്രധാനമായും ആശ്രയിച്ചിരുന്നത് ഫിയറ്റില്‍നിന്ന് വാങ്ങിയ ഈ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനായിരുന്നു. 2012 ഏപ്രിലില്‍ എംപിവി ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചതുമുതല്‍ ബിഎസ് 4 പാലിക്കുന്ന ഈ എന്‍ജിന്‍ ഉപയോഗിച്ചുവന്നിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് പുറത്തിറക്കിയ ഫിയറ്റ് മള്‍ട്ടിജെറ്റ് 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഇന്ത്യയില്‍ ഇപ്പോഴും ഏറ്റവുമധികം വിറ്റുപോകുന്ന ഡീസല്‍ എന്‍ജിനാണ്.

ഇതോടെ, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഇപ്പോള്‍ മാരുതി സുസുകി എര്‍ട്ടിഗയുടെ എന്‍ജിന്‍ ഓപ്ഷനുകള്‍. 1.5 പെട്രോള്‍ എന്‍ജിന്‍ 105 എച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സുസുകിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയും പെട്രോള്‍ എന്‍ജിനൊപ്പം നല്‍കിയിരിക്കുന്നു.

പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 95 എച്ച്പി കരുത്തും 225 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. 2020 ഏപ്രില്‍ ഒന്നിന് ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഈ ഡീസല്‍ എന്‍ജിനും മാരുതി സുസുകി കയ്യൊഴിയും. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 25.47 കിലോമീറ്റര്‍ ഇന്ധനക്ഷമത സമ്മാനിച്ചുവെങ്കില്‍ മാരുതി സുസുകിയുടെ സ്വന്തം 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 24.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നല്‍കുന്നത്.

ബിഎസ് 6 പാലിക്കുന്ന മാരുതി സുസുകി എര്‍ട്ടിഗ ഇതിനകം വിപണിയിലെത്തിച്ചിരുന്നു. 7.55 ലക്ഷം രൂപയാണ് വില. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ബിഎസ് 6 എര്‍ട്ടിഗ ലഭിക്കുന്നത്. 8.88 ലക്ഷം രൂപ വിലയില്‍ എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പും ഈയിടെ പുറത്തിറക്കിയിരുന്നു. 1.3 ഡീസല്‍ എര്‍ട്ടിഗ നിര്‍ത്തുന്നതോടെ ഇനി 9.86 ലക്ഷം രൂപ മുതലാണ് എര്‍ട്ടിഗ ഡീസല്‍ ലൈനപ്പിന്റെ വില ആരംഭിക്കുന്നത്. ഒരു ലക്ഷം രൂപ വര്‍ധിച്ചു. എല്ലാം ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto