പ്രളയബാധിതര്‍ക്ക് രണ്ടാഴ്ചയ്ക്കകം ധനസഹായമെന്ന് മുഖ്യമന്ത്രി

പ്രളയബാധിതര്‍ക്ക് രണ്ടാഴ്ചയ്ക്കകം ധനസഹായമെന്ന് മുഖ്യമന്ത്രി

മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്കും വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്കും നാല് ലക്ഷം രൂപ ലഭിക്കും

തിരുവനന്തപുരം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആശ്വാസഹായമായി നാല് ലക്ഷം രൂപ നല്‍കും. വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്കും നാല് ലക്ഷം രൂപ സഹായധനമായി നല്‍കും. സഹായധനം രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേത് പോലെ ദുരിതബാധിതര്‍ക്ക് പതിനായിരം രൂപ അടിയന്തിര ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കും. ശമ്പളവും അലവന്‍സും ഉള്‍പ്പെടെ ഒരു ലക്ഷം രൂപയായിരിക്കും മന്ത്രിമാര്‍ നല്‍കുക.

അടിയന്തിര ധനസഹായമായ പതിനായിരം രൂപയ്ക്ക് അര്‍ഹരായവരുടെ പട്ടിക പഞ്ചായത്ത് സെക്രട്ടറിയുടെയും വില്ലേജ് ഓഫീസര്‍മാരുടെയും നേതൃത്വത്തിലായിരിക്കും തയാറാക്കുക. മുന്നറിയിപ്പിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി താമസിച്ച കുടുംബങ്ങള്‍ക്കും ഈ തുക ലഭിക്കും. ധനസഹായത്തിന് അര്‍ഹമായ വില്ലേജുകളെ സര്‍ക്കാര്‍ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും. ഇതിന്റെ ചുമതല ദുരന്ത നിവാരണ അതോറിറ്റിക്കാണ്.

പ്രളയബാധിത കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും 15 കിലോ അരി സൗജന്യമായി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സഹായധനം നിക്ഷേപിക്കുന്ന എക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന എടുത്തുകളയാനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതും അത് കൈമാറുന്നതും സംബന്ധിച്ച് ഈടാക്കുന്ന എക്‌സ്‌ചേഞ്ച് ചാര്‍ജ് ഒഴിവാക്കാനും സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെടും. വ്യാപാര സ്ഥാപനങ്ങളുടെ നഷ്ട പരിഹാര തുക നിശ്ചയിക്കാന്‍ മന്ത്രിസഭാ യോഗം ഉപസമിതി രൂപീകരിച്ചു.

Categories: Current Affairs