കശ്മീരില്‍ നിന്ന് ഭീകരവാദത്തെ തുടച്ചു നീക്കാന്‍

കശ്മീരില്‍ നിന്ന് ഭീകരവാദത്തെ തുടച്ചു നീക്കാന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഭരണകാലത്ത് വിദേശ നയങ്ങളില്‍ സുധീരമായ തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്. പാക്കിസ്ഥാനോട് സ്വീകരിച്ചിരിക്കുന്ന ‘സമാധാന ചര്‍ച്ചകളും ഭീകരവാദവും ഒരുമിച്ച് നടക്കി’ല്ലെന്ന സമീപനവും അതിലുള്‍പ്പെടുന്നു. ഇന്ത്യയുടെ ആഭ്യന്തര ഭരണവും അതേ നിശ്ചയദാര്‍ഢ്യത്തോടെയും തന്ത്രപരമായ കാഴ്ച്ചപ്പാടോടെയും കൂടി കൈകാര്യം ചെയ്യാമെന്നാണ് പുതിയ ആഭ്യന്തര മന്ത്രി അമിത് ഷായും ഇപ്പോള്‍ തെളിയിച്ചിരിക്കുന്നത്. ധീരമായ തീരുമാനങ്ങളുടെ വിജയം, അതിന്റെ പ്രത്യാഘാതങ്ങളെ മുന്‍കൂട്ടി വിലയിരുത്തുന്നതിലും അത് നടപ്പിലാക്കുന്നതിനായി കൈക്കൊള്ളുന്ന സമഗ്രമായ തയാറെടുപ്പുകളെയും ആശ്രയിച്ചിച്ചിരിക്കുന്നു

രാജ്യത്തിന്റെ അവിഭാജ്യ ഘടകമായ ഏതൊരു സംസ്ഥാനത്തെയും പുനസംഘടിപ്പിക്കാനുള്ള ഇന്ത്യന്‍ പരമാധികാരത്തിന്റെ ശക്തിയുക്തമായ സ്ഥാപനമാണ് ജമ്മു കശ്മീരില്‍ നാം കണ്ടത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന് ലഭിച്ചിരുന്ന പ്രത്യേക പദവിയും അവകാശങ്ങളും ഒപ്പം ആര്‍ട്ടിക്കിള്‍ 35എ പ്രകാരമുള്ള വിചിത്ര നിയമങ്ങളും എടുത്തുകളയുകയാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പാര്‍ലമെന്റ് പ്രഖ്യാപനത്തോടെയാണ് ഔദ്യോഗിക നടപടിക്രമങ്ങള്‍ ആരംഭിച്ചത്. നിയമസഭയോടു കൂടി ജമ്മു & കശ്മീര്‍, നിയമസഭയില്ലാത്ത ലഡാക്ക് എന്നിങ്ങനെ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തു.

ഇന്ത്യന്‍ ഭരണകൂടത്തിന്റെ ചരിത്രപരമായ തീരുമാനത്തോടുള്ള പ്രതികരണമായി പാക്കിസ്ഥാന്‍ സൃഷ്ടിക്കാനിടയുള്ള ഗുരുതരമായ സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ 250 കമ്പനി സുരക്ഷാ സേനയെയാണ് ജമ്മു കശ്മീരില്‍ അധികമായി വിന്യസിച്ചത്. പാക്കിസ്ഥാന്‍ പിന്തുണയോടെയുള്ള തീവ്രവാദികള്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിക്കുമെന്ന ഭീഷണിയും നിലനിന്നിരുന്നു.

മോദി സര്‍ക്കാര്‍ തങ്ങളുടെ തന്ത്രപരമായ നീക്കങ്ങളൊന്നും മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന അപക്വത കാട്ടാറില്ല. കശ്മീരിന്റെ പ്രത്യേക പദവിയില്‍ മാറ്റം വരുത്താനുള്ള കേന്ദ്ര നീക്കത്തിന്റെ സൂചനയാണ് സുരക്ഷാ സൈനികരുടെ എണ്ണം വര്‍ധിപ്പിച്ച നടപടിയെന്ന് താഴ്‌വരയിലെ വിഘടനവാദികളെ അനുകൂലിക്കുന്ന പാര്‍ട്ടികള്‍ ആരോപണമുയര്‍ത്തി. എന്നാല്‍ സംസ്ഥാനത്തെ കേന്ദ്ര പ്രതിനിധിയായ ഗവര്‍ണര്‍, കിവംദന്തികള്‍ വിശ്വസിക്കാതെ സമാധാനം പാലിക്കാന്‍ ജനങ്ങളോട് അഭര്‍ത്ഥിക്കുകയാണ് ചെയ്തത്. യുക്തിസഹമായ മുന്‍കൂര്‍ നപടിയായി ഈ മാസം രണ്ടിന് അമര്‍നാഥ് തീര്‍ത്ഥയാത്ര കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എല്ലാ തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും യാത്രയവസാനിപ്പിച്ച് സംസ്ഥാനം വിട്ടുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും അവരുടെ മടക്ക യാത്രയ്ക്ക് ആവശ്യമായ എല്ലാ ഗതാഗത ക്രമീകരണങ്ങളും ഒരുക്കുകയും ചെയ്തു.

കാലാകാലങ്ങളായി അധികാരം നേടുന്നതിന് വിഘടനവാദികളെയും പാക് ഏജന്റുമാരെയും ആശ്രയിച്ചുപോരുന്ന കശ്മീര്‍ താഴ്‌വരയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ കേന്ദ്രത്തിന്റെ സൈനിക വിന്യാസം കണ്ടതോടെ ‘താഴ്‌വര വിഷമഘട്ട’ത്തിലാണെന്ന് പ്രസ്താവിക്കുകയും കശ്മീരിന്റെ പരമാധികാരത്തിലേക്ക് ഏതെങ്കിലും തരത്തിലുള്ള കടന്നാക്രമണമുണ്ടായാല്‍ ഉണ്ടായേക്കാവുന്ന സ്‌ഫോടനാത്മകമായ പ്രത്യാഘാതങ്ങളെപ്പറ്റി മുന്നറിപ്പ് നല്‍കാന്‍ ആവേശത്തോടെ ഒരുമിച്ച് ചേരുകയും ചെയ്തു. ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ തലേദിവസം തന്നെ ഈ നേതാക്കളെ വീട്ടുതടങ്കലിലാക്കുന്നതിന് കേന്ദ്രം യാതൊരു അമാന്തവും കാട്ടിയില്ല. ഏതാനും മാസങ്ങളായി ഈ നേതാക്കള്‍ വിഘടനവാദികളേക്കാള്‍ കൂടുതല്‍ പാക്കിസ്ഥാന്‍ അനുകൂലികളായി മാറിക്കഴിഞ്ഞിരുന്നു. അഴിമതി വിരുദ്ധ നിയമത്തിന്റെ വല മുറുകാനാരംഭിച്ചതോടെ അവരുടെ ആധി വര്‍ധിച്ചു വരികയും ചെയ്തു.

കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ കെ എസ് ധില്ലന്‍, ജമ്മു & കശ്മീര്‍ ഡിജിപി ദില്‍ബാദ് സിംഗ്, സിആര്‍പിഎഫ് സ്‌പെക്ഷ്യല്‍ ഡിജി സുള്‍ഫിക്കര്‍ ഹസന്‍ എന്നിവര്‍ ശ്രീനഗറില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് അമര്‍നാഥ് യാത്രാ പാതകളില്‍ നിന്നും പാക്കിസ്ഥാന്‍ ഓര്‍ഡാന്‍സ് ഫാക്റ്ററിയില്‍ നിര്‍മിച്ച ഐഇഡികളും ആയുധങ്ങളും സ്‌ഫോടനവസ്തുക്കളും പിടിച്ചെടുത്തുവെന്ന് വെളിപ്പെടുത്തിയിരുന്നു. തിരച്ചിലില്‍ കണ്ടെടുത്ത എം24 അമേരിക്കന്‍ സ്‌നൈപര്‍ റൈഫിളുകളും ധില്ലന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. നിയന്ത്രണ രേഖയിലെ (എല്‍ഒസി, ലൈന്‍ ഓഫ് കണ്‍ട്രോള്‍) വെടിനിര്‍ത്തല്‍ കരാറിന്റെ വര്‍ധിച്ചു വരുന്ന ലംഘനങ്ങളും ഭീകരരെയും പാക്കിസ്ഥാന്‍ അതിര്‍ത്തി സുരക്ഷാ സേനയെയും ഇന്ത്യന്‍ മണ്ണിലേക്ക് കടത്തിവിടാനുള്ള പാക് സൈന്യത്തിന്റെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് പുതിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വിശകലനം ചെയ്യപ്പെട്ടത്. കൂടാതെ അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ അമേരിക്കന്‍ ഭരണകൂടം തങ്ങള്‍ക്ക് അടുത്തിടെ നല്‍കുന്ന പ്രാധാന്യം പാക്കിസ്ഥാന്‍ സൈന്യവും ഐഎസ്‌ഐയും മനസിലാക്കിയിട്ടുണ്ട്. കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും സമാധാന ചര്‍ച്ചകള്‍ നടത്തണമെന്നും താന്‍ വേണമെങ്കില്‍ മധ്യസ്ഥത വഹിക്കാമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവകള്‍ പാക്കിസ്ഥാനം ആവേശം പകരുകയും ചെയ്തു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേനാ പിന്‍മാറ്റത്തിന് മുന്‍ഗണന നല്‍കിയപ്പോള്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ട പ്രശ്‌നം യുഎസ് പ്രസിഡന്റ് തരംപോലെ മാറ്റിവെച്ചു.

കശ്മീരിലെ ഇന്ത്യയുടെ ഐതിഹാസികമായ നടപടിയോടുള്ള പ്രതികരണമായി താഴ്‌വരയിലെ തങ്ങളുടെ ഏജന്റുമാരുടെ സഹായത്തോടെ പാക്കിസ്ഥാന്‍ സംസ്ഥാനത്ത് അതിസാഹസത്തിനൊരുങ്ങുമെന്ന് വിശ്വസിക്കുന്നതില്‍ കഴമ്പില്ലാതെയില്ല. കശ്മീരില്‍ മധ്യസ്ഥത വഹിക്കാന്‍ ട്രംപ് പല തവണ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ തങ്ങളുടെ അവകാശവാദം ഒന്നു കൂടി ഉറപ്പിക്കുന്നതിന് വേണ്ടി പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ആക്രമണം ശക്തമാക്കാനും സാധ്യതയേറെയാണ്.

സുരക്ഷാ സേനയെ വിന്യസിച്ചും ഇന്റലിജന്‍സ് ജാഗ്രത ശക്തമാക്കിയും പ്രതിരോധ നടപികള്‍ക്കായി മുന്‍കൂട്ടിയുള്ള ചട്ടക്കൂട് തയാറാക്കുന്നതില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പങ്ക് ശ്രദ്ധേയമാണ്. കശ്മീര്‍ താഴ്‌വരയിലെ പാര്‍ട്ടികളുടെയും വിഘടനവാദികളുടെയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചുള്ള പ്രതികരണങ്ങള്‍ കൂടാതെ സുരക്ഷാ കാര്യങ്ങളില്‍ അറിവുള്ള ഉത്തരവാദിത്തപ്പെട്ട ധാരാളം വിദഗ്ധരും പാക്കിസ്ഥാന്‍ പിന്തുണയോടെയുള്ള ഭീകര സംഘങ്ങളുടെ ആക്രമണ ഭീക്ഷണിയെ നേരിടുന്നതിനായി പ്രത്യാക്രമണ സംവിധാനം ശക്തമാക്കുന്നതിനായി ജമ്മു കശ്മീരില്‍ സ്വീകരിച്ച നടപടികളെ വിമര്‍ശിച്ചുവെന്നത് അല്‍ഭുതപ്പെടുത്തുന്നതാണ്.

2017 ല്‍ അമര്‍നാഥ് യാത്രക്കിടെ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോളും യാത്ര നിര്‍ത്തിവെച്ചിരുന്നില്ലെന്നും ഇപ്പോള്‍ എന്തിനാണ് യാത്ര റദ്ദാക്കുന്നതെന്നും സാഹചര്യങ്ങളെക്കുറിച്ച് ബോധ്യമുള്ള ഒരു മുന്‍ പൊലീസ് മേധാവി യുക്തിരഹിതമായി പ്രതികരിക്കുകയുണ്ടായി. എന്തൊക്കെ ചെയ്യേണ്ടിവന്നാലും അടുത്ത തവണ ഒരു തീര്‍ത്ഥാടകനെ പോലും ഭീകരവാദത്തിന്റെ ഇരയാകാന്‍ അനുവദിക്കില്ലെന്നതാണ് ആ സംഭവത്തില്‍ നിന്ന് നാം പഠിച്ച പാഠമെന്ന കാര്യം അദ്ദേഹം മറന്നുപോയി. തന്നെ സംബന്ധിച്ച് മുന്‍പ് നടന്ന ഭീകരാക്രമണം യാതൊരു പ്രാധാന്യവുമര്‍ഹിക്കുന്നില്ലെന്ന രീതിയില്‍ നിസാരമായ പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്.

കശ്മീരില്‍ സേവനാനുഭവമുള്ള ഒരു മുന്‍ സൈനിക ജനറല്‍, അധിക സൈനിക വിന്യാസ നടപടിയെ ന്യായീകരിക്കുന്നതിന് ആക്രമണ ഭീക്ഷണിയെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂര്‍ണമായും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി. നിര്‍ണായകമായ ഇന്റലിജന്‍സ് വിവരങ്ങള്‍ രഹസ്യമായി കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം മനസിലാക്കിയിട്ടില്ലെന്ന കാര്യം വ്യക്തമാണ്. ഭീകരാക്രമണ ഭീഷണിയെ നിര്‍വീര്യമാക്കാനുതകുന്ന നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെയെങ്കിലും ഇത്തരം വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. കശ്മീരിന്റെ പദവിയില്‍ മാറ്റം വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പരോക്ഷമായ എതിര്‍ക്കുകയാണ് ഇത്തരം നടപടികളിലൂടെ ഈ നിരീക്ഷകര്‍ ചെയ്യുന്നതെങ്കില്‍ അവര്‍ രാഷ്ടീയം കലര്‍ന്ന അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നതെന്നതില്‍ സംശയമില്ല. സുരക്ഷാ സേന ഇന്റലിജന്‍സ് സൂചനകളനുസരിച്ച് ഭീകരവാദികളുടെ ആക്രമണത്തിന് തിരിച്ചടി നല്‍കാനും ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. ഇതിനിടെ ഒരു പരിധി വരെ അതിന്റെ സമ്മര്‍ദവും ക്ലേശവും ജനങ്ങള്‍ക്ക് നേരിടേണ്ടിവരുന്നെന്നുള്ള കാര്യം നിഷേധിക്കാനാവില്ല.

താഴ്‌വരയിലെ രാഷ്ട്രീയ നേതാക്കളുടെ പിന്തുണയുള്ള വിഘടനവാദികളും പാക്കിസ്ഥാന്‍ ഏജന്റുമാരും കശ്മീരിന് പ്രത്യേക പ്രധാനമന്ത്രിയും പതാകയും വേണമെന്ന ആവശ്യം അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. പാക്കിസ്ഥാന്റെ ശബ്ദം പ്രതിധ്വനിപ്പിക്കുകാണ് ഇവരെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെ സംസ്ഥാനത്ത് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ കറുത്ത പതാകയും ഉയര്‍ത്തുകയുണ്ടായി അവര്‍. കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാനത്തെ വികസനത്തില്‍ യാതൊരു ശ്രദ്ധയും ചെലുത്താതെ, കശ്മീര്‍ ഒരു പ്രാദേശിക തര്‍ക്കമല്ല ഇസ്ലാം മതവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നുള്ള പാക്കിസ്ഥാന്റെ നിലപാടിന് പിന്തുണയേകിക്കൊണ്ട് ജനാധിപത്യ സംവിധാനത്തെ പരിഹാസ്യമാക്കി. എന്നാല്‍, രണ്ടാം മോദി സര്‍ക്കാരില്‍ ഇപ്പോള്‍ എല്ലാ ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നത് പ്രവര്‍ത്തനസജ്ജനായ ഒരു വ്യക്തിയാണെന്നോര്‍ക്കണം. നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം അതിസാഹസ നടപടികളെന്തെങ്കിലും കൈക്കൊണ്ടാല്‍ ഉരുക്കുമുഷ്ടി കൊണ്ട് അദ്ദേഹം അതിനെ നേരിടുമെന്ന സന്ദേശം ശക്തമായി നിലനില്‍ക്കുന്നു.

കശ്മീര്‍ ആസ്ഥാനമായ പാര്‍ട്ടികള്‍ ഭരിക്കുന്ന സര്‍ക്കാരില്‍ നിന്ന് ലഭിച്ച പരിലാളനം ആസ്വദിച്ച് ഇക്കാലമത്രയും സംസ്ഥാനത്ത് സ്വതന്ത്രരായി വിഹരിച്ച പാക് അനുകൂല വിഘടനവാദികളെ ഇപ്പോള്‍ തന്നെ കര്‍ശനമായി നിയന്ത്രിക്കാനാരംഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും ദേശീയ പതാക ഉയര്‍ത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ ഏജന്റുമാരുടെ സഹായത്തോടെ അടുത്തിടെ ഇസ്ലാമിക് സ്‌റ്റേറ്റ് തങ്ങളുടെ സാന്നിധ്യമറിയിച്ചതിനുശേഷം സംസ്ഥാനത്ത് ത്രിവര്‍ണ പതാകയ്ക്ക് അപ്രഖ്യാപിത ഭ്രഷ്ട് കല്‍പിക്കപ്പെട്ടിട്ടിരുന്നു. സുരക്ഷാ സേനയുടെ അധിക വിന്യാസം പ്രാദേശിക പൊലീസ് സംവിധാനത്തിന് ഈ വിഭാഗങ്ങള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളെ എളുപ്പത്തില്‍ അടിച്ചമര്‍ത്താന്‍ സഹായകരമാകും. കശ്മീരിന്റെ വികസനവും ബാഹ്യ ഭീഷണികളില്‍ നിന്നുള്ള സംരക്ഷണവും ലക്ഷ്യമിട്ട് മേഖലയെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ ശ്രമം രാഷ്ട്രീയ മുന്‍വിധികളില്ലാതെ നോക്കി കാണേണ്ടതാണ്. കശ്മീരിലെ സ്ത്രീ, പുരുഷന്‍മാരടങ്ങിയ യുവജനങ്ങള്‍ക്ക് രാജ്യത്തെ മറ്റ് ഭാഗങ്ങളിലെ അവരുടെ സാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കേണ്ടതുണ്ട്. ഈ ആശയത്തിന് മുന്നില്‍ രാജ്യം പൂര്‍ണമായും വാതില്‍ തുറന്നിരിക്കുകയാണ്.

(ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്റ്ററാണ് ലേഖകന്‍)

കടപ്പാട് ഐഎഎന്‍എസ്

Categories: FK Special, Slider