ഗള്‍ഫ് മേഖലയില്‍ ഇന്ത്യയുണ്ടാക്കിയ രാഷ്ട്രീയ മുന്നേറ്റം അത്ഭുതപ്പെടുത്തുന്നത്; മോദി

ഗള്‍ഫ് മേഖലയില്‍ ഇന്ത്യയുണ്ടാക്കിയ രാഷ്ട്രീയ മുന്നേറ്റം അത്ഭുതപ്പെടുത്തുന്നത്; മോദി

ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ മികച്ച ബന്ധത്തെ കുറിച്ച് ഐഎഎന്‍എസിന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

2014ല്‍ ബിജെപി നേതാവെന്ന നിലയില്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയപ്പോള്‍ നയതന്ത്ര തലത്തില്‍ അദ്ദേഹത്തിന് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല, ദശാബ്ദങ്ങളായി പാക്കിസ്ഥാനെ പിന്തുണച്ചിരുന്ന ഗള്‍ഫ് രാഷ്ട്രങ്ങള്‍ അടക്കം. എന്നാല്‍ പ്രായോഗിക രാഷ്ട്രീയ ഇസ്ലാമിക് ദര്‍ശനമായ വഹാബി സലഫിസം പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ അടുപ്പം സമ്പാദിക്കാനുള്ള കഠിന ശ്രമമാണ് പിന്നീട് മോദി നടത്തിയത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് സുന്നി, ഷിയ ഭേദമില്ലാതെ മുസ്ലീംലോകത്ത് മോദിക്കുള്ള പ്രഭാവം ആശ്ചര്യപ്പെടുത്തുന്നതാണ്. സൗദി അറേബ്യയുടെ ശക്തനായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യുഎഇ കിരീടാവകാശി ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ പ്രധാനമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗള്‍ഫ് രാഷ്ട്ര തലവന്മാരാണ്. അതേസമയം തന്നെ പശ്ചിമേഷ്യയില്‍ ഇവരുടെ വിരുദ്ധചേരിയില്‍ പെട്ട ഇറാനുമായും ഇന്ത്യ അചഞ്ചലമായ വിശ്വാസത്തിലൂന്നിയ മികച്ച നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കുന്നു. ഇന്ന് എല്ലാ കാര്യങ്ങളിലും ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്ന ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാക്കിസ്ഥാന്‍ അപകടകാരികളാണെന്നും കപടതയുടെ മുഖം മൂടിയണിഞ്ഞവരാണെന്നും അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ നയതന്ത്ര വിജയമാണിതെന്ന് പറയാതെ വയ്യ.

പണ്ട് പാക്കിസ്ഥാന്റെ ഉറ്റ ചങ്ങാതിമാര്‍ ഇന്ന് ഇന്ത്യയുടെ തോഴര്‍

ഒരുകാലത്ത് പാക്കിസ്ഥാന്റെ ഉറ്റ ചങ്ങാതിമാരായിരുന്നവരെ ഇന്ത്യയുടെ ഭാഗത്ത് എത്തിക്കാന്‍ കഴിഞ്ഞത് ‘മോദി നയതന്ത്ര’ത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. കഴിഞ്ഞ ഏഴ് ദശാബ്ദത്തിനിടയിലുള്ള ഏറ്റവും മികച്ച ബന്ധമാണ് ഇന്ന് ഇന്ത്യയും ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മിലുള്ളതെന്ന് പറയുന്നതില്‍ യാതൊരു തെറ്റുമില്ല. താനും തന്റെ സര്‍ക്കാരും ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള വിദേശനയങ്ങളില്‍ പരാജയപ്പെടുമെന്നാണ് ഒരു വിഭാഗം ആളുകള്‍ കരുതിയിരുന്നതെന്ന് മോദി പറയുന്നു. എന്നാല്‍ വിദേശകാര്യ നയത്തില്‍ മോദി സര്‍ക്കാര്‍ വെട്ടിപ്പിടിച്ച വിജയം ഏവര്‍ക്കും കാണാന്‍ സാധിക്കുന്നതായിരുന്നു. 2014ല്‍ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയിലെത്തിയ ആദ്യ വിദേശകാര്യ മന്ത്രി ഒമാനില്‍ നിന്നായിരുന്നു. മറ്റുള്ളവര്‍ കരുതിയിരുന്നതും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം ഏവര്‍ക്കും നേരിട്ടറിയാന്‍ സാധിച്ചുവെന്ന് മോദി പറയുന്നു.

ഗള്‍ഫ് രാഷ്ട്രങ്ങളോട് അടുക്കേണ്ടതിന്റെ ആവശ്യകത

ഗള്‍ഫ് രാഷ്ട്രങ്ങളോട് ഇത്ര തിടുക്കത്തില്‍ അടുക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നുവെന്നതിനും മോദിക്ക് കൃത്യമായി ഉത്തരമുണ്ട്. ഇന്ത്യയ്ക്ക് ഗള്‍ഫ് മേഖല അത്രമേല്‍ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറയുന്നു. ചരിത്രപരമായും സാംസ്‌കാരികപരമായും ഇന്ത്യയുമായി വളരെ ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്ന മേഖലയാണിത്. ഏകദേശം ഒമ്പത് ദശലക്ഷം ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ വലിയ പങ്ക് വഹിക്കുന്നവരാണ് അവിടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍. ഇന്ത്യയുടെ മാത്രമല്ല, ഗള്‍ഫ് രാഷ്ട്രങ്ങളുടെ അഭിവൃദ്ധിയിലും പുരോഗതിയിലും അവരുടെ പങ്ക് വളരെ വലുതാണ്. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളുടെ ഈ വലിയ പങ്കാളിത്തം ഗള്‍ഫ് നേതാക്കള്‍ ഏറെ വിലമതിക്കുന്നതായി താന്‍ എപ്പോഴും മനസിലാക്കിയിട്ടുണ്ടെന്ന് മോദി പറയുന്നു.മാത്രമല്ല ഒരു രക്ഷകര്‍ത്താവിനെ പോലെ അവര്‍ ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

കൂടാതെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ് ഗള്‍ഫ് മേഖല. ഊര്‍ജമേഖലയില്‍ കേവലമൊരു കൊടുക്കല്‍-വാങ്ങല്‍ ബന്ധത്തിന് അപ്പുറമുള്ള ബന്ധമാണ് ഗള്‍ഫ് മേഖലയുമായി ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ തന്ത്രപ്രധാന പെട്രോളിയം സംഭരണ പദ്ധതിയില്‍ യുഎഇ പങ്കാളിയായിട്ടുണ്ട്. കൂടാതെ, ഇന്ത്യയില്‍ വരാനിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ യുഎഇയും സൗദിയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ്‌മേഖലയിലെ എണ്ണപ്പാടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുമതി ലഭിച്ചിരിക്കുകയാണ്. ഇവയെല്ലാം ഗള്‍ഫുമായുള്ള ബന്ധം ഇന്ത്യയ്ക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു.

ബന്ധം

മോദി സര്‍ക്കാര്‍ രണ്ടാംതവണയും അധികാരത്തില്‍ എത്തുമ്പോള്‍ ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മികച്ച രീതിയില്‍ മുന്നേറുകയാണ്. ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള ബന്ധം കൂടുതല്‍ ഊര്‍ജിതപ്പെടുത്തുന്ന രീതിയിലുള്ള വിദേശകാര്യ നയങ്ങള്‍ രൂപപ്പെടുത്തുന്നതിന് താന്‍ പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ടെന്ന് മോദി പറയുന്നു. ഉദ്യോഗസ്ഥ തലം മുതല്‍ രാഷ്ട്രീയ തലം വരെ ഈ മേഖലയുമായി ഇന്ത്യയുണ്ടാക്കിയ കൂട്ടുകെട്ട് അത്ഭുതകരമാണ്. നിരവധി തവണ താന്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അവിടെ നിന്നുള്ള നിരവധി നേതാക്കള്‍ ഇന്ത്യയും സന്ദര്‍ശിച്ചിട്ടുണ്ട്. ലോകത്തില്‍ മറ്റേതൊരു രാജ്യങ്ങളിലെ നേതാക്കളുമായി ള്ളതിനേക്കാളും അടുപ്പവും ഊഷ്മളതയുള്ള ബന്ധവുമാണ് ഗള്‍ഫ് രാഷ്ട്രങ്ങളിലെ നേതാക്കളുമായി തനിക്കുള്ളതെന്നും മോദി വ്യക്തമാക്കുന്നു.

ഗള്‍ഫ് നേതാക്കളുമായുള്ള നിരന്തര സമ്പര്‍ക്കം ഒരു പരിധി വരെ വിദേശകാര്യ നയങ്ങളുടെ വിജയത്തിന് കാരണമായിട്ടുണ്ടെന്നും മോദി പറയുന്നു. ഈ ബന്ധത്തിന് വെല്ലിവിളിയാകുന്ന തെറ്റായ രീതിയിലുള്ള ഒരു ആശയവിനിമയമോ സംശയങ്ങളോ ഇടയില്‍ വളരാന്‍ ഇരുകൂട്ടരും അനുവദിച്ചിട്ടില്ല. എല്ലാ രാഷ്ട്രങ്ങളുമായും വളരെ തുറന്ന സമീപനമാണ് ഇന്ത്യയ്ക്കുള്ളത്. അവരുമായി മികച്ച കൂട്ടുകെട്ടും ഊഷ്മളതയും ഉണ്ടാകണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം അതിന്റെ യഥാര്‍ത്ഥ ശക്തി തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടേ ഉള്ളൂ. അന്യോന്യമുള്ള നേട്ടങ്ങള്‍ക്കപ്പുറത്തായി പൊതുവായുള്ള അയല്‍രാഷ്ട്രങ്ങള്‍ക്കും വലിയൊരു മേഖലയ്ക്ക് തന്നെയും സമാധാനവും പുരോഗതിയും സമൃദ്ധിയും കൊണ്ടുവരാന്‍ ഈ ബന്ധത്തിന് സാധിക്കുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

Comments

comments

Categories: Arabia
Tags: India-Gulf, Modi