ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 ഡീസല്‍ വിപണി വിടും

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 ഡീസല്‍ വിപണി വിടും

ഈ മാസം 20 ന് ഗ്രാന്‍ഡ് ഐ10 നിയോസ് പുറത്തിറക്കുന്നതിനുമുന്നേ ഗ്രാന്‍ഡ് ഐ10 ഡീസല്‍ വില്‍ക്കുന്നത് അവസാനിപ്പിക്കും

ന്യൂഡെല്‍ഹി : ഈ മാസം 20 നാണ് ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ നിയോസ് വരുന്നതിനുമുന്നേ ഗ്രാന്‍ഡ് ഐ10 ഡീസല്‍ വില്‍ക്കുന്നത് ദക്ഷിണ കൊറിയന്‍ കമ്പനി അവസാനിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഹാച്ച്ബാക്കിന്റെ ഡീസല്‍ വേരിയന്റുകളുടെ വില്‍പ്പനയാണ് നിര്‍ത്തുന്നത്. അതേസമയം ഗ്രാന്‍ഡ് ഐ10 മോഡലിന്റെ പെട്രോള്‍ വേരിയന്റുകള്‍ തുടര്‍ന്നും ലഭ്യമാകും. മൂന്ന് പെട്രോള്‍ വേരിയന്റുകളില്‍ മാത്രമായിരിക്കും ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 തുടര്‍ന്നും വില്‍ക്കുന്നത്.

83 എച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എന്‍ജിന്‍. സമീപഭാവിയില്‍ തന്നെ ഈ എന്‍ജിന്‍ ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റും. 5 സ്പീഡ് മാന്വല്‍ മാത്രമായിരിക്കും ഗ്രാന്‍ഡ് ഐ10 പെട്രോള്‍ മോഡലിന്റെ ഗിയര്‍ബോക്‌സ് ഓപ്ഷന്‍. ഓട്ടോമാറ്റിക് ആഗ്രഹിക്കുന്നവര്‍ ഗ്രാന്‍ഡ് ഐ10 നിയോസ് വാങ്ങേണ്ടിവരും. നിയോസിന്റെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുടെ കൂടെ എഎംടി ലഭിക്കും.

നിയോസ് വരുന്നതോടെ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 മോഡലിന്റെ വില 20,000 രൂപയോളം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്കില്‍ തല്‍ക്കാലം മാറ്റങ്ങള്‍ വരുത്തില്ല. എന്നാല്‍ പിന്നീട് സ്റ്റൈലിംഗ് പരിഷ്‌കരിക്കും. സാന്‍ട്രോ, ഗ്രാന്‍ഡ് ഐ10, എലൈറ്റ് ഐ20, ഐ20 ആക്റ്റീവ് എന്നിവ കഴിഞ്ഞാല്‍ ഹ്യുണ്ടായ് നിരയിലെ അഞ്ചാമത്തെ ഹാച്ച്ബാക്കാണ് ഗ്രാന്‍ഡ് ഐ10 നിയോസ്. മാരുതി സുസുകി സ്വിഫ്റ്റ്, ഫോഡ് ഫിഗോ, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയാണ് നിയോസിന്റെ പ്രധാന എതിരാളികള്‍.

Comments

comments

Categories: Auto