ചന്ദ്രയാന്‍-2 ചാന്ദ്ര സഞ്ചാര പഥത്തില്‍

ചന്ദ്രയാന്‍-2 ചാന്ദ്ര സഞ്ചാര പഥത്തില്‍

നാല് ഭ്രമണപഥം ഉയര്‍ത്തല്‍ കൂടി കഴിഞ്ഞാല്‍ ചന്ദ്ര ഭ്രമണപഥത്തില്‍

ചെന്നൈ: ഇന്ത്യയുടെ രണ്ടാമത് ചാന്ദ്ര പര്യവേക്ഷണ ഉപഗ്രഹമായ ചന്ദ്രയാന്‍-2 ചന്ദ്രനോട് അടുക്കുന്നു. ഇന്നലത്തെ ഭ്രമണപഥമുയര്‍ത്തല്‍ വിജയിച്ചതിനെ തുടര്‍ന്ന് ചന്ദ്രയാന്‍-2 ഭൂമിയെ ചുറ്റിയുള്ള ഭ്രമണപഥം വിട്ട് ചന്ദ്രന്റെ സ്വാധീനമേഖലയില്‍ പ്രവേശിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ 2.21 ന് ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷനിലൂടെ ഉപഗ്രഹത്തിന്റെ ദ്രവീകൃത എന്‍ജിന്‍ 1,203 സെക്കന്റ് ജ്വലിപ്പിച്ചാണ് നേട്ടം കൊവരിച്ചത്. ജൂലൈ 23 മുതല്‍ ഈ മാസം ആറ് വരെയുള്ള കാലയളവില്‍ അഞ്ച് പ്രാവശ്യമാണ് ചന്ദ്രയാനിന്റെ ഭ്രമണപഥയുയര്‍ത്തിയത്.

ഈ മാസം 20 ഓടെ ഉപഗ്രഹം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കെത്തും. ഇതിനായി ഓഗസ്റ്റ് 21, 28, 30 സെപ്റ്റംബര്‍ ഒന്ന് തീയതികളിലായി നാല് തവണ കൂടി ഭ്രമണപഥയുയര്‍ത്തല്‍ വേണ്ടിവരും. പിന്നീട് ഉപഗ്രഹത്തിന്റെ വേഗതയും അകലവും ഘട്ടം ഘട്ടമായി കുറച്ച് ചന്ദ്രന് ഏകദേശം 100 കിലോ മീറ്റര്‍ അകലത്തിലെത്തിക്കും. സെപ്റ്റംബര്‍ രണ്ടിന് വിക്രം ലാന്‍ഡര്‍, ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെടും. സെപ്റ്റംബര്‍ ഏഴിന് ലാന്‍ഡറിനുള്ളിലെ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. ബെംഗളൂരുവിലെ മിഷന്‍ ഓപ്പറേഷന്‍സ് കോപ്ലെക്‌സിലുള്ള ഐഎസ്ആര്‍ഒ ടെലിമെട്രിയിലെ ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കും ബിയാലലുവിലെ ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കും ചന്ദ്രയാനെ നിരീക്ഷിച്ചു വരികയാണ്.

Categories: FK News
Tags: chandrayan 2