യമഹയുടെ ബിഎസ് 6 ഇരുചക്ര വാഹനങ്ങള്‍ നവംബര്‍ മുതല്‍

യമഹയുടെ ബിഎസ് 6 ഇരുചക്ര വാഹനങ്ങള്‍ നവംബര്‍ മുതല്‍

നവംബറില്‍ ബിഎസ് 6 മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തിക്കും. 2020 ജനുവരിയോടെ ബിഎസ് 6 സ്‌കൂട്ടറുകളും പുറത്തിറക്കും

ന്യൂഡെല്‍ഹി : നിലവിലെ ഇരുചക്ര വാഹനങ്ങളുടെ ബിഎസ് 6 പതിപ്പുകള്‍ ഈ വര്‍ഷം നവംബര്‍ മുതല്‍ പുറത്തിറക്കുമെന്ന് യമഹ മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. നവംബറില്‍ ബിഎസ് 6 പാലിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തിക്കാനാണ് ആലോചിക്കുന്നത്. തുടര്‍ന്ന് 2020 ജനുവരിയോടെ ബിഎസ് 6 സ്‌കൂട്ടറുകളും പുറത്തിറക്കും. 2020 ഏപ്രില്‍ ഒന്നിനാണ് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നത്.

ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുന്നതോടെ ബിഎസ് 6 വേരിയന്റുകള്‍ക്ക് വില കൂടുമെന്നും യമഹ മോട്ടോര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിവിധ മോഡലുകള്‍ക്കനുസരിച്ച് 10 മുതല്‍ 15 ശതമാനം വരെ വില വര്‍ധിക്കുമെന്നാണ് യമഹ വ്യക്തമാക്കുന്നത്. ഏതെല്ലാം മോട്ടോര്‍സൈക്കിളുകളാണ് ആദ്യം ബിഎസ് 6 പാലിക്കുകയെന്ന് യമഹ വെളിപ്പെടുത്തിയില്ല.

ഇതോടൊപ്പം, തെരഞ്ഞെടുത്ത ഇരുചക്ര വാഹനങ്ങളില്‍ സൈഡ് സ്റ്റാന്‍ഡ് സ്വിച്ച് ഫീച്ചര്‍ സ്റ്റാന്‍ഡേഡായി നല്‍കുമെന്ന് യമഹ അറിയിച്ചു. സൈഡ് സ്റ്റാന്‍ഡ് പൂര്‍ണ്ണമായും പിന്‍വലിക്കുന്നതുവരെ എന്‍ജിന്‍ സ്റ്റാര്‍ട്ട് തടയുന്നതാണ് ഈ സുരക്ഷാ ഫീച്ചര്‍. കൂടാതെ, പുതിയ ലുക്ക് ലഭിക്കുന്നതിന് ഏതാനും ഇരുചക്ര വാഹനങ്ങളില്‍ പുതിയ ഗ്രാഫിക്‌സ്, നിറങ്ങള്‍ തുടങ്ങിയവ നല്‍കും.

ബിഎസ് 6 സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ ഹീറോ മോട്ടോകോര്‍പ്പാണ്. ഈ വര്‍ഷം ജൂണില്‍ ഹീറോ സ്‌പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ട് മോട്ടോര്‍സൈക്കിളിനാണ് ബിഎസ് 6 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. എന്നാല്‍ ബിഎസ് 6 പാലിക്കുന്ന ഹീറോ സ്‌പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ട് വിപണിയില്‍ ലഭിച്ചുതുടങ്ങിയിട്ടില്ല. അതേസമയം ആക്റ്റിവ 125 ആയിരിക്കും തങ്ങളുടെ ആദ്യ ബിഎസ് 6 മോഡല്‍ എന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം സെപ്റ്റംബറില്‍ വിപണിയില്‍ അവതരിപ്പിക്കും.

Comments

comments

Categories: Auto