അവര്‍ക്ക് വേണ്ടത് പിന്തുണയും ആത്മവിശ്വാസവും

അവര്‍ക്ക് വേണ്ടത് പിന്തുണയും ആത്മവിശ്വാസവും

ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങിപ്പോകുമ്പോള്‍ അവര്‍ക്ക് അകമഴിഞ്ഞ പിന്തുണയും ആത്മവിശ്വാസവും പകരാന്‍ നമുക്കാകണം

ദുരിതപ്പെയ്ത്ത് കേരളത്തിന് സമ്മാനിച്ച ദുരിതങ്ങളുടെ ആഘാതങ്ങള്‍ ഇല്ലാതാകാന്‍ കാലമെടുക്കുമെന്നത് തീര്‍ച്ച. വെള്ളമിറങ്ങി ജനങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിപ്പോകുമ്പോള്‍ സര്‍ക്കാരും സമൂഹവും അവരുടെ കൂടെയുണ്ടെന്ന തോന്നല്‍ നല്‍കാന്‍ നമുക്കാകണം. പ്രകൃതി ദുരന്തം കാരണമുണ്ടായ ഈ ബുദ്ധിമുട്ടുകളെയെല്ലാം നമുക്കൊരുമിച്ച് അതിജീവിക്കാമെന്നാണ് കഴിഞ്ഞ ദിവസം വയനാട്ടിലെ മേപ്പാടിയില്‍ മുഖ്യമന്ത്രി പറഞ്ഞത്. എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന ഒരുമയുടെ സന്ദേശമാണ് മുഖ്യമന്ത്രി നല്‍കിയത്.

എല്ലാ കാര്യങ്ങളും ഒന്നിച്ചു നിന്ന് നേരിടും. ഇതിന് സര്‍ക്കാര്‍ ഒപ്പമുണ്ടാവും. ദുരന്തത്തെ അതിജീവിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നാടിനൊപ്പം നിന്ന് സര്‍ക്കാര്‍ നേതൃത്വം നല്‍കുംഇന്നലെ മുഖ്യമന്ത്രി പറഞ്ഞു. പലവിധ പ്രയാസങ്ങളാണ് ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനാണ് ആദ്യം സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനുശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, കൃഷി നാശമുണ്ടാവര്‍, വീടുകള്‍ക്ക് കേടുപാട് സംഭവിച്ചവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. ഇവരുടെയെല്ലാം ദുരിതമകറ്റാന്‍ സര്‍ക്കാരിന്റെയും സുമനസുകളുടെയും സന്നദ്ധ സംഘടനകളുടെയുമെല്ലാം സംയുക്ത ശ്രമത്തിലൂടെ മാത്രമേ സാധ്യമാകൂ.

വെള്ളമിറങ്ങി വീടുകളിലേക്ക് മടങ്ങിയെത്തുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും കുടിവെള്ളം പോലുള്ള വിഷയങ്ങളില്‍. കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടുകള്‍ താഴ്‌ന്നെങ്കിലും വയനാട് പോലുള്ള ജില്ലകളിലെ മിക്ക ജലാശയങ്ങളും കുടിവെള്ള സ്രോതസുകളും ഉപയോഗ ശൂന്യമായിരിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുടിവെള്ളത്തിന്റെ സുരക്ഷിത ഉപയോഗത്തിന് മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.

കുടിവെളളം സൗജന്യമായി പരിശോധിച്ചു നല്‍കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ജനങ്ങള്‍ തയാറാകണം. വെള്ളത്തില്‍ രോഗകാരികളായേക്കാവുന്ന ബാക്റ്റീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം, കൊതുകുകള്‍, വിരകള്‍, അട്ടകള്‍ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ വെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുന്നതാണ് ഉചിതമെന്ന മുന്നറിയിപ്പ് തള്ളിക്കളയരുത്.

ഒപ്പം, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നത് തുടരുകയും വേണം. നിലവിലുള്ള ക്യാംപുകളിലെ ആളുകളുടെ സൗകര്യങ്ങള്‍ വിലയിരുത്തുകയും ഇല്ലാത്ത കാര്യങ്ങള്‍ എത്രയും പെട്ടെന്ന് എത്തിക്കുകയും വേണം. ആവശ്യത്തിന് ശൗചാലയങ്ങള്‍ ക്യാംപുകളില്‍ ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അതിന്റേതായ പ്രാധാന്യത്തോട് കൂടി തന്നെ ഉള്‍ക്കൊള്ളണം. ക്യാംപുകള്‍ എപ്പോഴും വൃത്തിയായി ഇരിക്കുന്നതിന് മികച്ച രീതിയിലുള്ള ശുചീകരണം വേണം. മഴക്കാലമായതിനാല്‍ ഹാളുകളിലും മറ്റും കഴിയുന്നവര്‍ക്ക് പരമാവധി പുതപ്പുകള്‍ പോലുള്ള സൗകര്യങ്ങള്‍ എത്തിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ കഴിഞ്ഞ പ്രളയത്തെ അപേക്ഷിച്ച് ഊഷ്മളത പോരെന്ന വാദങ്ങള്‍ ആദ്യം ഉയര്‍ന്നിരുന്നുവെങ്കിലും സ്‌നേഹത്തിന്റെ മറുവാക്കാകാന്‍ പിന്നീട് മലയാളികള്‍ക്ക് സാധിച്ചു. സഹജീവികളെ രക്ഷപ്പെടുത്തുന്നതിനായി സ്വജീവന്‍ ബലിയര്‍പ്പിച്ച ലിനുവും ‘ദുരിതബാധിതരുടെ സന്തോഷമല്ലേ തന്റെ ലാഭ’മെന്ന് പറഞ്ഞ നൗഷാദുമെല്ലാമാണ് കേരളത്തിന്റെ അസ്തിത്വം. അത് മറന്നുപോകരുത്. വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാന്‍ ഇറങ്ങിയ പ്രവര്‍ത്തകരെ ‘ഒന്നെന്റെ കടയിലേക്ക് വരാമോ’ എന്ന് ചോദിച്ച്, വിളിച്ചു കൊണ്ടുപോയാണ് നൗഷാദ്, വില്‍പ്പനയ്ക്കായി വച്ചിരുന്ന വസ്ത്ര ശേഖരം കൈമാറിയത്. പുതു വസ്ത്രങ്ങള്‍ ചാക്കുകളില്‍ കെട്ടിയാണ് പ്രവര്‍ത്തകര്‍ അവിടെ നിന്നിറങ്ങിയത്. ഇതേ മനോഭാവത്തോട് കൂടിയാരിക്കണം വരും ദിവസങ്ങളിലും നമ്മള്‍ ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കേണ്ടത്.

Categories: Editorial, Slider