ഇന്ത്യയിലെ ആദ്യ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കീ ട്രാക്ക്‌ഹോക് സ്വന്തമാക്കി ധോണി

ഇന്ത്യയിലെ ആദ്യ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കീ ട്രാക്ക്‌ഹോക് സ്വന്തമാക്കി ധോണി

മറ്റ് നിരവധി ഹൈ-പെര്‍ഫോമന്‍സ് കാറുകളും മോട്ടോര്‍സൈക്കിളുകളും മഹിയുടെ ഗാരേജില്‍ കാണാം

ന്യൂഡെല്‍ഹി : കാറുകളോടും മോട്ടോര്‍സൈക്കിളുകളോടും മഹേന്ദ്ര സിംഗ് ധോണിക്കുള്ള കമ്പം പ്രസിദ്ധമാണ്. കശ്മീരില്‍ ധോണി സൈനിക സേവനം നടത്തുന്നതിനിടെ ഭാര്യ സാക്ഷി സിംഗ് ട്വിറ്ററിലൂടെ വെടിപൊട്ടിച്ചിരിക്കുന്നു. ക്രിക്കറ്റ് താരത്തിന്റെ ഗാരേജിലെ പുതിയ അംഗത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സാക്ഷി സിംഗ്.

ഇന്ത്യയിലെ ആദ്യ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കീ ട്രാക്ക്‌ഹോക് നമ്മുടെ ഗാരേജിലെത്തി എന്ന വിവരമാണ് ലോകം മുഴുവന്‍ കേള്‍ക്കേ മഹിയോടായി ട്വിറ്ററിലൂടെ വിളിച്ചുപറഞ്ഞത്. മഹിയുടെ ‘കളിപ്പാട്ടം’ വീട്ടിലെത്തിയെന്നും നിങ്ങളെ ശരിക്കും മിസ് ചെയ്യുന്നുവെന്നും ട്വിറ്റര്‍ പോസ്റ്റിലൂടെ സാക്ഷി സിംഗ് പരിഭവം പ്രകടിപ്പിച്ചു. ഇന്ത്യയിലെ ആദ്യ ട്രാക്ക്‌ഹോക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ സ്വന്തമാക്കിയിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള ജീപ്പ് ഗ്രാന്‍ഡ് ചെറോക്കീ ട്രാക്ക്‌ഹോക്ക്.

6.2 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് ഹെമി വി8 എന്‍ജിനാണ് ജീപ്പ് ഗ്രാന്‍ഡ് ചെറോക്കീ ട്രാക്ക്‌ഹോക്കിന്റെ ഹൃദയം. ഡോഡ്ജ് ചാര്‍ജര്‍ ഹെല്‍ക്യാറ്റ്, ഡോഡ്ജ് ചാലഞ്ചര്‍ തുടങ്ങിയ പ്രശസ്ത പെര്‍ഫോമന്‍സ് കാറുകളിലും തുടിക്കുന്നത് ഇതേ എന്‍ജിനാണ്. 700 ബിഎച്ച്പി പരമാവധി കരുത്തും 875 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഈ മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 3.62 സെക്കന്‍ഡ് മാത്രം മതി. ലോകത്തെ അതിവേഗ പ്രൊഡക്ഷന്‍ എസ്‌യുവികളിലൊന്നാണ് ജീപ്പ് ഗ്രാന്‍ഡ് ചെറോക്കീ ട്രാക്ക്‌ഹോക്.

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന 8.4 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, നാപ്പ ലെതര്‍, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവ വാഹനത്തിനകത്തെ ഫീച്ചറുകളാണ്.

ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം, 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയും ജീപ്പ് ഗ്രാന്‍ഡ് ചെറോക്കീയുടെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് വേര്‍ഷനില്‍ നല്‍കിയിരിക്കുന്നു. ജീപ്പിന്റെ കഴിവുറ്റ സെലക്-ടെറെയ്ന്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ക്വാഡ്ര-ട്രാക് 2 ഗ്രിപ്പ് കണ്‍ട്രോള്‍, ഇലക്ട്രോണിക് ലിമിറ്റഡ് സ്ലിപ്പ് ഡിഫ്രന്‍ഷ്യല്‍, ഹില്‍ അസെന്റ് ആന്‍ഡ് ഡിസെന്റ് കണ്‍ട്രോള്‍ എന്നിവയോടെയാണ് ജീപ്പ് ഗ്രാന്‍ഡ് ചെറോക്കീ ട്രാക്ക്‌ഹോക് വരുന്നത്.

മറ്റ് നിരവധി ഹൈ-പെര്‍ഫോമന്‍സ് കാറുകളും മോട്ടോര്‍സൈക്കിളുകളും മഹേന്ദ്ര സിംഗ് ധോണി സ്വന്തമാക്കിയിട്ടുണ്ട്. ഫെറാറി 599 ജിടിഒ, ഹമ്മര്‍ എച്ച്2, ജിഎംസി സിയറ, കാവസാക്കി നിഞ്ച എച്ച്2, കോണ്‍ഫെഡറേറ്റ് ഹെല്‍ക്യാറ്റ്, ബിഎസ്എ, സുസുകി ഹയബൂസ, നോര്‍ട്ടണ്‍ വിന്റേജ് മോട്ടോര്‍സൈക്കിള്‍ എന്നിവ മഹിയുടെ കളിപ്പാട്ടങ്ങളില്‍ ചിലതുമാത്രമാണ്.

Comments

comments

Categories: Auto