ബിഎംഡബ്ല്യു പ്ലാറ്റ്ഫോമില്‍ ജെഎല്‍ആര്‍ ചെറിയ എസ്യുവികള് നിര്‍മ്മിക്കും

ബിഎംഡബ്ല്യുവിന്റെ എഫ്എഎആര് എന്ന പുതിയ പ്ലാറ്റ്ഫോം ഉപയോഗിക്കും
ലണ്ടന്‍ : ബിഎംഡബ്ല്യു പ്ലാറ്റ്ഫോമില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ചെറിയ എസ്യുവികള് നിര്‍മ്മിക്കും. പുതിയ നീക്കത്തോടെ, ഇരു വാഹന നിര്‍മ്മാതാക്കളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടും. ഇലക്ട്രിക് ഡ്രൈവ് യൂണിറ്റ് (ഇഡിയു) വികസിപ്പിക്കുന്നതിനാണ് രണ്ട് കമ്പനികളും തമ്മില്‍ നേരത്തെ കരാറിലെത്തിയത്. ഇതേതുടര്‍ന്ന്, ഈയിടെ ബ്രിട്ടീഷ് ഓട്ടോമോട്ടീവ് കമ്പനിയും ജര്‍മ്മന്‍ കമ്പനിയും തമ്മിലുള്ള സഖ്യം വിപുലീകരിച്ചിരുന്നു. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ 4 സിലിണ്ടര്‍, 6 സിലിണ്ടര്‍ ആന്തരിക ദഹന എന്‍ജിനുകള്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന് വിതരണം ചെയ്യുമെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവരുന്നു.
ചെറിയ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ബിഎംഡബ്ല്യു പ്ലാറ്റ്ഫോം ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഉപയോഗിക്കുമെന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവവികാസം. ഒരു ചെറിയ എസ്യുവി, അതേ വലുപ്പമുള്ള ക്രോസ്ഓവര്‍ കൂപ്പെ എന്നീ രണ്ട് പുതിയ മോഡലുകളാണ് ജാഗ്വാര്‍ പരിഗണിക്കുന്നത്. പുതിയ വാഹനങ്ങള്‍ പുറത്തിറക്കുന്നതിലൂടെ വില്‍പ്പനയിലെ മാന്ദ്യം മറികടക്കാമെന്ന് ജാഗ്വാര്‍ കരുതുന്നു. ബിഎംഡബ്ല്യുവിന്റെ എഫ്എഎആര് എന്ന പുതിയ പ്ലാറ്റ്ഫോമായിരിക്കും രണ്ട് ചെറിയ ജാഗ്വാറുകളും അടിസ്ഥാനമാക്കുന്നത്. രണ്ട് കാറുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചു. 2025 ഓടെ ഉല്‍പ്പാദനം ആരംഭിക്കും. പുതിയ ബിഎംഡബ്ല്യു 1 സീരീസ് പോലെ ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡലുകളായിരിക്കും ഇവ. ജാഗ്വാര്‍ എസ്യുവികള്‍ക്ക് സാധാരണ നല്‍കിവരുന്ന പേസ് എന്ന നാമം പുതിയ മോഡലുകളും സ്വീകരിച്ചേക്കും.
നിലവിലെ ഇ-പേസിനേക്കാള്‍ ഉയരവും നീളവും കുറഞ്ഞതായിരിക്കും ജാഗ്വാറിന്റെ നിര്‍ദ്ദിഷ്ട ചെറിയ എസ്യുവി. കൂടുതല്‍ ആധുനിക സ്റ്റൈലിംഗ് നല്കി ബേബി എസ്യുവി വിപണിയിലെത്തിക്കും. കാഴ്ച്ചയില്‍ ജാഗ്വാര്‍ ഐ-പേസുമായി സാമ്യമുണ്ടായിരിക്കും. ബിഎംഡബ്ല്യു എക്സ്2 സബ്കോംപാക്റ്റ് എസ്യുവിയുടെ അതേ ആകാരവടിവ് നല്‍കിയായിരിക്കും ജാഗ്വാര്‍ ക്രോസ്ഓവര്‍ കൂപ്പെ നിര്‍മ്മിക്കുന്നത്. ജര്‍മ്മന്‍ കമ്പനിയുടെ ഫ്രണ്ട് വീല്‍ ഡ്രൈവ് പ്ലാറ്റ്ഫോമില്‍ ജാഗ്വാര്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ മോഡല്‍ ഈ ചെറിയ ആഡംബര 5 ഡോര്‍ വാഹനമായിരിക്കും.
റേഞ്ച് റോവര്‍ ഇവോക്ക്, ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട്ട് എന്നിവയുടെ അടുത്ത തലമുറ പതിപ്പുകളും ബിഎംഡബ്ല്യു പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കാന്‍ സാധ്യത ഏറെയാണ്. അടുത്ത തലമുറ മിനി കണ്ട്രിമാന്, ബിഎംഡബ്ല്യു എക്സ്1 മോഡലുകളുടെ ബ്രിട്ടീഷ് സഹോദരങ്ങളായിരിക്കും അടുത്ത തലമുറ റേഞ്ച് റോവര്‍ ഇവോക്ക്, ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട്ട് എന്നിവ. 2025 ഓടെയാണ് അടുത്ത തലമുറ റേഞ്ച് റോവര്‍ ഇവോക്ക്, ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട്ട് മോഡലുകള്‍ പുറത്തിറക്കുന്നത്.
ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പിടിഎ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് രണ്ടാം തലമുറ ഇവോക്ക് ഈ വര്‍ഷമാദ്യം വിപണിയിലെത്തിച്ചത്. ബിഎംഡബ്ല്യു പ്ലാറ്റ്ഫോമില്‍ മൂന്നാം തലമുറ ഇവോക്ക് നിര്‍മ്മിക്കുന്നത് 2020 കളുടെ അവസാനത്തിലായിരിക്കും. ഇതോടെ ഉല്‍പ്പാദന ചെലവുകള്‍ കുറയ്ക്കാനും ജെഎല്‍ആര്‍/ബിഎംഡബ്ല്യു വികസിപ്പിക്കുന്ന പുതിയ ഇലക്ട്രിക് പവര്‍ട്രെയ്നുകള്‍ ഉപയോഗിക്കാനും കഴിയും. നിലവിലെ ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട്ട് ഈ വര്‍ഷമാദ്യമാണ് വിറ്റുതുടങ്ങിയത്. 2025 ഓടെ അടുത്ത തലമുറ ഡിസ്കവറി സ്പോര്‍ട്ട് പുറത്തിറക്കും. ബിഎംഡബ്ല്യു പ്ലാറ്റ്ഫോം ഉപയോഗിച്ചായിരിക്കും പുതിയ ഡിസ്കവറി സ്പോര്‍ട്ട് നിര്‍മ്മിക്കുന്നത്.
ബ്രിട്ടീഷ്, ജര്‍മ്മന്‍ കമ്പനികള്‍ തമ്മിലുള്ള സഹകരണം ലാന്‍ഡ് റോവറിന്റെ പുതിയ എന്‍ട്രി ലെവല്‍ മോഡലിനും വഴിതെളിക്കും. ഫ്രീലാന്‍ഡര്‍ എന്ന പേരിലായിരിക്കും ലാന്‍ഡ് റോവറിന്റെ പുതിയ എന്‍ട്രി ലെവല്‍ മോഡല്‍ വിപണിയിലെത്തുന്നത്. 5 ഡോര്‍ വാഹനമായിരിക്കും ലാന്‍ഡ് റോവറിന്റെ ഈ എന്‍ട്രി ലെവല്‍ കോംപാക്റ്റ് മോഡല്‍. 1948 മോഡല്‍ ഒറിജിനല്‍ ലാന്‍ഡ് റോവറിന്റെയും പുതിയ ഡിഫന്ഡറിന്റെയും സ്റ്റൈലിംഗ് സ്വീകരിക്കും.