സെലിയാക് രോഗം തിരിച്ചറിയാന്‍ രക്തപരിശോധന

സെലിയാക് രോഗം തിരിച്ചറിയാന്‍ രക്തപരിശോധന

ലോകത്ത് ആദ്യമായാണ് ഈ ഉദരരോഗം രക്തത്തിലൂടെ തിരിച്ചറിയാന്‍ കഴിയുമെന്ന് മനസിലാക്കുന്നത്

സെലിയാക് രോഗം ഒരു ജനിതകരോഗമാണ്. പ്രതിരോധശേഷിയെ തകര്‍ക്കുന്ന ഈ രോഗം ഉള്ളവര്‍ ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ ചെറുകുടലിനെ ബാധിക്കുന്നു. ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒരു തരം മാംസ്യം ആണ് ഗ്ലൂട്ടന്‍. ലോകജനസംഖ്യയില്‍ 100 ല്‍ ഒരാള്‍ക്ക് ഈ അസുഖം ബാധിക്കുന്നു. രോഗനിര്‍ണ്ണയം യഥാവിധി നടത്താത്തതിനാല്‍ രണ്ടര മില്യണ്‍ അമേരിക്കക്കാര്‍ ഇതിനോടനുബന്ധിച്ചുള്ള മറ്റു വിഷമതകളാല്‍ അപകടത്തിന്റെ വക്കിലാണ്. ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണം ചെറുകുടലില്‍ എത്തിയാല്‍ ചെറുകുടല്‍ പെട്ടെന്നു തന്നെ പ്രതികരിക്കുകയും അതിന്റെ സ്തരം തകരാറിലാകുകയും ചെയ്യുന്നു. ചെറുകുടലിന്റെ തകരാര്‍ ഭക്ഷണത്തിലെ കൊഴുപ്പുകള്‍, കാത്സ്യം, ഇരുമ്പ്, ഫോളേറ്റ് തുടങ്ങിയ പോഷകഘടകങ്ങളെ ആഗിരണം ചെയ്യുന്നതു തടയുന്നു.

സെലിയാക് രോഗം നിര്‍ണ്ണയത്തിനുള്ള നൂതനമായ ഒരു രക്തപരിശോധനയാണ് പുതിയ ഗവേഷണത്തില്‍ കണ്ടെത്തിയത്. രോഗികളില്‍ ഗ്ലൂട്ടന്‍ എത്തുന്നത് രക്തപ്രവാഹത്തിലെ ചില കോശജ്വലന തന്മാത്രകളുടെ വര്‍ദ്ധനവിന് കാരണമാകുമെന്ന് ഗവേഷകര്‍ കണ്ടെത്തി. നിലവിലെ രീതിയില്‍ രോഗനിര്‍ണ്ണയത്തിന് ആഴ്ചകളോ മാസങ്ങളോ എടുക്കുന്നുണ്ട്. ചികിത്സാകാലയളവില്‍ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നു. ഒരു രക്തപരിശോധനയിലൂടെ സമയം മണിക്കൂറുകളായി കുറയ്ക്കാം. രോഗനിര്‍ണ്ണയത്തിനും കൂടുതല്‍ അനുയോജ്യമായ ചികിത്സകള്‍ തയാറാക്കാനും ഇത് സഹായിക്കുന്നു. വേള്‍ഡ് ഗ്യാസ്‌ട്രോഎന്‍ട്രോളജി ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം പാശ്ചാത്യ രാജ്യങ്ങളിലെ ഒരുശതമാനം വരുന്ന ആളുകളെ ബാധിക്കുന്ന ആജീവനാന്ത രോഗമാണ് സെലിയാക് രോഗം.

സെലിയാക് രോഗികളില്‍ ഗോതമ്പ്, അരി, ബാര്‍ലി, പാസ്ത, ബ്രെഡ് തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടണ്‍ എന്ന് മാംസ്യമാണ് കുഴപ്പമുണ്ടാക്കുന്നത്. എന്ന പ്രോട്ടീന്‍ പ്രതികൂലമാണ്. ഗ്ലൂട്ടണിന്റെ സാന്നിദ്ധ്യം ചെറുകുടലിനെ ആക്രമിക്കുന്നു. ഇത് ദഹനവ്യവസ്ഥയെ നശിപ്പിക്കുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യുന്നു. വേദന, വയറിളക്കം, ഛര്‍ദ്ദി, ഭക്ഷണാവശിഷ്ടങ്ങളില്‍ കൊഴുപ്പിന്റെ സാന്നിധ്യം, ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളര്‍ച്ച, ശരീരഭാരം കുറയല്‍ എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. കുട്ടികളില്‍, ഇത് പോഷകക്കുറവിന് ഇടയാക്കും. കൂടാതെ
വളര്‍ച്ചാപ്രശ്‌നങ്ങള്‍, കോച്ചിപ്പിടിത്തം, കാത്സ്യത്തിന്റെ കുറവ്, വായില്‍ കുരുക്കള്‍ ഉണ്ടാകുക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. സെലിയാക് രോഗമുള്ളവര്‍ ജീവിതകാലം മുഴുവന്‍ ഗ്ലൂട്ടന്‍ മുക്ത ഭക്ഷണക്രമം പിന്തുടരേണ്ടി വരുന്നു.

ഇതൊരു പാരമ്പര്യ രോഗമാണ്. സാധാരണഗതിയില്‍ ശരീരത്തിന്റെ പ്രതിരോധസംവിധാനം അന്യവസ്തുക്കളെ സ്വയം പുറന്തള്ളുന്ന രീതിയിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ സെലിയാക് രോഗം ബാധിച്ചവര്‍ ഗ്ലൂട്ടണ്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അവരുടെ പ്രതിരോധസംവിധാനം സ്വയം പ്രവര്‍ത്തനസജ്ജമാകുകയും ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. ഈ ആന്റിബോഡികള്‍ ചെറുകുടലിന്റെ ലൈനിങ്ങിനെ ആക്രമിക്കുന്നു. ഇതുകാരണം ചെറുകുടലില്‍ അമ്ലത ഉണ്ടാകുകയും ചെറുകുടലിന്റെ ഭിത്തിയിലെ മുടിയിഴകള്‍ പോലെയുള്ള സ്തരത്തെ തകരാറിലാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിലെ പോഷകങ്ങളെ സാധാരണഗതിയില്‍ വലിച്ചെടുക്കുന്ന ഭാഗമാണിത്. ഈ സ്തരം തകരാറിലായാല്‍ ശരീരത്തിന് ഭക്ഷണത്തില്‍ നിന്നു പോഷകങ്ങള്‍ കിട്ടാതെ വരുന്നു. അങ്ങനെ പോഷകാഹാരക്കുറവിനാല്‍ വ്യക്തി ക്ഷീണിക്കുകയും കൂടുതല്‍ ഭക്ഷണം കഴിച്ചാലും ക്ഷീണം മാറാതെയിരിക്കുകയും ചെയ്യുന്നു.

സെലിയാക് രോഗമുള്ളവരിലേക്ക് ഗ്ലൂട്ടണ്‍ പെപ്‌റ്റൈഡുകള്‍ കുത്തിവയ്ക്കുന്നത് ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളിലേക്കും ചില രോഗപ്രതിരോധ തന്മാത്രകള്‍ ഉയരുന്നതിലേക്കും എത്തിച്ചതായി കണ്ടെത്തി. അമിനോ ആസിഡുകളുടെ ചെറിയ ചങ്ങലകളാണ് പെപ്‌റ്റൈഡുകള്‍. ഈ പ്രതികരണം ഒരു അണുബാധ ഉണ്ടാകുമ്പോള്‍ സംഭവിക്കുന്നതിനു സമാനമാണ്. സെലിയാക് രോഗികള്‍ക്ക് ഗ്ലൂട്ടണ്‍ വലിയ ആപത്താണ്. ചികിത്സാ പരീക്ഷണത്തിനിടെ ശാസ്ത്രജ്ഞര്‍ കോശജ്വലന തന്മാത്രകളെ തിരിച്ചറിഞ്ഞു. ഗ്ലൂട്ടണ്‍ പെപ്‌റ്റൈഡുകളുടെ കുത്തിവെപ്പ് രക്തത്തിലെ രോഗാണുക്കളുടെ ഉയര്‍ന്ന അളവുകളുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളിലേക്ക് നയിച്ചത് എങ്ങനെയെന്ന് കണ്ടെത്തി. രോഗനിര്‍ണയം നടത്താതെ ഗ്ലൂട്ടണ്‍ ഭക്ഷണക്രമം പിന്തുടരുന്നവര്‍ക്ക് രക്തപരിശോധന ആവശ്യമാണ്. ഇതിലൂടെ രോഗം വന്നവരുടെ സംരക്ഷണം സാധ്യമാക്കാനാകും.

Categories: Health