ബജാജ് പള്‍സര്‍ 125 നിയോണ്‍ പുറത്തിറക്കി

ബജാജ് പള്‍സര്‍ 125 നിയോണ്‍ പുറത്തിറക്കി

ഡ്രം ബ്രേക്ക് വേരിയന്റിന് 64,000 രൂപയും ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 66,618 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ബജാജ് പള്‍സര്‍ 125 നിയോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പള്‍സര്‍ കുടുംബത്തിലെ 125 സിസി മോട്ടോര്‍സൈക്കിള്‍ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. ഡ്രം ബ്രേക്ക് വേരിയന്റിന് 64,000 രൂപയും ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 66,618 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പള്‍സര്‍ കുടുംബത്തില്‍ പള്‍സര്‍ 150 നിയോണിന് താഴെയായിരിക്കും പള്‍സര്‍ 125 നിയോണിന് സ്ഥാനം. നിയോണ്‍ ബ്ലൂ (മാറ്റ് ബ്ലാക്ക് ബോഡി) സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ പള്‍സര്‍ 125 നിയോണ്‍ ലഭിക്കും.

ആഗോളതലത്തില്‍ എന്‍എസ് 125 എന്ന 125 സിസി മോട്ടോര്‍സൈക്കിള്‍ ബജാജ് വിറ്റുവരുന്നുണ്ട്. ഈ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പള്‍സര്‍ എന്ന ബ്രാന്‍ഡിന് ഇന്ത്യയിലുള്ള ജനപ്രീതി കണക്കിലെടുത്താണ് പള്‍സര്‍ 125 നിയോണ്‍ നിര്‍മ്മിച്ച് പുറത്തിറക്കിയത്. ഹാര്‍ഡ് വെയര്‍, സ്‌റ്റൈലിംഗ് എന്നിവയുടെ കാര്യത്തില്‍ പള്‍സര്‍ 150 നിയോണ്‍ അടിസ്ഥാനമാക്കിയിരിക്കുന്നു. സിംഗിള്‍ സീറ്റ് ഡിസൈന്‍ നല്‍കി. പള്‍സര്‍ കുടുംബത്തില്‍നിന്ന് ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മോട്ടോര്‍സൈക്കിളാണ് പള്‍സര്‍ 125 നിയോണ്‍.

124.38 സിസി, സിംഗിള്‍ സിലിണ്ടര്‍, 2 വാല്‍വ്, എയര്‍ കൂള്‍ഡ്, ഡിടിഎസ്-ഐ എന്‍ജിനാണ് പള്‍സര്‍ 125 നിയോണ്‍ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 11.8 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 11 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഉയര്‍ന്ന വേഗതകളില്‍പ്പോലും സുഗമമായി പ്രവര്‍ത്തിക്കുന്നതാണ് കൗണ്ടര്‍ ബാലന്‍സ്ഡ് എന്‍ജിന്‍. 5 സ്പീഡ് ഗിയര്‍ബോക്‌സ് നല്‍കിയിരിക്കുന്നു. എന്നാല്‍ ക്ലച്ച് പിടിച്ചാല്‍ ഏത് ഗിയറിലായിരിക്കുമ്പോഴും മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയും.

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. 17 ഇഞ്ച് വ്യാസമുള്ള ചക്രങ്ങളിലാണ് മോട്ടോര്‍സൈക്കിള്‍ വരുന്നത്. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം സുരക്ഷാ ഫീച്ചറാണ്. 139.5 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്.

Comments

comments

Categories: Auto